സിപിഐ എം ഇടുക്കി വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് തുടക്കം

സിപിഐ എം ഇടുക്കി വിപുലീകൃത ജില്ലാ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: മനു വിശ്വനാഥ്
അടിമാലി : സിപിഐ എം ഇടുക്കി വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് അടിമാലിയിൽ തുടക്കം. കോടിയേരി ബാലകൃഷ്‍ണൻ നഗറിൽ (അടിമാലി മരങ്ങാട്ട് റസിഡൻസി) ചൊവ്വ രാവിലെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി രക്ഷാധികാരി എം എം മണി പതാക ഉയർത്തി. ജില്ലാ കമ്മിറ്റിയംഗങ്ങളെ കൂടാതെ 15 ഏരിയകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉൾപ്പെടെ 128 പേർ പങ്കെടുക്കും.
ജില്ലാ സെക്രട്ടറി സി വി വർഗീസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതു ചർച്ചയും. ബുധനാഴ്‍ച പൊതു ചർച്ച തുടരും. ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ജില്ലാ സെക്രട്ടറി സി വി വർഗീസും മറുപടി പറയും. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ടി പി രാമകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, കെ എസ് സലീഖ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം സ്വരാജ്, കെ കെ ജയചന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ് എന്നിവർ പങ്കെടുക്കും.
ബുധൻ വൈകിട്ട് മൂന്നിന് അടിമാലി അമ്പലപ്പടിയിൽനിന്ന് ബഹുജന റാലി നടക്കും. ജില്ലയിലെ വിവിധ ഏരിയകളിൽനിന്ന് 25,000 പേർ അണിനിരക്കും. തുടർന്ന് അടിമാലി പഞ്ചായത്ത് മൈതിനിയിലെ പ്രത്യേക പന്തലിലെ വി എസ് അച്യുതാനന്ദൻ നഗറിൽ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. നേതാക്കൾ പങ്കെടുക്കും. പൊതുസമ്മേളനത്തിന് ശേഷം കോഴിക്കോട് ചിലങ്ക തീയറ്റേഴ്‍സിന്റെ മിസ നാടകം അരങ്ങേറും.









0 comments