ലിറ്റിൽ കൈറ്റ്‌സ്: മികവോടെ വീണ്ടും കോട്ടൺഹിൽ

കോട്ടൺഹിൽ ജിജിഎച്ച്‌എസ്എസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങള്‍
തിരുവനന്തപുരം: കോട്ടൺഹിൽ ജിജിഎച്ച്‌എസ്‌എസിന് വീണ്ടും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ്. സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനമാണ് ലഭിച്ചത്. 1.5 ലക്ഷം രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും. എഐ, റോബോട്ടിക് സാങ്കേതിക വിദ്യ എന്നിവ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളിലൂടെയാണ് ലിറ്റിൽ കൈറ്റ്‌സ് ഇൗ അംഗീകാരം നേടിയത്. കഴിഞ്ഞ വർഷവും സംസ്ഥാനതല അംഗീകാരം കോട്ടൺഹില്ലിന് ലഭിച്ചിരുന്നു. ആനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈല്‍ ആപ്പ്, റോബോട്ടിക്സ് ആർഡിനോ, മലയാളം ടൈപ്പിംഗ്, സൈബർ സുരക്ഷ, ഹാർഡ് വെയർ തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്.
നിരവധി പ്രവർത്തനങ്ങൾ സ്‌കൂളില്‍ ലിറ്റിൽ കൈറ്റ്‌സ് നടത്തുന്നുണ്ട്. പോസ്റ്ററുകൾ, ദിനാചരണങ്ങൾ, വീഡിയോകൾ തുടങ്ങിയവ ലിറ്റില്‍ കൈറ്റ്സ് തയ്യാറാക്കുന്നുണ്ട്. വിവിധ സ്ഥാപനങ്ങൾ നടത്തിയ ടെക്ക് ഫെസ്റ്റിവലിലും കുട്ടികൾ പങ്കെടുത്തു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സ് ഇല്ലാത്ത സ്കൂളുകളിലെ കുട്ടികൾക്കും പരിശീലനം നൽകിയും കോട്ടൺഹില്ലിലെ കുട്ടികൾ മാതൃകയായി.
ജഗതി സ്കൂളിലെ കുട്ടികൾക്കും ജഗതി, ഡെഫ് സ്കൂളിലെ കുട്ടികൾക്കും വർഷത്തിൽ രണ്ട് തവണയാണ് പരിശീലനം നൽകുന്നത്. സംസ്ഥാന സയൻസ് ടാലന്‍റ് സെർച്ച് എക്സാമിനേഷൻ വീഡിയോ ഡോക്യുമെന്റേഷൻ, സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങിന്റെ തൽസമയ സംപ്രേക്ഷണം എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തി.
സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന പ്രദർശനത്തില്‍ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭാഗവുമായി. ടാഗോർ തിയേറ്ററിൽ നടന്ന ഡിജിറ്റൽ കോൺക്ലേവിൽ റഡാർ, റോബോ, ബ്ലൈൻഡ് സ്റ്റിക്ക്, ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ എന്നിവയുമായി കോട്ടൺഹില്ലിലെ കുട്ടികൾ പങ്കെടുത്തു. ചിന്താ പബ്ലിക്കേഷൻ സംഘടിപ്പിച്ച ലിബറേറ്റ് എക്സ്പോയിലും കോട്ടൺഹിൽ സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സ് വിദ്യാർഥികൾ പങ്കാളികളായി. ഹൈസ്കൂളിലെ മൂന്ന് ബാച്ചിൽ 115 പേരാണ് ലിറ്റിൽ കൈറ്റ്‌സിലുള്ളത്. അധ്യാപകരായ എസ് സിന്ധു, എ പോൾട്ടൻ, സ്കൂൾ ഐറ്റി കോർഡിനേറ്റർ എ ജയ, പ്രിൻസിപ്പാള്‍ വി ഗ്രീഷ്‌മ, പ്രിൻസിപ്പാള്‍ എച്ച്എം ജി ഗീത, അഡീഷണൽ എച്ച്എം ബി രേഖ തുടങ്ങിയവർ കുട്ടികൾക്ക് പിന്തുണയേകി.











0 comments