print edition കശുവണ്ടി ഇറക്കുമതി: സർക്കാരിന് വീണ്ടും കോടതിയുടെ വിമർശം

കൊച്ചി : കശുവണ്ടി ഇറക്കുമതി കേസിൽ സർക്കാർ ആദ്യമിറക്കിയ പ്രോസിക്യൂഷൻ അനുമതി ഉത്തരവിന്റെ പകർപ്പ് അതേദിവസം പ്രതികളുടെ കൈവശമെത്തിയതിൽ വീണ്ടും ഹെെക്കോടതിയുടെ വിമർശം. ഉത്തരവിന്റെ പകർപ്പ് പ്രതികൾക്ക് അയച്ചത് ഏതുമാർഗത്തിലാണെന്ന് വ്യക്തമാക്കാൻ ജസ്റ്റിസ് എ ബദറുദീൻ വിജിലൻസിനോട് നിർദേശിച്ചു. രജിസ്ട്രേഡ് തപാൽ, ഇ -– മെയിൽ, വാട്സാപ് തുടങ്ങി ഏതു സേവനമാണ് ഉപയോഗിച്ചതെന്ന് ഒരാഴ്ചയ്ക്കകം അറിയിക്കണം. വിഷയം 11ന് വീണ്ടും പരിഗണിക്കും. വ്യവസായവകുപ്പ് ജൂലൈ രണ്ടിന് ഇറക്കിയ ഉത്തരവിന്റെ പകർപ്പ് കോടതിയിൽ സമർപ്പിക്കുംമുന്പേ പ്രതികൾക്ക് ലഭിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി പി വി വിനോദ്കുമാർ നൽകിയ പ്രാഥമിക റിപ്പോർട്ടിലുണ്ട്. കോടതിയെ അധിക്ഷേപിക്കുന്ന ഉത്തരവുവച്ച് പ്രതി വാർത്താസമ്മേളനവും നടത്തി.
വിചാരണാനുമതി ഉത്തരവ് പ്രതികൾക്ക് നൽകേണ്ടതില്ല. അന്വേഷണ ഏജൻസിയും അനുമതി നൽകേണ്ട അധികാരിയും തമ്മിലുള്ള നടപടിയാണിത്. രേഖ കോടതിയിലെത്തിയശേഷം പ്രതിക്ക് ആവശ്യപ്പെടാം. നടന്നത് ഗുരുതര ചട്ടലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിലടക്കം അന്വേഷണം ആവശ്യപ്പെട്ട് കെ എം ഷാജഹാൻ സമർപ്പിച്ച ഹർജിയാണ് സിംഗിൾ ബെഞ്ച് പരിഗണിക്കുന്നത്. കോർപറേഷൻ മുൻ ചെയർമാനും ഐഎൻടിയുസി നേതാവുമായ ആർ ചന്ദ്രശേഖരൻ, മുൻ എംഡി കെ എ രതീഷ് എന്നിവർ മുഖ്യപ്രതികളായ കേസിൽ സിബിഐയാണ് അന്വേഷണം നടത്തി പ്രോസിക്യൂഷന് അനുമതി തേടിയിരുന്നത്. കോടതി വിമർശിച്ചതോടെ പിഴവുള്ള ഉത്തരവ് പിൻവലിച്ച് മാപ്പപേക്ഷിച്ച് സർക്കാർ പുതിയ ഉത്തരവിറക്കിയിരുന്നു.









0 comments