ആരോഗ്യമേഖലയിലെ കോർപറേറ്റുകളിൽ നിന്ന് നിന്ന് കോൺഗ്രസ് വാങ്ങിയത് കോടികളുടെ ഇലക്ടറൽ ബോണ്ട്

പ്രതീകാത്മകചിത്രം
ലോകോത്തര നിലവാരത്തിലുള്ള കേരളത്തിലെ ആരോഗ്യമേഖലയെ കുറ്റം പറഞ്ഞ് തകർക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് ആരോഗ്യ രംഗത്തുള്ള കുത്തക - വൻകിട സ്വകാര്യ കമ്പനികളിൽ നിന്ന് ഇലക്ടറൽ ബോണ്ട് വഴി വാങ്ങിയത് കോടിക്കണക്കിന് രൂപ. ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ പാർടികളുടെയും നൽകിയ കമ്പനികളുടെയും കണക്ക് പരിശോധിക്കുമ്പോൾ 3,141 കമ്പനികളിൽ നിന്നായി 1500 കോടി രൂപയോളമാണ് കോൺഗ്രസ് ഇലക്ടറൽ ബോണ്ടായി വാങ്ങിയത്. ഇതിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന പതിനഞ്ചോളം കമ്പനികളിൽ നിന്നായി ലഭിച്ച കോടികളുമുണ്ട്. പ്രധാന ഔഷധ നിർമ്മാണ കമ്പനികൾ, ആശുപത്രി ശൃംഖലകൾ, മെഡിക്കൽ റീട്ടെയിൽ സ്ഥാപനങ്ങൾ, ലാബ് / എപിഐ നിർമാതാക്കൾ, ഹെൽത്ത് ടെക്നോളജി എന്നിങ്ങനെ ആരോഗ്യ രംഗത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ നിന്ന് കോടികൾ വാങ്ങിയ ശേഷമാണ് കോൺഗ്രസ് കേരളത്തിലെ ആരോഗ്യ രംഗത്തിനും സർക്കാരിനുമെതിരെ ആക്രമണം നടത്തുന്നത്.
മൾട്ടി- സ്പെഷ്യാലിറ്റി ആശുപത്രി ശൃംഖലയായ യശോദ സൂപ്പർ സ്പെഷ്യാലിറ്റി ( Yashoda Super Speciality Hospital), ഫാർമസി / മെഡിക്കൽ റീട്ടെയിൽ സ്ഥാപനങ്ങളായ ലക്ഷ്മി മെഡിക്കൽസ് (Lakshmi Medicals), ധീരജ് മെഡിക്കൽസ് ( Dheeraj Medicals) എന്നിവിടങ്ങളിൽ നിന്നായി കോൺഗ്രസ് വാങ്ങിയത് 69 കോടി രൂപയാണ്. യശോദ സൂപ്പർ സ്പെഷ്യാലിറ്റിയിൽ നിന്നാണ് ഇലക്ടറൽ ബോണ്ടായി ഏറ്റവുമധികം തുക വാങ്ങിയത്. 64 കോടി രൂപ.
ഫാർമസ്യൂട്ടിക്കൽ & ലൈഫ് സയൻസസ് കമ്പനികൾ വഴി കോൺഗ്രസിന് കിട്ടിയത് 74 കോടി രൂപയാണ്. ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് (Dr. Reddy’s Laboratories Limited- 11 കോടി), നാറ്റ്കോ ഫാർമ ലിമിറ്റഡ് (Natco Pharma Limited – 12.5 കോടി), ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (Torrent Pharmaceuticals Limited – 21 കോടി), ഡിവീസ് ലബോറട്ടറീസ് ലിമിറ്റഡ് (Divi’s Laboratories Limited - 5 കോടി ), സിപ്ല ലിമിറ്റഡ് (Cipla Limited– 17 കോടി), സൈഡസ് ഹെൽത്ത്‌കെയർ ലിമിറ്റഡ് (Zydus Healthcare Limited – 2 കോടി) മൈക്രോ ലാബ്സ് ലിമിറ്റഡ് (Micro Labs Limited – 3 കോടി ), അജന്ത ഫാർമ ലിമിറ്റഡ് (Ajanta Pharma Ltd – 1 കോടി ), ജൂബിലന്റ് ലൈഫ് സയൻസസ് ലിമിറ്റഡ് (Jubilant Life Sciences Limited – 1 കോടി ) എന്നിങ്ങനെയാണ് കണക്കുകൾ.
മെഡിക്കൽ ഉപകരണങ്ങൾ, ഹെൽത്ത് ടെക്നോളജി, ലാബ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളായ ഹൊറൈസൺ മെഡിക്കൽ സപ്ലൈസ് (Horizon Medical Supplies- 4 കോടി), ഡോ. ഹെൽത്ത്‌ടെക് (Dr Healthtech - 80 ലക്ഷം), ദസാമി ലാബ് പ്രൈവറ്റ് ലിമിറ്റഡ് (Dasami Lab Pvt Ltd- 5 കോടി) എന്നീ സ്ഥാപനങ്ങളിൽ നിന്നും കോൺഗ്രസ് ഇലക്ടറൽ ബോണ്ട് വാങ്ങിയതായി വിവരങ്ങളുണ്ട്.
ആരോഗ്യമേഖലയിലെ കുത്തക മുതലാളിമാരിൽ നിന്ന് വൻതുക വാങ്ങിയ ശേഷമാണ് സർക്കാരിനും സർക്കാർ ആശുപത്രികൾക്കുമെതിരെ കോൺഗ്രസ് രംഗത്തുവന്നിരിക്കുന്നത്.










0 comments