print edition ഓർമകളിൽ നിറഞ്ഞ് സഹനസൂര്യൻ

പുഷ്പൻ അനുസ്‌മരണത്തിന്റെ ഭാഗമായി ചൊക്ലി മേനപ്രത്തെ സ്‌മൃതിമണ്ഡപത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് , ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം, സെക്രട്ടറി എം വിജിൻ എംഎൽഎ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീർ എന്നിവർ സമീപം
ചൊക്ലി (കണ്ണൂർ): കൂത്തുപറമ്പ് വെടിവയ്പിൽ അതീവ ഗുരുതരമായി പരിക്കേറ്റ് ശയ്യാവലംബിയായി മൂന്ന് പതിറ്റാണ്ടുകാലം സഹനജീവിതം നയിച്ച പോരാളി പുതുക്കുടി പുഷ്പന്റെ രണ്ടാം രക്തസാക്ഷിത്വ വാർഷികദിനം കേരളമാകെ സമുചിതം ആചരിച്ചു. ഡിവൈഎഫ്‌ഐ ആഭിമുഖ്യത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ അനുസ്‌മരണ യോഗം നടന്നു.
മുദ്രാവാക്യമായും ഗാനശകലമായും പെയ്‌തുതീരാത്ത സമരമായും ആവേശമുതിർക്കുന്ന പുഷ്‌പൻ പിന്നെയുംപിന്നെയും തലമുറകൾക്ക് ആവേശംപകരുന്ന ഓർമയാണെന്ന് യോഗങ്ങളിലെ പങ്കാളിത്തം തെളിയിച്ചു.
1994 നവംബർ 25ന് കൂത്തുപറമ്പ് തെരുവിൽ വെടിയേറ്റുവീണ പോരാളി മൂന്നു പതിറ്റാണ്ട് ഒരേകിടപ്പ് കിടന്നാണ് രണ്ടുവർഷംമുന്പ് വിങ്ങലായി വിടവാങ്ങിയത്.
ജന്മനാടായ ചൊക്ലി നോർത്ത് മേനപ്രത്ത് ഡിവൈഎഫ്‌ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനത്തിൽ ആയിരങ്ങൾ അണിചേർന്നു. കാഞ്ഞിരത്തിൻകീഴിൽ കേന്ദ്രീകരിച്ച് ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ നടന്ന പ്രകടനം നോർത്ത് മേനപ്രത്ത് സമാപിച്ചു.
അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ടി ജയേഷ് അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സംസ്ഥാന കമ്മിറ്റിയംഗം എ എൻ ഷംസീർ, പാനൂർ ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം, സെക്രട്ടറി എം വിജിൻ എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം പി പി സിദിൻ, ജില്ലാ പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി മുഹമ്മദ് അഫ്‌സൽ, ട്രഷറർ മുഹമ്മദ് സിറാജ്, ഷിബിൻ കാരായി, വി ഉദയൻ, എൻ കെ റൂബിൻ എന്നിവർ സംസാരിച്ചു. പാനൂർ ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ സ്വാഗതം പറഞ്ഞു. കണ്ണൂർ ബ്ലേക്ക് മീഡിയ ഒരുക്കിയ ‘ഉരിയാട്ട് പെരുമ’ ഫോക് മെഗാഷോയും അരങ്ങേറി.
രാവിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവുമുണ്ടായി. ബലികുടീരത്തിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്‌സൽ പതാക ഉയർത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ കെ സഞ്ജയ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജൻ എംഎൽഎ, കെ ഇ കുഞ്ഞബ്ദുള്ള, കെ പി ഷിനോജ് എന്നിവർ സംസാരിച്ചു.









0 comments