കള്ളക്കേസും കുടിലതന്ത്രങ്ങളുംകൊണ്ട് മാധ്യമം സമരം ഒതുക്കാനാവില്ല: സിഐടിയു

തിരുവനന്തപുരം: 'മാധ്യമം' ദിനപ്പത്രത്തിലെ ജീവനക്കാർക്ക് ജോലി ചെയ്ത 8 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ കൊടുത്ത് തീർക്കണമെന്ന് സിഐടിയു. മാധ്യമത്തിലെ ജീവനക്കാരുടെ അനിശ്ചിതകാല സമരതതെ പിന്തുണച്ച സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീമിനെതിരെ മാധ്യമം മാനേജ്‌മെന്റ് നടത്തുന്ന വ്യാജ പ്രചാരണങ്ങളും നിയമനടപടികളും അപലനീയമാണെന്ന് സിഐടിയു പ്രസ്താവനയിൽ അറിയിച്ചു. സമര ഉദ്ഘാടന പ്രസംഗത്തിന്റെ പേരിൽ എളമരം കരീം മാനേജ്‌മെന്റിന് ഒരു കോടി രൂപ നൽകണമെന്നാവശ്യപ്പെട്ടുള്ള നിയമ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ മുഴുവൻ തൊഴിലാളികളോടും സിഐടിയു സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു.
തൊഴിൽ സമരങ്ങളെ അടിച്ചമർത്താനും തൊഴിലാളികളുടെ ഐക്യം തകർക്കാനുമാണ് മാനേജ്‌മെന്റ് ഇത്തരം കുടിലതന്ത്രങ്ങളിലൂടെ ശ്രമിക്കുന്നത്. സമരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ജീവനക്കാരെ പേര് നോക്കി ടാർഗറ്റ് ചെയ്ത് പ്രതികാര ബുദ്ധിയോടെ പുറത്താക്കാൻ ശ്രമിക്കുന്ന മാനേജ്‌മെന്റ് നടപടി ഇതിനകം തന്നെ തൊഴിൽ വകുപ്പിന്റെ ഇടപെടലിലൂടെ ചോദ്യം ചെയ്യപ്പെട്ടതാണ്. സ്ഥാപനത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും സംബന്ധിച്ച് പ്രസംഗത്തിൽ പരാമർശിച്ച കാര്യങ്ങൾ വളച്ചൊടിച്ച്, അതിനെ വർഗീയവൽക്കരിക്കാനും 'ഇസ്‌ലാമോഫോബിയ' ആരോപണങ്ങളുടെ പേരിൽ കള്ളക്കേസുകൾ എടുക്കാനും ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്.
വിമർശനങ്ങളെയും എതിരഭിപ്രായങ്ങളെയും ദേശദ്രോഹികളായി മുദ്രകുത്തുന്ന സംഘപരിവാർ ശൈലിയാണ് ജമാഅത്തെ ഇസ്‌ലാമി നേതൃത്വവും മാധ്യമം മാനേജുമെന്റും ഇവിടെ പയറ്റുന്നത്. ജനാധിപത്യ-മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും നേതാക്കളെ ഇത്തരത്തിൽ ചാപ്പയടിക്കുന്നത് ഭൂരിപക്ഷ വർഗീയവാദികളെ സന്തോഷിപ്പിക്കാനെ ഉപകരിക്കൂ.
മാധ്യമം ജീവനക്കാരുടെ ജീവൽ സമരം നാടൊന്നാകെ ഏറ്റെടുത്ത് വിജയിപ്പിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ, തൊഴിലാളി പ്രസ്ഥാനങ്ങളെ കരിവാരിത്തേക്കാൻ നോക്കുന്ന മാനേജ്‌മെന്റിന്റെ നികൃഷ്ട പ്രചാരണങ്ങളെ തൊഴിലാളികൾ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കണം. മാനേജ്‌മെന്റിന്റെ കള്ളക്കേസുകളെ നിയമപരമായും അവരുടെ രാഷ്ട്രീയ കുതന്ത്രങ്ങളെ ജനകീയമായും നേരിടുമെന്നും സമരം വിജയം കാണുന്നതുവരെ മുഴുവൻ തൊഴിലാളികളും ജീവനക്കാർക്കൊപ്പം അടിയുറച്ചുനിൽക്കുമെന്നും സിഐടിയു സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.









0 comments