print edition ഇഡിക്ക് കുടപിടിച്ച് യുഡിഎഫ്; തെളിവില്ലെന്ന് മാധ്യമങ്ങളും: ലക്ഷ്യം വേട്ട


സി കെ ദിനേശ്
Published on Sep 24, 2026, 01:30 AM | 1 min read
തിരുവനന്തപുരം : സിഎംആർഎൽ– എക്സാലോജിക് കേസിൽ പിണറായി വിജയനെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തെളിവില്ലാത്തത് കേസിന്റെ ഭാവി വ്യക്തമാക്കുന്നുവെന്ന് മാധ്യമങ്ങൾ. ബിജെപിക്കായി രാഷ്‌ട്രീയ ലക്ഷ്യത്തോടെ നൽകിയ കത്താണ് ഇഡിയുടേതെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. കത്ത് തള്ളാൻ വിവേചനാധികാരമുണ്ടായിട്ടും അന്വേഷണം നടത്താൻ തീരുമാനിച്ച യുഡിഎഫ് സർക്കാരിന്റെ താൽപര്യം, ബിജെപിയെ പ്രീണിപ്പിക്കലും സിപിഐ എമ്മിനെ അപഹസിക്കലും മാത്രം.
കരാർ പ്രകാരം വീണയുടെ കമ്പനിക്ക് കിട്ടിയ പ്രതിഫലവും വായ്‌പയുമടക്കമുള്ള 3.28 കോടിരൂപ, പിണറായി വിജയനുള്ള കൈക്കൂലിയാണ് എന്നാണ് ഇഡിയുടെ കത്തിലെ വാദം. അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ വിജിലൻസ് കോടതി മുതൽ സുപ്രീംകോടതി വരെപോയി തോറ്റപ്പോഴേ ഇൗ വാദം പൊളിഞ്ഞു. കമ്പനിക്ക് സർക്കാർ വഴിവിട്ട് സേവനം ചെയ്തതായി തെളിയിക്കാനായിട്ടില്ല.
കേസ് നിലനിൽക്കില്ലെന്നുകണ്ടാണ് ഇഡി പുതിയ ഹവാല കഥയുണ്ടാക്കിയത്. വാരിസിന്റെ മൊഴിയായിരുന്നു അടിസ്ഥാനം. തന്നെ ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുത്തത് എന്ന് അദ്ദേഹം സത്യവാങ്‌മൂലം നൽകിയതോടെ അതും പൊളിഞ്ഞു. കേസ് നിലനിൽക്കില്ലെന്ന് പറയുന്ന മാധ്യമങ്ങൾ പക്ഷേ, ബിജെപിയുമായി ചേർന്നുള്ള യുഡിഎഫിന്റെ രാഷ്‌ട്രീയ ദുഷ്ടലാക്ക് തുറന്നുകാണിക്കാൻ തയ്യാറല്ല.
അന്വേഷിക്കാതെ തരമില്ലെന്ന യുഡിഎഫ് സർക്കാരിന്റെ വാദം മാധ്യമങ്ങൾ ആവർത്തിക്കുകയാണ്. പഞ്ചാബ്, തമിഴ്‌നാട്, പശ്ചിമബംഗാൾ സർക്കാരുകൾ ഇഡി കത്തുകൾ ചവറ്റുകുട്ടയിലിട്ട ചരിത്രം അവർ മറക്കുന്നു. സ്വർണ്ണക്കടത്ത് കേസിലടക്കം ഇഡി നൽകിയ കഥ അതേപടി സ്വന്തം വാർത്തപോലെ എൽഡിഎഫ് സർക്കാരിനെതിരെ ഉപയോഗിച്ച യുഡിഎഫ് മാധ്യമങ്ങളും, ‘ഇഡി പറയുന്നു’ എന്ന് വ്യക്തമാക്കാൻ നിർബന്ധിതമായി.










0 comments