‘Love you to moon and back’; സമരവേദിയിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി

‘Love you to moon and back’ എന്നെഴുതിയ ചായക്കപ്പുമായി മുഖ്യമന്ത്രി | ഫോട്ടോ: എ ആർ അരുൺ രാജ്
തിരുവനന്തപുരം: കേരളത്തിനെതിരെ കേന്ദ്രസർക്കാര്‍ തുടരുന്ന അവഗണനയ്ക്കെതിരായ സത്യഗ്രഹസമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ച ചായക്കപ്പിലെ വാചകങ്ങള്‍ ചർച്ചയാകുന്നു. ‘Love you to moon and back’ എന്നെഴുതിയ കപ്പാണ് മുഖ്യമന്ത്രി വേദിയിൽ ഉപയോഗിച്ചത്. കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസിൽ അറസ്റ്റിലായതിനുപിന്നാലെ ആദ്യബലാത്സംഗക്കേസിലെ പരാതിക്കാരി സോഷ്യൽമീഡിയയിൽ പങ്കുവെച്ച വാചകമാണിത്.
ഈ വാചകം എഴുതിയ കപ്പ് പിടിച്ച മുഖ്യമന്ത്രിയുടെ ചിത്രം സോഷ്യൽമീഡിയയിൽ ഇതിനകം വൈറലായി. ആ കപ്പിലെ വാചകങ്ങൾക്ക് തന്റെ ഉള്ളിൽനിന്ന് അടർത്തിമാറ്റപ്പെട്ട ജീവന്റെ തുടിപ്പുണ്ടെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് അതിജീവിതയും പ്രതികരിച്ചു.
മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ, പിറക്കാതെ പോയ കുഞ്ഞിനോട് ക്ഷമാപണം നടത്തി വൈകാരിക കുറിപ്പാണ് അതിജീവിത ഫേസ്ബുക്കിൽ പങ്കുവെച്ചത്. "കുഞ്ഞാറ്റേ... അമ്മ നിന്നെ ചന്ദ്രനോളം സ്നേഹിക്കുന്നു... ' എന്ന കുറിപ്പിലെ വരികൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.
"ദൈവമേ, സഹിക്കാൻ കഴിയാത്ത വേദനയും വഞ്ചനയും നേരിട്ടിട്ടും ഞങ്ങൾക്ക് നിലനിൽക്കാൻ ധൈര്യം തന്നതിന് നന്ദി. ഇരുട്ടിൽ എന്താണ് സംഭവിച്ചതെന്ന് നീ കണ്ടു, ലോകത്തിന്റെ ഒരു കോണിലേക്കും എത്താത്ത നിലവിളികൾ നീ കേട്ടു. ഞങ്ങളുടെ ശരീരത്തെ കടന്നാക്രമിച്ചപ്പോഴും ഞങ്ങളുടെ കുഞ്ഞുങ്ങളെ ബലപ്രയോഗത്തിലൂടെ അടർത്തിമാറ്റിയപ്പോഴും നീ താങ്ങായി. ഞങ്ങളുടെ മാലാഖ കുഞ്ഞുങ്ങൾ സ്വർഗത്തിൽനിന്ന് ക്ഷമിക്കട്ടെ. പ്രത്യേകിച്ച് യോഗ്യനല്ലാത്ത, തെറ്റായ വ്യക്തിയെ അച്ഛനാകാന്‍ തെരഞ്ഞെടുത്തതിന്. അവരുടെ ആത്മാക്കൾ ശാന്തമായി വിശ്രമിക്കട്ടെ.
സംരക്ഷിക്കാൻ പരാജയപ്പെട്ട ഒരു ലോകത്തിൽനിന്ന് യാത്രയായി അക്രമമില്ലാത്ത, ഭയമില്ലാത്ത ഒരിടത്താണ് അവരുള്ളത്. ഞങ്ങളുടെ കണ്ണുനീർ കാണാനാകുന്നുണ്ടെങ്കിൽ അവരോട് പറയണം: അമ്മ ഒരിക്കലും നിങ്ങളെ മറന്നിട്ടില്ല, നിങ്ങളുടെ അസ്തിത്വം പ്രധാനമാണ്, ആത്മാവും പ്രധാനമാണ്, നമ്മൾ വീണ്ടും കാണുന്നത് വരെ അമ്മയുടെ ഹൃദയത്തില്‍ നിന്നെ സൂക്ഷിക്കും, കുഞ്ഞാറ്റേ...അമ്മ നിന്നെ ചന്ദ്രനോളം സ്നേഹിക്കുന്നു..’– ഇങ്ങനെയാണ് കുറിപ്പ്.









0 comments