Deshabhimani

പരിസ്ഥിതിലോല മേഖല; ഇടുക്കിയിൽ ഹർത്താൽ ആചരിച്ച് സിപിഐ എം

ESA

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 16, 2026, 02:43 PM | 1 min read

ചെറുതോണി: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട ആശങ്കകളിലും ഡിജിറ്റൽ ഭൂപടത്തിന്റെ കാലതാമസത്തിലും പ്രതിഷേധിച്ച് ഇടുക്കിയിൽ ഇന്ന് സിപിഐ എമ്മിന്റെ ഹർത്താൽ. ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ജില്ലാ സ്കൂൾ കായികമേള, അടിമവ്യാപാര നിരോധന വാർഷികാഘോഷവുമായി ബന്ധപ്പെട്ട വാഹനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


പരിസ്ഥിതിലോല മേഖലാ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട 33 വില്ലേജുകൾ ഒഴിവാക്കി കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്‌ കേരളം സമർപ്പിച്ച റിപ്പോർട്ട്‌ പ്രകാരം ഡിജിറ്റൽ ഭൂപടത്തിനായുള്ള കാത്തിരിപ്പ്‌ നീളുകയാണ്. നിലവിലുള്ള വില്ലേജുകളിൽ ഏതൊക്കെ സർവേ നമ്പരുകളിലുള്ള ഭൂമി വരുന്നുണ്ട്‌ എന്നറിയാൻ ഭൂപടം പ്രസിദ്ധീകരിക്കണം.


എന്നാൽ, പ്രസിദ്ധീകരിക്കുന്നതിന്‌ സാങ്കേതിക തടസ്സങ്ങളുണ്ടെന്നാണ്‌ സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ വാദം. ഉപഗ്രഹചിത്രം മാത്രം ഉപയോഗിച്ച്‌ തയ്യാറാക്കിയ മാപ്പുകൾ പ്രായോഗികമല്ലെന്ന പരാതിയുമുണ്ട്‌. വിശദമായ ഫീൽഡ്‌ സർവേ നടത്തി പരാതി കേൾക്കണമെന്ന കർഷകരുടെ ആവശ്യവും പരിഗണിച്ചില്ല.


സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച മാപ്പുകൾ നോട്ടിഫിക്കേഷനിൽ പറയുന്ന വില്ലേജുകളുമായി പൊരുത്തപ്പെടാത്തതാണ്‌. ബന്ധപ്പെട്ട എല്ലാ പഞ്ചായത്തിലെയും ജനങ്ങൾക്ക്‌ നേരിട്ട്‌ പരിശോധിക്കാനാകുംവിധം സർവേ നമ്പർ സഹിതം മാപ്പ്‌ ലഭ്യമാക്കണമെന്ന ആവശ്യമാണ്‌ അവഗണിച്ചത്‌.


ഇഎസ്‌എയിൽ ഉൾപ്പെട്ട സ്ഥലങ്ങൾ കണ്ടെത്താൻ ജിയോ കോർഡിനേറ്റർമാർ അടങ്ങിയ കെഎംഎൽ ഫയലുകൾ പ്രസിദ്ധീകരിച്ചെങ്കിലും ഇത്‌ തുറക്കാനോ പരിശോധിക്കാനോ കഴിഞ്ഞിരുന്നില്ല. ഉപഗ്രഹചിത്രങ്ങൾക്ക്‌ പകരം തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ റവന്യൂ അതിരുകൾ വ്യക്തമാക്കി കെഎംഎൽ ഡിജിറ്റൽ ഭൂപടങ്ങൾ പരസ്യപ്പെടുത്തണമെന്ന ആവശ്യത്തോട്‌ സർക്കാർ മുഖം തിരിക്കുകയാണ്‌.








deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home