print edition മുഖ്യമന്ത്രിയുടെ സ്വന്തം ലഹരിമാഫിയ; ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചില്ല


സ്വന്തം ലേഖകൻ
Published on Aug 19, 2026, 01:00 AM | 1 min read
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയടക്കം എംഡിഎംഎയുമായി പിടിയിലായ യൂത്ത്കോൺഗ്രസ് നേതാക്കളിൽനിന്ന് പിടിച്ചെടുത്ത ഫോണുകൾ ഫോറൻസിക് പരിശോധനക്കയച്ചില്ല. വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ മുഹമ്മദ് ഹുസൈൻ ഉൾപ്പെടെയുള്ള മൂന്നുപേരിൽനിന്ന് പിടിച്ചെടുത്ത ആറ് ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാൻ പൊലീസ് കോടതിയുടെ അനുമതി തേടിയിട്ടില്ല.
മുഖ്യമന്ത്രിയും പ്രതിയും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന ഡിജിറ്റൽ തെളിവ് പുറത്താകാതിരിക്കാനാണ് നടപടി. ഫോണിലെ സിഡിആർ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ കണ്ടെത്താൻ മൊബൈൽ ഫോൺ നെറ്റ്വർക്ക് പ്രൊവൈഡർമാർക്കും കത്ത് നൽകിയിട്ടില്ല. കാൾ, ദിവസം, സമയം, ദൈർഘ്യം തുടങ്ങിയവ ഇതുവഴി കണ്ടെത്താനാകും. എന്നാൽ, വാട്സാപ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം വഴിയുള്ള ചാറ്റ്, കാൾ, മെസേജുകൾ തുടങ്ങിയവ കണ്ടെത്താനും ഡിലീറ്റ് ചെയ്തവ തിരിച്ചെടുക്കാനും ഫോറൻസിക് പരിശോധന വേണം. അതു വേണ്ടെന്നാണ് ചന്തേര പൊലീസിന് ലഭിച്ച കർശന നിർദേശം.
മലക്കം മറിഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം : എംഡിഎംഎ കേസിൽ അറസ്റ്റിലായ സ്വന്തം അനുയായി മുഹമ്മദ് ഹുസൈനുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ. നവകേരള സദസ്സിൽ മർദനമേറ്റശേഷമാണ് ഹുസൈനെ പരിചയമെന്ന് നേരത്തെ പറഞ്ഞ മുഖ്യമന്ത്രി ഇഷ്ടംപോലെ പലരും വന്നുകാണും, പലരും ഫോട്ടോ എടുത്തുകാണുമെന്ന പുതിയ ന്യായീകരണവുമായി രംഗത്തെത്തി.
നവകേരള സദസിന് രണ്ടുവർഷംമുന്പേ ഇരുവരും തമ്മിലുള്ള പടങ്ങളടക്കം പുറത്തുവന്നതോടെ മുന്പ് പറഞ്ഞത് മാറ്റിപ്പറഞ്ഞു. പെരുന്പാവൂരിൽ എത്തിയ നവകേരള സദസ്സിന് കരിങ്കൊടി കാട്ടിയതിന് പൊലീസ് മർദനമേറ്റ ഹുസൈനെ അതിന് ശേഷമാണ് പരിചയപ്പെട്ടതെന്നാണ് മുഖ്യമന്ത്രി മുൻപ് പറഞ്ഞത്. എന്നാൽ 2023 ഡിസംബർ ഏഴുമുതൽ പത്തുവരെയായിരുന്നു നവകേരള സദസ് എറണാകുളത്ത് എത്തിയത്. പെരുന്പാവൂരിൽ ഡിസംബർ എട്ടിനും. അന്ന് ഒരു പൊലീസ് മർദനവും ഹുസൈന് ഏറ്റിരുന്നില്ല. എന്നാൽ ഇതിനും വളരെമുമ്പ് 2021 മുതൽ 2023 നവംബറിൽവരെ ഇരുവരും പറവൂരിലെ വീട്ടിലും ഓഫീസിലും കണ്ടതിന്റെ ചിത്രങ്ങൾ ഹുസൈൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇരുവരും അടുപ്പക്കാരെപ്പോലെയാണ് പെരുമാറിയത്. പ്രതിപക്ഷ നേതാവായിരിക്കെ നിയമസഭയിലെ ഓഫീസിൽവച്ചും ഇവർ കണ്ടുമുട്ടിയിട്ടുണ്ട്. നിരവധി പേരിൽ ഒരാളായാണ് ഹുസൈനെ കണ്ടതെന്ന പ്രതിപക്ഷ നേതാവിനെ വാദവും അപ്പാടെ പൊളിഞ്ഞു.









0 comments