പഠനം പൂര്‍ത്തിയാക്കി തൊഴിലന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് മാസം ആയിരം രൂപ വീതം ധനസഹായം ലഭിക്കും
print edition കണക്ട് ടു വർക്കില്‍ 10,000 ഗുണഭോക്താക്കള്‍ ; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 10,000 ഗുണഭോക്താക്കൾ. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് നാലിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
യുവജനങ്ങളിൽനിന്ന് വലിയ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിക്കുന്നത്. ഇതിനോടകം 36,500 അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതില്‍നിന്ന് സൂക്ഷ്മ പരിശോധന പൂർത്തിയാക്കി അർഹരായ 10,000 പേരുടെ ആദ്യഘട്ട പട്ടിക തയ്യാറാക്കി സര്‍ക്കാരിന് കൈമാറിയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ടെത്തും.
പഠനം പൂര്‍ത്തിയാക്കി തൊഴിലന്വേഷിക്കുന്ന ഉദ്യോഗാർഥികള്‍ക്കുണ്ടാകുന്ന സാമ്പത്തിക മാനസിക സമ്മർദം കുറയ്ക്കുകയെന്ന ലക്ഷ്യത്തിലാണ് മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി ആരംഭിച്ചത്. മത്സരപ്പരീക്ഷകൾക്കോ നൈപുണ്യ പരിശീലനത്തിനോ തയ്യാറെടുക്കുന്ന യുവതീയുവാക്കൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതാണ് പദ്ധതി.
അർഹരായ ഉദ്യോഗാർഥികൾക്ക് മാസം ആയിരം രൂപ വീതം ഒരു വർഷത്തേക്ക് ധനസഹായം ലഭിക്കും.18നും 30നും ഇടയില്‍ പ്രായമുള്ളവരാകണം അപേക്ഷകര്‍. കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപ വരെയുള്ള പ്ലസ് ടു, വിഎച്ച്എസ്ഇ, ഐടിഐ, ഡിപ്ലോമ, ബിരുദം എന്നിവ പാസായവർക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. പൂർണമായും സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.










0 comments