ad
Deshabhimani

പൂർണമായി ഡിജിറ്റലൈസ്‌ ചെയ്‌ത ഓഫീസ്‌ പ്രവർത്തിക്കുന്നത് സ‍ൗരോർജത്തിൽ

വളർച്ചയുടെ വഴിയിൽ അഭിമാനത്തോടെ; സിപിഐ എം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

CPIM Palakkad DC Office

എം പി കുഞ്ഞിരാമൻ മാസ്‌റ്റർ സ്‌മാരകം പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ശരത് കൽപ്പാത്തി

വെബ് ഡെസ്ക്

Published on Mar 03, 2026, 08:09 PM | 2 min read

പാലക്കാട്: സിപിഐ എം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് സ. എം പി കുഞ്ഞിരാമൻ മാസ്‌റ്റർ സ്‌മാരകം പൊളിറ്റ് ബ്യൂറോ അം​ഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു അധ്യക്ഷനായി.


പാർടിയുടെ വളർച്ചയ്‌ക്കും കാലഘട്ടത്തിനും അനുസൃതമാണ്‌ പുതിയ ഓഫീസ്‌. പൂർണമായി ഡിജിറ്റലൈസ്‌ ചെയ്‌ത ഓഫീസ്‌ പ്രവർത്തനമാണ്‌ ലക്ഷ്യം. 2025 ആഗസ്‌തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ്‌ കെട്ടിടം നവീകരിക്കാൻ തീരുമാനിച്ചത്‌. ബഹുജനങ്ങളിൽനിന്ന്‌ സംഭാവന സ്വീകരിച്ചിട്ടില്ല. ജില്ലയിലെ നാൽപ്പത്തി രണ്ടായിരത്തോളം വരുന്ന പാർടി അംഗങ്ങൾ നൽകിയ തുകയാണ്‌ ഉപയോഗിച്ചത്‌. കഴിഞ്ഞ സെപ്‌തംബറിൽ തുടങ്ങിയ നിർമാണം ജനുവരി അവസാനത്തോടെ പൂർത്തിയാക്കി. നിലവിലുള്ള കെട്ടിടത്തിന്റെ ഘടന നിലനിർത്തിക്കൊണ്ടുതന്നെ മുകളിൽ ഒരുനില പണിതു. താഴത്തെ നിലയിലെ ഹാൾ 250 പേർക്ക്‌ ഇരിക്കാവുന്ന നിലയിൽ വിസ്‌തൃതമാക്കി.


ഒന്നാംനിലയിലാണ്‌ ഓഫീസ്‌ പ്രവർത്തിക്കുക. ജില്ലാ സെക്രട്ടറിയുടെ മുറി, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങൾ എന്നിവർക്ക്‌ ഇരിക്കാനുള്ള സ‍ൗകര്യം, രണ്ട്‌ ഗസ്റ്റ്‌ റൂമുകൾ, ലൈബ്രറി, വാർത്താസമ്മേളനം നടത്താനുള്ള മുറി, സമൂഹമാധ്യമ പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക സ‍ൗകര്യം എന്നിവയാണ്‌ ഒന്നാംനിലയിലുള്ളത്‌.


പുതുതായി നിർമിച്ച നിലയിലാണ്‌ ജില്ലാ കമ്മിറ്റി യോഗം ചേരുക. ജില്ലാ സെക്രട്ടറിയറ്റ്‌ യോഗം ചേരാനുള്ള ഹാൾ, ഗസ്റ്റ്‌ റൂം, അടുക്കള, ഡൈനിങ് ഹാൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. പൂർണമായും സ‍ൗരോർജത്തിലാണ്‌ ഓഫീസ്‌ പ്രവർത്തിക്കുക. ജില്ലയിലെ സാധാരണക്കാരുടെ ആശാകേന്ദ്രമായും രാഷ്‌ട്രീയത്തിനതീതമായ ജനസേവന കേന്ദ്രമായും തുടർന്നും ഓഫീസ്‌ പ്രവർത്തിക്കും.


ഉദ്ഘാടന യോ​ഗത്തിൽ എ കെ ബാലന്റെ നിയമസഭയിലെ പ്രസംഗങ്ങൾ ഉൾപ്പെടുത്തിയ പുസ്‌തകം ‘പക്ഷം– മറുപക്ഷം’ മന്ത്രി എം ബി രാജേഷിനുനൽകി മുഖ്യമന്ത്രി പ്രകാശിപ്പിച്ചു. ഓഫീസ്‌ ആധുനിക രീതിയിൽ രൂപകൽപനചെയ്‌ത ആൽക്കമി ആർക്കിടെക്‌ട്‌ ഉടമയും ഡിസൈനറുമായ സുബീഷ്‌ മാധവൻ, പ്രണവ്‌ എന്നിവർക്ക്‌ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു.


പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ, മന്ത്രി എം ബി രാജേഷ്‌ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി കെ രാജേന്ദ്രൻ സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി കെ ന‍ൗഷാദ്‌ നന്ദിയും പറഞ്ഞു. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ രാധാകൃഷ്‌ണൻ എംപി, കെ എസ്‌ സലീഖ, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ‍, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home