ad
Deshabhimani

കെ സി വേണുഗോപാലിനെതിരെ അധിക്ഷേപ പോസ്റ്റുകൾ; അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

K C VENUGOPAL COVER
വെബ് ഡെസ്ക്

Published on Sep 28, 2026, 09:58 AM | 1 min read

ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചെന്ന പരാതിയിൽ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാവും അഭിഭാഷകനുമായ ജോൺസൺ എബ്രഹാമിന്റെ പരാതിയിലാണ് നടപടി. പരാതി നൽകി രണ്ടുമാസത്തിനുശേഷമാണ് കേസെടുക്കുന്നത്.


കെ സി വേണുഗോപാലിനെതിരെ അപകീർത്തികരവും അധിക്ഷേപകരവുമായ ഫേസ്ബുക്ക് പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജോൺസൺ എബ്രഹാം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സൈബർ ആക്രമണം നടത്തിയതായി ചൂണ്ടിക്കാട്ടിയ അഞ്ച് സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങളും പരാതിക്കൊപ്പം കൈമാറിയിരുന്നു.


എന്നാൽ പരാതി നൽകി രണ്ടുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വീണ്ടും പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരം സൈബർ വിഭാഗം ഐജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും പിന്നാലെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് കേസെടുക്കുകയും ചെയ്യുകയായിരുന്നു.


കെ സി വേണുഗോപാലിനെതിരായ അധിക്ഷേപ സമൂഹമാധ്യമ പോസ്റ്റുകളിൽ നടപടി വൈകിയതും ചർച്ചയായിട്ടുണ്ട്. കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന്റെയും വി ഡി സതീശന്റെയും പേരുകൾ ചർച്ചയായിരുന്ന ഘട്ടത്തിലായിരുന്നു വേണുഗോപാലിനെതിരെ സതീശന്‍ അനുകൂലികള്‍ സമൂഹമാധ്യമങ്ങളിൽ വിവിധ പോസ്റ്റുകൾ പ്രചരിപ്പിച്ചത്.


വി ഡി സതീശനെതിരെ സമൂഹമാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളും ഉള്ളടക്കങ്ങളും മെറ്റയെ കൊണ്ട് ഉടനടി നീക്കം ചെയ്യിക്കുകയും, അത് പങ്കുവെക്കുന്നവർക്കെതിരെ അതിവേഗം കേസെടുത്ത് നടപടി സ്വീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എഐസിസി ജനറൽ സെക്രട്ടറിക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ കണ്ണടച്ചത് എന്നതും ശ്രദ്ധേയമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home