Deshabhimani

print edition കോൺഗ്രസ്‌ ഓഫീസുകളിൽ സംഘപരിവാർ ആക്രമണം; കീഴടങ്ങിയതിന്റെ ദുരന്തഫലം

...
വെബ് ഡെസ്ക്

Published on Oct 01, 2026, 01:30 AM | 1 min read

തിരുവനന്തപുരം : കോൺഗ്രസ്‌ മന്ത്രിമാരെയും ഓഫീസുകളെയും തലങ്ങും വിലങ്ങും ബിജെപി പ്രവർത്തകർ ആക്രമിക്കുമ്പോഴും നടപടിക്ക്‌ മുതിരാതെ സർക്കാരും ശക്തമായി പ്രതികരിക്കാതെ കെപിസിസിയും. മുഖ്യമന്ത്രി, മന്ത്രിമാരായ രമേശ്‌ ചെന്നിത്തല, കെപിസിസി പ്രസിഡന്റ്‌ കൂടിയായ സണ്ണി ജോസഫ്‌, ഒ ജെ ജനീഷ്‌, ടി സിദ്ദിഖ്‌ തുടങ്ങിയവരെ പലയിടങ്ങളിലായി ബിജെപി പ്രവർത്തകർ തടയുകയും കരിങ്കൊടി കാണിക്കുകയുംചെയ്തു.


ഇതിനെതിരെ പ്രതികരിക്കാൻ കോൺഗ്രസിനോ നടപടിയിലേക്ക്‌ കടക്കാൻ സർക്കാരിനോ കഴിഞ്ഞില്ല. ചിലയിടങ്ങളിൽ പേരിന്‌ പ്രകടനം നടത്തി. ഇ‍ൗ സാഹചര്യം ആക്രമണം ഇരട്ടിയാക്കാൻ ബിജെപി ആർഎസ്‌എസ്‌ പ്രവർത്തകർക്ക്‌ സഹായകമായി. നെയ്യാറ്റിൻകരയിൽ കോൺഗ്രസ്‌ ഓഫീസിനുമുന്നിൽ തീയിട്ടിട്ടും തലസ്ഥാനത്തെ ഡിസിസി ഓഫീസ്‌ ആക്രമിച്ചിട്ടും കാര്യമായ പ്രതിഷേധമുയർന്നില്ല.


പാർടിയുടെ പരമ്പരാഗത നിലപാടുകൾപോലും പണയപ്പെടുത്തിയതിന്റെ തിക്തഫലമാണിതെന്ന്‌ മുതിർന്ന നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. പല കോൺഗ്രസ്‌ എംഎൽഎമാരും ക‍ൗൺസിലർമാരും ബിജെപി സഹായത്തിലാണ്‌ നിലനിൽക്കുന്നത്‌. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത്‌ കല്ലറ ഡിവിഷനിലടക്കം ഇ‍ൗ സഖ്യം ദൃശ്യമായിരുന്നു.


മുഖ്യമന്ത്രി വി ഡി സതീശൻ ഒളിഞ്ഞും തെളിഞ്ഞും ബിജെപിയുമായി സഹകരിക്കുകയാണ്‌. കേന്ദ്രത്തിൽനിന്ന്‌ സഹായം കിട്ടാനും ഗവർണറുടെ ഒ‍ൗദാര്യത്തിനുംവേണ്ടി ബിജെപിക്ക്‌ വഴങ്ങിക്കൊടുക്കുന്നതിൽ തെറ്റില്ലെന്നാണ്‌ സർക്കാർ നയം. യൂത്ത്‌ കോൺഗ്രസുകാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായെ കരിങ്കൊടികാണിച്ചതിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞു.


പിഎം ശ്രീ നടപ്പാക്കുന്നതുമുതൽ വിവിധ നിയമനങ്ങൾ വരെ ബിജെപിയെ പ്രീതിപ്പെടുത്താനാണ്‌. സർവകലാശാലകളും കോളേജുകളും ലോക്‌ഭവന്റെ നിർദേശങ്ങൾക്കനുസരിച്ച്‌ പ്രവർത്തിക്കാൻ തുറന്നിട്ട്‌ കൊടുത്തിരിക്കുന്നു. ഇങ്ങനെ ചങ്ങാത്തത്തിൽ ഇരിക്കുന്നവർക്കെതിരെ ചെറുവിരലനക്കാൻ സർക്കാറിന്‌ കഴിയില്ലെന്നതാണ്‌ യാഥാർഥ്യം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home