തെരഞ്ഞെടുപ്പ് കമീഷൻ: പ്രതിരോധിക്കാൻ മുന്നിൽ സിപിഐ എം

എം പ്രശാന്ത്
Published on Sep 28, 2026, 02:09 AM | 2 min read
ന്യൂഡൽഹി
: തെരഞ്ഞെടുപ്പ് കമീഷനെക്കുറിച്ച് വന്ന വെളിപ്പെടുത്തലുകൾ സ്‌ഫോടനാത്മകമാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ വിശ്വാസ്യതയാണ് ചോദ്യംചെയ്യപ്പെടുന്നത്. ഇതു ശരിക്കും അസാധാരണ സാഹചര്യമാണ്. ഭരണഘടനാ മൂല്യങ്ങളും വോട്ടവകാശവും സംരക്ഷിക്കാൻ സാഹചര്യങ്ങളുടെ അടിയന്തരസ്വഭാവം പരിഗണിച്ച് വേഗത്തിൽ യോഗംചേർന്ന് സ്ഥിതിഗതി വിലയിരുത്തേണ്ടതുണ്ട്. ജനാധിപത്യവും മതനിരപേക്ഷതയും വോട്ടവകാശവും സംരക്ഷിക്കുന്നതിനായി നമ്മൾ നിലയുറപ്പിക്കുമെന്ന പ്രതീക്ഷയാണ് ജനങ്ങൾക്കുള്ളത്’– മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിനെതിരായി ഗുരുതര വെളിപ്പെടുത്തലുകൾ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ പാർടി നേതാക്കൾക്ക് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അയച്ച കത്തിൽ പറയുന്നു. ഇന്ത്യാ കൂട്ടായ്‌മയിൽ ഇല്ലാത്ത ഡിഎംകെ, ബിജെഡി, ബിആർഎസ് തുടങ്ങിയ കക്ഷികൾക്കും കത്ത് കൈമാറി. കോക്രോച്ച് ജനതാ പാർടിയെയും ഒപ്പംചേർക്കണമെന്ന് താൽപ്പര്യപ്പെടുന്നു. വിപുലമായ പ്രതിപക്ഷ യോജിപ്പാണ് വേണ്ടതെന്ന നിലപാടാണ് സിപിഐ എം സ്വീകരിച്ചത്.
തെരഞ്ഞെടുപ്പ് കമീഷൻ അടക്കം ഭരണഘടനാ സ്ഥാപനങ്ങളെ കൈപ്പിടിയിലാക്കുന്ന സംഘപരിവാർ ശൈലിയെ ഇടതുപക്ഷ പാർടികൾ ശക്തമായി എതിർത്തിരുന്നു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാനൂറിലേറെ സീറ്റുനേടി അധികാരത്തിലെത്തുമെന്നും തുടർന്ന് ഭരണഘടനയെ സമൂലം പൊളിച്ചെഴുതി ഇന്ത്യയെ മതരാഷ്ട്രമാക്കുമെന്നും സംഘപരിവാർ പ്രഖ്യാപിച്ചപ്പോൾ വലിയ അപകടത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് സിപിഐ എം മുന്നറിയിപ്പ് നൽകി. സംഘപരിവാറിനെ ചെറുക്കാനായി പ്രതിപക്ഷ പാർടികളുടെ യോജിപ്പിന് പാർടി ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി മുൻകൈയെടുത്തു. കോൺഗ്രസ്, ഡിഎംകെ, എസ്‌പി, ആർജെഡി, തൃണമൂൽ, ജെഡിയു, എഎപി തുടങ്ങിയ പാർടികളെ യോജിപ്പിച്ച് ഇന്ത്യാ കൂട്ടായ്‌മയ്‌ക്ക് രൂപം നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു. പ്രതിപക്ഷ പാർടികളുടെ യോജിപ്പോടെയുള്ള പോരാട്ടം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംഘപരിവാർ പ്രതീക്ഷകളെ തകിടംമറിച്ചു. ബിജെപി 240 സീറ്റിൽ ഒതുങ്ങി. ഘടകകക്ഷികളുടെ പിന്തുണയിലാണ് മൂന്നാം മോദി സർക്കാർ തുടരുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വീണ്ടും ബിജെപി കുതിപ്പാണ് കണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോഴാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ബിഹാറിൽ എസ്‌ഐആർ പ്രഖ്യാപിച്ചത്. ഇത് ദുരുദ്ദേശ്യപരമാണെന്നും ഒഴിവാക്കണമെന്നും സിപിഐ എം അടക്കമുള്ള പാർടികൾ ആവശ്യപ്പെട്ടെങ്കിലും ആഭ്യന്തര മന്ത്രി അമിത് ഷായുടെ പിന്തുണയോടെ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി നീങ്ങി.
ബിഹാറിൽ 47 ലക്ഷം വോട്ടർമാർ പുറത്തായി. ന്യൂനപക്ഷങ്ങളും ദളിത്–പിന്നോക്ക വിഭാഗക്കാരുമാണ് കൂടുതലും. ബിഹാറിൽ എൻഡിഎ വലിയ വിജയം നേടി. ബംഗാൾ തെരഞ്ഞെടുപ്പിലും സമാനമായ പരീക്ഷണം ആവർത്തിച്ചു.
തെരഞ്ഞെടുപ്പ് കമീഷനുള്ളിൽനിന്നുതന്നെ ഗ്യാനേഷ്‌കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുമ്പോൾ സിപിഐ എം ഉയർത്തിയ ആശങ്കകളും മുന്നറിയിപ്പുകളുമാണ് ശരിവയ്ക്കപ്പെടുന്നത്. പ്രതിപക്ഷ പാർടികൾ യോജിപ്പോടെ നീങ്ങേണ്ട അസാധാരണ സാഹചര്യം രൂപപ്പെട്ടുക്കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്പായി ഇന്ത്യാ കൂട്ടായ്മയ്ക്ക് രൂപംനൽകിയതുപോലെ പ്രതിപക്ഷ കക്ഷികളുടെ വിശാല കൂട്ടായ്മയ്ക്ക് സിപിഐ എം വീണ്ടും മുൻകൈയെടുക്കുകയാണ്. പ്രതിപക്ഷ പാർടികൾക്കുള്ള എം എ ബേബിയുടെ കത്ത് അതിന്റെ തുടക്കമാണ്. ബുധനാഴ്ച ഇന്ത്യാ കൂട്ടായ്മയിലെ കക്ഷികൾ ഡൽഹിയിൽ യോഗംചേർന്ന് ഗ്യാനേഷ്‌കുമാറിനെതിരായ പ്രക്ഷോഭപരിപാടികൾക്ക് രൂപംനൽകും.










0 comments