print edition ക്രമസമാധാനം തകർക്കാൻ കോൺഗ്രസ്–ബിജെപി ഒത്തുകളി

തിരുവനന്തപുരം : വിദ്യാർഥിവേട്ടയ്ക്ക് പൊലീസിനെ കയറൂരിവിട്ട് സംസ്ഥാനത്ത് ക്രമസമാധാനനില തകർക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തലസ്ഥാനം യുദ്ധക്കളമാക്കി മാറ്റി. എസ്എഫ്ഐ പ്രവർത്തകരെ കേട്ടുകേൾവിയില്ലാത്തവിധം ക്രൂരമായി വേട്ടയാടി.
കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയാഹ്ലാദപ്രകടനത്തിനുനേരെ കെഎസ്യു ക്രിമിനലുകൾ ആസൂത്രിതമായി ആക്രമണം നടത്തി. അക്രമികളെ സംരക്ഷിച്ച് മർദനമേറ്റവരെ ജാമ്യമില്ലാ വകുപ്പിട്ട് അറസ്റ്റ് ചെയ്തു. യുഡിഎഫ് അധികാരത്തിലെത്തിയശേഷം ഏകപക്ഷീയമായി 23 കള്ളക്കേസെടുത്തു. 85 വിദ്യാർഥികൾക്കെതിരെ കേസെടുത്ത്, വീടുകളിൽ നിത്യേന പൊലീസിനെ വിട്ട് ഭീകരാന്തരീക്ഷമുണ്ടാക്കി.
എജീസ് ഓഫീസിനുമുന്നിൽ സമരം നടത്തിയ യൂത്ത് കോൺഗ്രസുകാർ യൂണിവേഴ്സിറ്റി ഹോസ്റ്റലിലെത്തി തീപ്പന്തമെറിഞ്ഞു. പിജി വിദ്യാർഥിയുടെ വാഹനം കത്തിച്ചു. മന്ത്രി ജനീഷിന്റെ നിർദേശപ്രകാരമാണ് ഹോസ്റ്റൽ തകർക്കാൻ ശ്രമിച്ചത്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാന് പൊലീസ് സമ്മതിച്ചില്ല. പരിക്കേറ്റവർക്കെതിരെ കടുത്ത വകുപ്പിട്ടാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. അക്രമികൾക്ക് സംരക്ഷണവും ഇരകൾക്ക് കൊടുംപീഡനവുമാണ് യുഡിഎഫ് ഭരണത്തിൽ ലഭിക്കുന്നത്.
കോൺഗ്രസും ബിജെപിയും ചേർന്ന് നടത്തുന്ന ഗൂഢാലോചനയെ അപലപിക്കുന്നു. ഭരണകൂടഭീകരതയ്ക്കെതിരെ ബഹുജനപ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരും. കരിങ്കൊടി പ്രതിഷേധത്തെ ജനാധിപത്യരീതിയിൽ കാണാൻ സർക്കാരിന് കഴിയുന്നില്ല. ഭരണഹുങ്കിൽ ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാനാകില്ല. ജനവിരുദ്ധ നയങ്ങളും കൊള്ളരുതായ്മകളുമായി മുന്നോട്ടുപോയാൽ ജനങ്ങൾ തെരുവിൽ പ്രതികരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.









0 comments