പരീക്ഷ അലങ്കോലമാക്കൽ: ഭരണം കിട്ടിയെന്നതിനാൽ എന്തുമാകാമെന്ന് കോൺഗ്രസ് കരുതരുത്- കെ കെ രാഗേഷ്

കെ കെ രാഗേഷ്
കണ്ണൂർ: ഭരണം കിട്ടിയെന്നതിനാൽ വ്യവസ്ഥാപിത രീതിയും നിയമവും കാറ്റിൽപ്പറത്തി എന്തുമാകാമെന്ന് കോൺഗ്രസും പോഷക സംഘടനകളും ധരിക്കരുതെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രസ്‌താവനയിൽ പറഞ്ഞു. ജില്ലാ പൊലീസ് സഹകരണ സംഘത്തിൽ നിയമനത്തിനായുള്ള പരീക്ഷ കെഎസ്‌യുക്കാർ തടസപ്പെടുത്തി. സംഘം സെക്രട്ടറിയെയും പരീക്ഷാ നടത്തിപ്പുകാരെയും കൈയേറ്റം ചെയ്‌ത് ചോദ്യപേപ്പർ കീറിയെറിഞ്ഞു. നിയമവിരുദ്ധമായ ഇത്തരം കാര്യങ്ങൾക്ക് രാഷ്ട്രീയ നേതൃത്വവും ഒത്താശ ചെയ്യുകയാണ്.
ചട്ടപ്രകാരം പത്രപ്പരസ്യം നൽകി, യോഗ്യരായവർക്കെല്ലാം ഹാൾടിക്കറ്റ് അയച്ച്, സഹകരണവകുപ്പിന്റെ അനുമതിയുള്ള ഏജൻസിയാണ് പരീക്ഷ നടത്തിയത്. ഹാൾടിക്കറ്റില്ലാത്തയാളോട് ഓഫീസുമായി ബന്ധപ്പെടാൻ പറഞ്ഞപ്പോഴാണ് കെഎസ്‌യുക്കാർ സംഘടിച്ചെത്തി ബഹളമുണ്ടാക്കിയത്. യുഡിഎഫുകാർ ലിസ്‌റ്റിട്ട് സ്ഥലംമാറ്റം നടത്തുന്നതിൽ ജീവനക്കാർ പ്രതിഷേധമുയർത്തുന്ന ഘട്ടത്തിലാണ് വ്യവസ്ഥാപിത രീതിയിലുള്ള നിയമനപ്പരീക്ഷ അലങ്കോലപ്പെടുത്തിയത്. ഇതിനെതിരെ കർശന നിയമ നടപടിയുണ്ടാകണമെന്ന് രാഗേഷ് പറഞ്ഞു.










0 comments