print edition പി ജെ ജോസഫിന് കാബിനറ്റ് പദവി; മുഖ്യമന്ത്രി അപമാനിക്കുന്നുവെന്ന് കേരള കോൺഗ്രസ്

മുഹമ്മദ് ഹാഷിം
Published on Oct 12, 2026, 01:30 AM | 1 min read
കോട്ടയം: കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫിന് കാബിനറ്റ് പദവി നൽകുന്നത് പരിഗണിക്കാതെ മുഖ്യമന്ത്രി വി ഡി സതീശൻ. കേരള കോൺഗ്രസുമായി ഉഭയകക്ഷി ചർച്ച നടത്താൻ പോലും മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നാണ് പാർടി നേതൃത്വത്തിന്റെ പരാതി. മുസ്ലിംലീഗിനും എംഎൽഎമാരില്ലാത്ത ഫോർവേഡ് ബ്ലോക്കിനും കാബിനറ്റ് പദവി നൽകിയിട്ടും തങ്ങളെ പരിഗണിക്കാതെ മുഖ്യമന്ത്രി അപമാനിക്കുകയാണെന്നാണ് ആക്ഷേപം. കഴിഞ്ഞ ആഴ്ചയിലെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അജൻഡയിൽ വന്നില്ല.
അതിന് മുന്പത്തെ മന്ത്രിസഭാ യോഗത്തിൽ ഒൗട്ട് ഓഫ് അജൻഡ ആയിട്ടാണ് എം കെ മുനീറിനെ ഭരണപരിഷ്കാര കമീഷൻ ചെയർമാനായും ജി ദേവരാജനെ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായും തീരുമാനിച്ചത്. മന്ത്രി മോൻസ് ജോസഫ് പങ്കെടുക്കാത്ത യോഗത്തിലാണ് അദ്ദേഹത്തെ അറിയിക്കാതെ തീരുമാനമെടുത്തത്.
കേരള കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശും മുഖ്യമന്ത്രിക്കെതിരെ പരസ്യ പ്രതിഷേധം പ്രകടിപ്പിച്ചത്. അടൂർ പ്രകാശിന്റെ പ്രതികരണത്തെ തള്ളിയ മുഖ്യമന്ത്രി, കേരള കോൺഗ്രസിന്റെ എതിർപ്പും വകവയ്ക്കുന്നില്ല. മന്ത്രി മോൻസുമായി ഇക്കാര്യം ചർച്ച ചെ യ്യാൻ പോലും മുഖ്യമന്ത്രി തയ്യാറാകുന്നില്ല. തിങ്കളാഴ്ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേ വിഷയം യുഡിഎഫിൽ ശക്തമായി ഉന്നയിക്കാനാണ് തീരുമാനം.
ജോസഫിനെ അപമാനിക്കുന്നതിൽ നേതാക്കളും പ്രവർത്തകരും അമർഷത്തിലാണ്. ലീഗിന് അഞ്ച് മന്ത്രി സ്ഥാനവും ഒരു കാബിനറ്റ് പദവിയും നൽകിയിട്ടും അംഗബലത്തിൽ രണ്ടാമത്തെ ഘടകകക്ഷിയായ തങ്ങളെ മുഖ്യമന്ത്രിയും കോൺഗ്രസും അവഗണിക്കുന്നതാണ് ഇവരെ ചൊടിപ്പിക്കുന്നത്. തങ്ങൾ പാലിക്കുന്ന ആത്മസംയമനം ബലഹീനതയായി കാണരുതെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകുന്നു.









0 comments