'നാമനിർദേശ പത്രികയിലും സതീശന്റെ നുണ; നിയമനടപടി സ്വീകരിക്കും'

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിർദേശ പത്രികയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു. നിയമവശങ്ങൾ പരിശോധിച്ച് എൽഡിഎഫും സിപിഐ എമ്മും ഇക്കാര്യത്തിൽ തുടർനടപടിയെടുക്കുമെന്നും സതീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
നാമനിർദേശ പത്രികയിലും വലിയ നുണകൾ പറഞ്ഞിരിക്കുകയാണ് സതീശൻ. ജനങ്ങളോട് സത്യസന്ധമായി കാര്യങ്ങൾ പറയേണ്ട അദ്ദേഹം അവരെ പറ്റിച്ചു. നാമനിർദേശ പത്രികക്ക് ഒപ്പം നൽകിയ സത്യവാങ്മൂലത്തിൽ അദ്ദേഹത്തിന്റെയും ഭാര്യയുടെയും പേരിലുള്ള സ്വർണത്തിന്റെ മൂല്യം ഒരുകോടിയിലേറെ കുറച്ചാണ് കാണിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവ്, അഭിഭാഷകൻ എന്നീ നിലകളിലുള്ള വരുമാനം വ്യക്തമാക്കിയിട്ടില്ല. വാഹനത്തിന്റെ പിഴയെ കുറിച്ചും പറഞ്ഞിട്ടില്ല. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് മുന്നിൽ എൽഡിഎഫിന്റെ വാദങ്ങൾ ശക്തമായി അവതരിപ്പിച്ചിരുന്നു. എങ്ങനെയും അധികാരത്തിൽ എത്തുകയെന്ന ലക്ഷ്യങ്ങളോടെ നുണകൾ ആവർത്തിക്കുകയാണ് സതീശൻ. അദ്ദേഹത്തിന്റേത് സത്യവാങ്ങ്‌മൂലമല്ല അസത്യവാങ്ങ്‌മൂലമാണെന്നും സതീഷ് പറഞ്ഞു.










0 comments