വേണുഗോപാൽ പക്ഷത്തെ വെട്ടി സതീശൻ പക്ഷം; എൻജിഒ അസോസിയേഷനിൽ പൊട്ടിത്തെറി

തിരുവനന്തപുരം: കേരള എൻജിഒ അസോസിയേഷനിൽ വി ഡി സതീശൻ പക്ഷത്തിന്റെ വെട്ടിനിരത്തലെന്ന് പരാതി. കെ സി വേണുഗോപാലിനൊപ്പം നിൽക്കുന്ന പ്രവർത്തകരെ സ്ഥാനങ്ങളിൽനിന്ന് മാറ്റിനിർത്തുകയും നേതൃത്വം ഏകപക്ഷീയമായി മുന്നോട്ടുപോകുകയുമാണെന്നാണ് ആക്ഷേപം.
മെമ്പർഷിപ്പ് വിതരണത്തിലും വിവേചനമുണ്ട്. സ്വന്തക്കാരെ മാത്രം കുത്തിനിറച്ചാണ് സമ്മേളനങ്ങൾ നടത്തിവരുന്നത്. സർക്കാർ ഉദ്യോഗസ്ഥരെല്ലാം തെരഞ്ഞെടുപ്പ് ജോലികളിൽ വ്യാപൃതരായിരുന്ന ഘട്ടത്തിലാണ് സംഘടന പിടിച്ചെടുക്കാൻ ഈ സമ്മേളനങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. സമ്മേളനങ്ങൾ നിർത്തിവയ്ക്കാൻ കെപിസിസി ജനറൽ സെക്രട്ടറിമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വി ഡി സതീശൻ വിഭാഗം ഇക്കാര്യത്തോട് വഴങ്ങിയില്ല. മന്ത്രിമാരുടെ സ്റ്റാഫിലേക്കും അസോസിയേഷനിലെ ഇഷ്ടക്കാരെമാത്രമാണ് പരിഗണിക്കുന്നത്.
വിരമിക്കാൻ രണ്ടാഴ്ച മാത്രമുള്ള സംസ്ഥാന പ്രസിഡന്റും സ്ഥാനക്കയറ്റം ലഭിക്കാനിരിക്കുന്ന ജനറൽ സെക്രട്ടറിയും ചേർന്ന് വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നാണ് ആക്ഷേപം. സമ്മേളനങ്ങൾ മാറ്റിവയ്ക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടിട്ടും ധിക്കാരപരമായ സമീപനവുമായി നേതൃത്വം മുന്നോട്ടുപോവുകയാണ്.










0 comments