Deshabhimani

print edition രാഷ്ട്രീയവേട്ടയുടെ പുതിയ അധ്യായം

pinarayi vijayan press meet.jpg
വെബ് ഡെസ്ക്

Published on Sep 09, 2026, 12:32 AM | 1 min read

തിരുവനന്തപുരം: സിഎംആർഎൽ –എക്സാലോജിക്‌ കമ്പനികളുടെ ഇടപാടുകളുടെ പേരിൽ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡിയുടെ കത്ത്‌ കേന്ദ്ര ബിജെപി സർക്കാരിന്റെ രാഷ്‌ട്രീയവേട്ടയുടെ പുതിയ അധ്യായം മാത്രം. നിയമപരമായ ഇടപാടുകൾക്കെതിരെ ആദായനികുതി തർക്ക പരിഹാര ബോർഡ്‌ കേസെടുത്തതുമുതൽ നാൾവഴി പരിശോധിച്ചാൽ ഉന്നം വ്യക്തമാണ്‌. അക്കാലത്തുതന്നെ സിപിഐ എം അത്‌ പറഞ്ഞിട്ടുമുണ്ട്‌.


പിണറായി വിജയനെതിരെ ആരോപണമുന്നയിക്കുന്നതിലൂടെ സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും തകർച്ചയാണ്‌ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്‌. നാല്‌ കേസെടുത്താൽ, കോൺഗ്രസ്‌ അടക്കമുള്ള മറ്റ്‌ പാർടികളിലേതുപോലെ സംഘപരിവാറിന്റെ കാൽക്കൽപ്പോയി തലവയ്‌ക്കും സിപിഐ എം നേതാക്കൾ എന്ന്‌ കരുതിയവർക്ക്‌ തെറ്റി.


രാജ്യത്തെ രാഷ്‌ട്രീയചർച്ചയിലും ബഹുജന മുന്നേറ്റങ്ങളിലുമുള്ള സിപിഐ എമ്മിന്റെ പങ്കാണ്‌ പാർടിയെ ദുർബലമാക്കാൻ ബിജെപി കിണഞ്ഞ്‌ പരിശ്രമിക്കുന്നതിന്‌ പിന്നിൽ. എന്നാൽ, ജനങ്ങളുടെ മുന്നിൽ കേന്ദ്ര ഏജൻസികളുടെയും ബിജെപിയുടെയും മുഖം വെളിവാകുകയാണ്‌ ഇപ്പോൾ.


കള്ളക്കേസുകൾ കൊണ്ട്‌ സിപിഐ എമ്മിന്‌ പോറൽപോലും എൽപ്പിക്കാൻ കഴിയില്ലെങ്കിലും വ്യാജപ്രചാരണത്തിന്‌ ആയുധമാക്കുകയാണ്‌.

ടി വീണ മാത്രമാണ്‌ പണം വാങ്ങിയതെന്ന്‌ പറഞ്ഞവർ പിന്നീട്‌ മുഹമ്മദ്‌ റിയാസിനെയും ഇപ്പോൾ പിണറായി വിജയനെയും കേസിൽ കൂട്ടിച്ചേർത്തിരിക്കുന്നു. സിഎംആർഎല്ലിൽനിന്ന്‌ ഒരു രേഖയുമില്ലാതെ പണം വാങ്ങിയെന്ന്‌ സമ്മതിച്ചവർ സുഖമായി വാഴുമ്പോഴാണിത്‌.


രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഉ‍ൗഹങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കലല്ല കേന്ദ്ര ഏജൻസികളുടെ ജോലിയെന്ന്‌ വിവിധ കോടതികൾ വ്യക്തമാക്കിയിട്ടുള്ളതാണ്‌. ആഗസ്തിൽ കേന്ദ്രസർക്കാർ പാർലമെന്റിൽവച്ച കണക്കുപ്രകാരം, ഇഡി അഞ്ചുവർഷത്തിനിടെ എടുത്ത 4622 പിഎംഎൽഎ കേസിൽ ശിക്ഷിക്കപ്പെട്ടവ 43 മാത്രമാണ്‌.


മാത്യു കുഴൽനാടൻ നിരന്തരം ഹർജിയുമായി ചെന്നപ്പോഴും മസാലബോണ്ടിന്റെ പേര്‌ പറഞ്ഞ്‌ തോമസ്‌ ഐസകിനെതിരെ ഇഡി നീങ്ങിയപ്പോഴും ഹൈക്കോടതി വ്യക്തമാക്കിയ ചില കാര്യങ്ങളുണ്ട്‌. അതുതന്നെയേ ഇ‍ൗ കേസിലും സംഭവിക്കാൻ പോകുന്നുള്ളൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home