print edition ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധം

സഹകരണ വകുപ്പിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ സ്ഥലംമാറ്റ ഉത്തരവുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻജിഒ യൂണിയൻ പ്രവർത്തകർ സഹകരണ ആസ്ഥാനത്തെ അഡീഷണൽ രജിസ്ട്രാർ (ജനറൽ) ഓഫീസറെ ഉപരോധിച്ചപ്പോൾ
തിരുവനന്തപുരം : സഹകരണ വകുപ്പിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ സ്ഥലംമാറ്റ ഉത്തരവുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ സഹകരണ വകുപ്പ് ആസ്ഥാനത്ത് പ്രതിഷേധിച്ചു. പ്രതിഷേധക്കാർ അഡീഷണൽ രജിസ്ട്രാർ (ജനറൽ) ഓഫീസറെ ഉപരോധിച്ചു. സഹകരണ വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കണമെന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് 27 ജീവനക്കാരെ സ്ഥലംമാറ്റിയത്.
വനിതാ ജീവനക്കാരെ ഉൾപ്പെടെ വിദൂര ജില്ലകളിലേക്ക് മാറ്റി. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ് ഗോപകുമാർ, കെ പി സുനിൽകുമാർ, തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്, ജില്ലാ പ്രസിഡന്റ് ജി ഉല്ലാസ് കുമാർ, നോർത്ത് ജില്ലാ പ്രസിഡന്റ് എസ് ശ്രീകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി ശ്രീകുമാർ, എം ജെ ഷീജ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
മാനദണ്ഡവിരുദ്ധമായ സ്ഥലംമാറ്റ ഉത്തരവുകൾ പുനഃപരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന അഡീഷണൽ രജിസ്ട്രാർ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു.









0 comments