Deshabhimani

print edition കുസാറ്റിലെ അന്യായ സസ്പെൻഷൻ പിൻവലിക്കണം: എഫ്‌യുടിഎ

FUTA
വെബ് ഡെസ്ക്

Published on Oct 10, 2026, 12:00 AM | 1 min read

തിരുവനന്തപുരം : എംപ്ലോയീസ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാലിനെയും കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ മൂന്ന് നേതാക്കളെയും സസ്പെൻഡ്‌ ചെയ്ത കുസാറ്റ് സിൻഡിക്കറ്റിന്റെ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻസ്. സർവീസ് ചട്ടങ്ങളും സ്വാഭാവിക നീതിയും അവഗണിച്ച നടപടി വിസി അംഗീകരിച്ചത് ഗുരുതര വീഴ്ചയാണ്‌. 2008-ൽ നിയമാനുസൃതമായി സർവകലാശാല നടത്തിയ സ്വീപ്പർ നിയമനവുമായി ബന്ധപ്പെട്ട പഴയ പരാതി കുത്തിപ്പൊക്കിയെടുത്താണ് നടപടി. പ്രസ്തുത റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഒരാളുടെ പരാതിയിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന്‌ കണ്ടെത്തിയിരുന്നു. ഇ‍ൗ പഴയ പരാതി പൊടിതട്ടിയെടുത്താണ്‌ ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം തേടാതെ സസ്‌പെൻഷൻ നടപടിയുണ്ടായത്‌. ഭരണപരമായ അധികാരം ഉപയോഗിച്ച് ജീവനക്കാരുടെ സംഘടനാ പ്രവർത്തനങ്ങളെയും നേതൃത്വത്തെയും ഭയപ്പെടുത്തി നിശ്ശബ്ദമാക്കാമെന്നത് വ്യാമോഹമാണ്‌. അന്യായ സസ്പെൻഷൻ നടപടി പിൻവലിക്കണമെന്ന്‌ എഫ്‌യുടിഎ ജനറൽ സെക്രട്ടറി ഡോ. എസ് നസീബും പ്രസിഡന്റ് ഡോ. ഹരികുമാരൻ തമ്പിയും പ്രസ്താവനയിൽ പറഞ്ഞു.


എഫ്എസ്ഇടിഒ

തിരുവനന്തപുരം : കുസാറ്റിലെ നിയമവിരുദ്ധമായ സസ്‌പെൻഷനുകൾ പിൻവലിക്കണമെന്ന് എഫ്എസ്ഇടിഒ ആവശ്യപ്പെട്ടു. 18 വർഷങ്ങൾക്കുമുമ്പ് നടന്ന സ്വീപ്പർ നിയമനം സംബന്ധിച്ച വിജിലൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് നാല് സംഘടനാ നേതാക്കളെ യുഡിഎഫ് അനുകൂല സിൻഡിക്കറ്റ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ പ്രക്ഷോഭങ്ങളിലൂടെയും നിയമവ്യവഹാരങ്ങളിലൂടെയും ചെറുത്തുനിൽക്കുന്നതിൽ സർവകലാശാലാ ജീവനക്കാർ മുഖ്യപങ്കാണ് വഹിക്കുന്നത്. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ സർവകലാശാലകളിൽ ചാൻസലറെ മുൻനിർത്തിയുള്ള സംഘപരിവാർ അധിനിവേശത്തിന് ഒത്താശ ചെയ്യുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും എഫ്എസ്ഇടിഒ പ്രസിഡന്റ്‌ ടി കെ എ ഷാഫിയും ജനറൽ സെക്രട്ടറി എം വി ശശിധരനും ആവശ്യപ്പെട്ടു.


കെഎസ്‌ടിഎ

തിരുവനന്തപുരം : കസാറ്റിൽ നാല് സംഘടനാ നേതാക്കളെ രാഷ്ട്രീയപ്രേരിതമായി സസ്‌പെന്‍ഡ് ചെയ്ത സിന്‍ഡിക്കറ്റിന്റെ നടപടിയില്‍ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. സര്‍വകലാശാലയിലെ ഭരണസംവിധാനത്തെ രാഷ്ട്രീയപകപോക്കലിനുള്ള ആയുധമാക്കുന്ന പ്രവണത ചെറുക്കപ്പെടേണ്ടതാണ്‌. സസ്‌പെന്‍ഷന്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന്‌ കെഎസ്ടിഎ പ്രസിഡന്റ് എ കെ ബീനയും ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫിയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home