ad
Deshabhimani

രമ്യ ഹരിദാസിനെതിരെ പടയൊരുക്കം; ചിറയിൻകീഴിലെ കോൺഗ്രസ് നേതാക്കൾ എഐസിസിക്ക് പരാതി നൽകി

Remya Haridas.jpg
വെബ് ഡെസ്ക്

Published on Mar 13, 2026, 08:16 PM | 1 min read

തിരുവനന്തപുരം: ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുൻ എംപി രമ്യ ഹരിദാസിനെ മണ്ഡലത്തിൽ പരിഗണിക്കുന്നതിനെതിരെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് (എഐസിസി) പരാതി നൽകി.


മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ കെട്ടിയിറക്കുന്നത് അംഗീകരിക്കില്ലെന്നാണ് പ്രാദേശിക നേതാക്കളുടെ നിലപാട്. ചിറയിൻകീഴ് മണ്ഡലത്തിൽ ദീർഘകാലമായി പ്രവർത്തിക്കുന്നവരെ അവഗണിച്ച് കൊണ്ടുള്ള നീക്കം തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.


ഡിസിസി, ബ്ലോക്ക് തലത്തിലുള്ള പ്രമുഖ നേതാക്കളാണ് പരാതിക്ക് പിന്നിൽ. രമ്യ ഹരിദാസിന്റെ പേര് ഉയർന്നുവന്നതോടെ മണ്ഡലത്തിലെ പ്രവർത്തകർക്കിടയിൽ പ്രതിഷേധം പുകയുകയാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രാദേശിക വികാരം മാനിക്കണമെന്നും അല്ലാത്തപക്ഷം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ ഭീഷണി.


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കാൻ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് മുറുകുന്നതിനിടെയാണ് പുതിയ നീക്കം. വിഷയത്തിൽ എഐസിസി സ്ക്രീനിംഗ് കമ്മിറ്റിയുടെ ഇടപെടൽ ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home