ad
Deshabhimani

കോൺഗ്രസ്‌ ചതിയിൽ 
ജീവൻ പോയവർ ഏറെ

congress scam wayanad
വെബ് ഡെസ്ക്

Published on Sep 15, 2025, 02:33 AM | 1 min read


തിരുവനന്തപുരം

വിശ്വസിച്ച പാർടി വഞ്ചിച്ചപ്പോൾ മനസ്സുതകർന്ന്‌ കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും ജീവനൊടുക്കുന്നത്‌ കൂടുന്നു. ഒരുഭാഗത്ത്‌ എന്ത്‌ തെമ്മാടിത്തം കാണിക്കുന്നവരെയും സംരക്ഷിക്കുന്നതും മറുഭാഗത്ത്‌ സത്യസന്ധരായ പ്രവർത്തകരെ വേട്ടയാടുന്നതും കോൺഗ്രസിന്റ രീതിയായി. വയനാട് മുള്ളൻകൊല്ലിയിൽ ജോസ്‌ നെല്ലേടം എന്ന പഞ്ചായത്തംഗത്തിന്റെ ആത്മഹത്യവരെയുള്ള സംഭവങ്ങൾ നിരവധി. രാഷ്‌ട്രീയമായി എതിർപക്ഷത്ത്‌ നിൽക്കുന്നവരെ ആക്രമിച്ച്‌ ഇല്ലാതാക്കുന്നതുപോലെ തന്നെയാണ്‌ ഗ്രൂപ്പിന്റെ പേരിലുള്ള ആക്രമണം.


തമ്മിൽത്തല്ലിൽ കൊല്ലപ്പെട്ട കോൺഗ്രസുകാർ നിരവധിയാണ്‌. മട്ടന്നൂർ പിആർഎൻഎസ്‌ കോളേജിലെ കെഎസ്‌യു നേതാവ്‌ പി വി ബഷീറിനെ വിറകുകൊള്ളികൊണ്ട്‌ അടിച്ചുകൊന്നത്‌ ഒരു സംഘം കെഎസ്‌യുക്കാരാണ്‌. തൃശൂരിൽ ഗ്രൂപ്പു പോരിൽ ജീവൻ നഷ്ടപ്പെട്ടത്‌ മധു ഇ‍ൗച്ചരത്ത്‌, ലാൽജി കൊള്ളന്നുർ, എ സി ഹനീഫ എന്നിവർക്കാണ്‌. കോൺഗ്രസിന്റെ ചരിത്രമെഴുതിയ മൊയ്യാരത്ത്‌ ശങ്കരനെ മർദിച്ചുകൊന്നതും സ്വന്തം പാർടിക്കാരാണ്‌. ഇതിനൊക്കെ പുറമേയാണ്‌ സ്വന്തം പാർടിയിൽ പെട്ടവരെ കള്ളക്കേസിൽ കുടുക്കുന്നതും സൈബർ ആക്രമണവും.


വയനാട്ടിൽ ആത്മഹത്യചെയ്‌ത അഞ്ചിൽ രണ്ടുപേരും മുതിർന്ന നേതാക്കളാണ്‌. തെരഞ്ഞെടുപ്പിൽ കോൺഗ്രസുകാർ കാലുവാരി നാലാംസ്ഥാനത്താക്കിയതിന്റെ മനോവിഷമത്തിൽ പി വി ജോൺ എന്ന ഡിസിസി ജനറൽ സെക്രട്ടറി പാർടി ഓഫീസിനുള്ളിൽ ആത്മഹത്യചെയ്‌തത്‌ 2015 നവംബറിലാണ്‌. ഡിസിസി ട്രഷറർ എൻ എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയത്‌ 2024 ഡിസംബർ 24നും. വിജയന്റെ കുടുംബത്തെ കോൺഗ്രസ്‌ വഞ്ചിച്ചപ്പോഴാണ്‌ മരുമകൾ പത്മജ കഴിഞ്ഞദിവസം ആത്മഹത്യയ്‌ക്കുശ്രമിച്ചത്‌.


വിജയന്റെ മരണത്തെത്തുടർന്ന്‌ ക്രൈംബ്രാഞ്ച്‌ എടുത്ത കേസിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയും ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചനും പ്രതികളാണ്‌. രണ്ടുപേരും അതേസ്ഥാനങ്ങളിൽ തുടരുന്നു. പുൽപ്പള്ളിയിലെ രാജേന്ദ്രൻ നായർ 2023 മെയ്‌ 23ന്‌ ജീവനൊടുക്കിയത്‌ കോൺഗ്രസ്‌ നേതാക്കളുടെ വായ്‌പാത്തട്ടിപ്പിനിരയായാണ്‌.


കണ്ണൂർ ചെറുപുഴയിൽ കെ കരുണാകരൻ സ്‌മാരക ആശുപത്രി കെട്ടിടം നിർമിച്ച കരാറുകാരനായ ജോസഫ്‌ മുതുപാറക്കുന്നേൽ അതേ ആശുപത്രിക്കെട്ടിടത്തിനുള്ളിൽ ജീവനൊടുക്കിയത്‌ ചെലവായ 1.34 കോടിരൂപ നൽകാതെ നേതാക്കൾ വഞ്ചിച്ചപ്പോഴാണ്‌. തിരുവനന്തപുരത്ത്‌ മുണ്ടേല രാജീവ്‌ഗാന്ധി സഹകരണ സംഘത്തിന്റെ തട്ടിപ്പിനിരയായി മനോരമയുടെ പ്രാദേശിക ലേഖകനും കോൺഗ്രസ്‌ നേതാവുമായ ആനാട്‌ ശശി ജീവനൊടുക്കിയത്‌ അടുത്തിടെയാണ്‌. ഇതേ സംഘത്തിന്റെ പ്രസിഡന്റായിരുന്ന മുണ്ടേല മോഹനനും ആത്മഹത്യചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home