print edition പണം വാങ്ങിയത് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും; കേസെടുക്കാത്തത് എന്തേ?

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സിഎംആർഎല്ലുമായി ബന്ധപ്പെട്ട ഇടപാടിൽ ആദ്യം കേസെടുക്കേണ്ടത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ. സിഎംആർഎൽ ജീവനക്കാരനിൽനിന്ന് ലഭിച്ച ഡയറിയിൽ ഇരുവരുടെയും ചുരുക്കപ്പേരുണ്ട്. സിഎംആർഎല്ലിൽനിന്ന് പണം വാങ്ങിയെന്ന് ഇവർ സമ്മതിച്ചിട്ടുമുണ്ട്. രേഖകളൊന്നുമില്ലാതെ പണം വാങ്ങുകയും അത് സമ്മതിക്കുകയുംചെയ്‌ത ഇവരെങ്ങനെ കേസിൽനിന്ന് ഒഴിവാകും.
നിയമവിരുദ്ധമായി പണം വാങ്ങിയെന്ന് സമ്മതിച്ച ആഭ്യന്തര മന്ത്രി കേസിൽ പ്രതിയാകേണ്ടതാണ്. എന്നാൽ ഇതേ മന്ത്രിയാണ് നിയമപ്രകാരം രണ്ട് കമ്പനികൾ തമ്മിൽ ഉണ്ടാക്കിയ കരാറടിസ്ഥാനത്തിൽ നൽകിയ സേവനത്തിന് പ്രതിഫലം വാങ്ങിയതിൽ അഴിമതി ആരോപിച്ച് അന്വേഷണത്തിന് നിർദേശിച്ചത്.
സിഎംആർഎൽ 182 കോടിയോളം രൂപ, നിർദേശിച്ച ചെലവിന് വിനിയോഗിക്കാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്നാണ് ആരോപണങ്ങളുടെ ചുരുക്കം. ഇൗ 182 കോടി രൂപ രാഷ്‌ട്രീയ പ്രവർത്തകരും മാധ്യമങ്ങളും മറ്റും കൈപ്പറ്റിയതായും കണ്ടെത്തി. രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, ഉമ്മൻ ചാണ്ടി, ഇബ്രാഹിം കുഞ്ഞ് എന്നിവർക്കും പണം നൽകിയ വിവരം ഡയറിയിലുണ്ട്.
20,000 രൂപയിലധികം കൈമാറുമ്പോൾ സംഭാവന നൽകുന്നവരുടെ വിശദാംശം അറിയിക്കാൻ നിയമപരമായ ബാധ്യതയുണ്ട്. തുക അക്കൗണ്ട് വഴിയുമാകണം. തെരഞ്ഞെടുപ്പ് ചെലവിൽ ഇൗ തുക ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുമില്ല. ഗുരുതരമായ കുറ്റകൃത്യം മുന്നിലുള്ളപ്പോഴാണ് ഇരുമന്ത്രിമാരും അന്വേഷണ പരിധിയിൽപോലും വരാത്തത്.
ഇതിനുപുറമെ വിവിധ മാധ്യമങ്ങൾക്ക് 16 കോടിയും മറ്റ് ചെലവുകൾക്ക് 39 കോടി കൈമാറിയെന്നും ഡയറിയിലുണ്ട്. ആരാധനാലയങ്ങൾക്കും കോടികൾ നൽകി. രേഖകളില്ലാതെയുള്ള ഇടപാടുകൾ ഒഴിവാക്കുകയും നിയമാനുസൃതം കരാറിലേർപ്പെട്ടവർക്കെതിരെ കേസെടുക്കുകയും ചെയ്യുന്ന അതിവിചിത്രമായ കേസാണിത്.









0 comments