print edition ഇടതുപക്ഷത്തെ തകർക്കാൻ കോർപറേറ്റുകൾ മാധ്യമങ്ങളെ ആയുധമാക്കുന്നു: എം സ്വരാജ്

കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചേർത്തല എൻഎസ്‌എസ് യൂണിയൻ ഹാളിൽ സംഘടിപ്പിച്ച മാധ്യമസെമിനാര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ : കോർപറേറ്റുകൾ വിഴുങ്ങിക്കഴിഞ്ഞ വ്യവസായ മേഖലയായി മാധ്യമരംഗം മാറിയ കാലത്ത് ആ രാഷ്‍ട്രീയംകൂടി തിരിച്ചറിഞ്ഞ് വാർത്തകളെയും വാർത്താവിശകലനങ്ങളെയും വിലയിരുത്തുക പ്രധാനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചേർത്തലയിൽ സംഘടിപ്പിച്ച ‘മാധ്യമങ്ങൾ ജന്തർ മന്തറിന് ശേഷം’ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു സ്വരാജ്.
ബിജെപിയെപോലെ കോൺഗ്രസിനും കോർപറേറ്റ് പ്രീണനനയമാണ്. ഇതിന് ബദൽമുന്നോട്ടുവയ്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണ്. ഒരു വിലപേശൽ ശക്തിയായിപോലും ഇടതുപക്ഷം വന്നാൽ കോർപറേറ്റുകൾക്ക് പ്രശ്നമാണ്. അതിനാൽ ഇന്ത്യൻ ഇടതുപക്ഷത്തെ ദുർബലപ്പെടുത്തണമെങ്കിൽ സിപിഐ എമ്മിനെ ദുർബലപ്പെടുത്തണം. അതിന് കേരളത്തിലെ സിപിഐ എം തകരണം. കാരണം തെരഞ്ഞെടുപ്പുകളിൽ ജയിക്കാവുന്ന ശക്തിയായി അത് കേരളത്തിലുണ്ട്. അപ്പോൾ ഓരോ ദിവസവും സിപിഐ എമ്മിനെ ദുർബലപ്പെടുത്താനും തകർക്കാനും കോർപറേറ്റുകൾ ആയുധമായി മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ടേയിരിക്കും. ഏഷ്യാനെറ്റിന്റെയും മനോരമയുടെയും മാതൃഭൂമിയുടെയുമൊക്കെ സിപിഐ എം വിരോധത്തിന്റെ അടിസ്ഥാനം ഈ രാഷ്‍ട്രീയമാണ്.
സിപിഐ എമ്മിനും പിണറായി വിജയനുമെതിരെ ആറായിരത്തോളം ചർച്ചകൾ കുറച്ചുവർഷങ്ങൾക്കിടെ ഏഷ്യാനെറ്റ് നടത്തിയെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. കേരളത്തിലെ മാധ്യമങ്ങൾ വലതുപക്ഷ നയങ്ങൾക്കൊപ്പം ഭൂരിപക്ഷവർഗീയതയോട് അടുത്തുനിൽക്കുന്ന നിലപാടും സ്വീകരിക്കാൻ ഒരുമടിയുമില്ലെന്ന് തെളിയിച്ചവരാണ്. ബാബറി മസ്‍ജിദ് തകർത്തകാലത്തടക്കം അതുകണ്ടതാണ്. ബാബറി മസ്‍ജിദ് തകർത്തുവെന്ന് എഴുതാൻ ധൈര്യം കാണിച്ച പത്രമാണ് ദേശാഭിമാനിയെന്നും അതിപ്പോഴും തുടരുന്നുവെന്നും സ്വരാജ് പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എ എം ആരിഫ് അധ്യക്ഷനായി. 18 മുതൽ 20വരെ ആലപ്പുഴയിലാണ് സമ്മേളനം.









0 comments