കോൺഗ്രസ് വീട് നിർമാണം; ചോദ്യത്തിന് ഉത്തരമില്ലാതെ സണ്ണി ജോസഫ്

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്തബാധിതരുടെ പേരിൽ പണംപിരിച്ച് കോൺഗ്രസ് വാഗ്‌ദാനം ചെയ്‌ത വീടുകളുടെ നിർമാണം എപ്പോൾ ആരംഭിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ വാർത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
വയനാട് ഡിസിസി ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് വാഗ്‌ദാനം ചെയ്‌ത വീടിന്റെയും കുന്നമ്പറ്റയിൽ വാങ്ങിയ സ്ഥലത്തിന്റെ രജിസ്ട്രേഷന്റെയും ചോദ്യം ഉയർന്നപ്പോൾ കെപിസിസി പ്രസിഡന്റ് ഉത്തരമില്ലാതെ എഴുനേറ്റ് പോയത്. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയ പ്രതീക്ഷ പങ്കുവയ്‌ക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കോൺഗ്രസിന്റെ വീടെവിടെയെന്ന ചോദ്യം കെപിസിസി പ്രസിഡന്റിന് കല്ലുകടിയായത്.
സർക്കാർ സ്ഥലം നൽകാത്തതിനാലാണ് നിർമാണം വൈകിയതെന്ന് ആവർത്തിച്ച സണ്ണി ജോസഫിനോട് കോൺഗ്രസ് ഭൂമിവാങ്ങി മൂന്നുമാസം പിന്നിട്ടിട്ടും എന്തുകൊണ്ട് നിർമാണം ആരംഭിക്കുന്നില്ലയെന്ന ചോദ്യമാണ് മാധ്യമ പ്രവർത്തകർ ഉയർത്തിയത്. വാഗ്‌ദാനം ചെയ്‌ത 230 വീട്ടിൽ 100 വീടിന് 5.42 ഏക്കർ വാങ്ങിയെന്ന് അവകാശപ്പെടുമ്പോഴും 3.24 ഏക്കർ മാത്രമാണ് രജിസ്‌ട്രേഷൻ നടത്തിയത്. ബാക്കി സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ എന്തായെന്ന ചോദ്യം വന്നപ്പോൾ ഉത്തരമില്ലാതെ വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.











0 comments