Deshabhimani

print edition പരിയാരം മെഡിക്കൽ കോളേജ്‌ ആശുപത്രിക്കെതിരെ പരാതി; ചികിത്സാപ്പിഴവ്‌: രോഗി ഗുരുതരാവസ്ഥയിൽ

Pariyaram Medical College Hospital
വെബ് ഡെസ്ക്

Published on Sep 08, 2026, 01:30 AM | 1 min read

പരിയാരം (കണ്ണൂർ): കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ചികിത്സാപ്പിഴവും തുടർചികിത്സയിലെ അനാസ്ഥയും രോഗിയുടെ നില അതീവ ഗുരുതരമാക്കിയെന്ന്‌ പരാതി. ആൻജിയോപ്ലാസ്റ്റിയെത്തുടർന്ന്‌ സ്ഥിതി വഷളായ നണിയൂർ നമ്പ്രം സ്വദേശിനി കെ പി ആയിശയുടെ നിലയാണ്‌ ഗുരുതരമായത്‌. കണ്ണൂർ എ കെ ജി സഹകരണ ആശുപത്രിയിൽ തീവ്രപരിചരണത്തിലാണിപ്പോൾ.


ഹൃദയസംബന്ധമായ അസുഖത്തിന്‌ ആഗസ്‌ത്‌ 21ന് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ്‌ 24ന് ആശുപത്രിവിട്ടു. വീട്ടിലെത്തിയശേഷം കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനാൽ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധയും കടുത്ത മൂത്രതടസവും ഉണ്ടായെങ്കിലും ഇതിന് മതിയായ ചികിത്സ ലഭിച്ചില്ല. സീനിയർ ഡോക്‌ടർമാരോ നെഫ്രോളജി വിഭാഗത്തിലെ വിദഗ്ധരോ പരിശോധിക്കാതെ, മെഡിസിൻ വിഭാഗത്തിലെ പിജി വിദ്യാർഥികളാണ് പരിശോധിച്ചത്. വൈറൽ പനിയാണെന്ന്‌ പറഞ്ഞ് ദിവസങ്ങളോളം കൃത്യമായ ചികിത്സ നൽകിയില്ല. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ രോഗിയെന്നുള്ള പരിഗണന കിട്ടിയില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.


നെഫ്രോളജി വിഭാഗത്തിലെ വനിതാ ഡോക്‌ടറോട് പരിശോധിക്കാൻ അഭ്യർഥിച്ചെങ്കിലും ചെയ്‌തില്ല. വൃക്കകളുടെ പ്രവർത്തനം തകരാറിലായി ആരോഗ്യാവസ്ഥ വളരെ മോശമായപ്പോഴാണ്‌ എ കെ ജി ആശുപത്രിയിലേക്ക് മാറ്റിയത്. നേരത്തേ വൃക്കരോഗം ഉണ്ടായിരുന്നില്ല.

മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും മനുഷ്യാവകാശ കമീഷനും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home