അതൃപ്‌തി അറിയിച്ച് ചെന്നിത്തല
print edition ന്യൂസ്‌റൂം റെയ്‌ഡ് ആഭ്യന്തരമന്ത്രിക്കുള്ള ‘പണി’


റഷീദ് ആനപ്പുറം
Published on Sep 19, 2026, 01:01 AM | 2 min read
തിരുവനന്തപുരം : വിദേശത്തായിരുന്ന ആഭ്യന്തരമന്ത്രി തിരിച്ചെത്തുന്നതിന് തലേനാൾ റിപ്പോർട്ടർ ചാനലിലെ ന്യൂസ്‌റൂമിൽ പൊലീസ് നടത്തിയ റെയ്‌ഡിനുപിന്നിൽ ഗൂഢാലോചന. റെയ്‌ഡിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പരസ്യമായി ന്യായീകരിക്കുന്നുണ്ടെങ്കിലും യാഥാർഥ്യം മറിച്ചാണ്. അതൃപ്‌തി ചെന്നിത്തല കടുത്തഭാഷയിൽ സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചതായാണ് വിവരം. നാട്ടിലേക്കുള്ള യാത്രയിൽ ഇന്റലിജൻസ് മേധാവിയിൽനിന്ന് അദ്ദേഹം മുഴുവൻ വിവരവും ശേഖരിച്ചിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി വിദേശത്തുപോയ തക്കംനോക്കി അദ്ദേഹത്തിന്റെ വലംകൈ ടെന്നി ജോപ്പനെയും ജിക്കുമോനെയും അറസ്റ്റ് ചെയ്‌തതിന് സമാനമായ ‘കളി’ ന്യൂസ്‌റൂം റെയ്‌ഡിലും സംശയിക്കുന്നവരുണ്ട്.
ആഭ്യന്തരമന്ത്രിയെ കഴിയുന്നത്ര സമ്മർദത്തിലാക്കുന്നതിനായി മുഖ്യമന്ത്രി വി ഡി സതീശന്റെ അടുപ്പക്കാരനായ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ആസൂത്രണം ചെയ്‌തതാണ് റെയ്‌ഡ്. ആക്‌ഷൻപ്ലാൻ ഉൾപ്പെടെ മുഖ്യമന്ത്രിയെ അറിയിച്ചു. അതീവ ഗൗരവമല്ലാത്ത കേസിലാണ് പുലർച്ചെ ഇടിവണ്ടിയിൽ ഇരച്ചെത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. ന്യൂസ്‌റൂമിൽ കയറിയത് ഒഴിവാക്കാമായിരുന്നെന്നാണ് ചെന്നിത്തലയ്ക്ക് കിട്ടിയ ഇന്റലിജൻസ് വിവരം.
സർക്കാരിൽ കുറച്ചുകാലമായി പുകയുന്ന ഉൾപോരിന്റെ ഭാഗമാണ് റെയ്‌ഡെന്ന് സംശയിക്കുന്നവരുണ്ട്. എംഡിഎംഎയുമായി തന്റെ സോഷ്യൽമീഡിയ കോഓർഡിനേറ്റർ മുഹമ്മദ് ഹുസൈനെ പൊലീസ് പിടിച്ചതിൽ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്‌തിയുണ്ട്. രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനിയാണ് ഹുസൈനെന്ന് ചെന്നിത്തല നേരിട്ട് വെളിപ്പെടുത്തി. ഹുസൈന്റെ ഫോൺ ഫോറൻസിക് പരിശോധനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് തൊട്ടുപിന്നാലെ ഫോൺ കോടതിയിലാണെന്നും ചെന്നിത്തല പറഞ്ഞു. ഇതെല്ലാം പോരിന് വഴിയൊരുക്കി.
ജോപ്പനെയും ജിക്കുമോനേയും അറസ്റ്റ് ചെയ്തതിൽ ഉമ്മൻചാണ്ടി ഗൂഢാലോചന ആരോപിച്ചിരുന്നു. അന്ന് ഉമ്മൻചാണ്ടി വിരുദ്ധപക്ഷത്തായിരുന്ന സതീശനടക്കം അറസ്റ്റിൽ പങ്കുണ്ടായിരുന്നതായും ആരോപണമുയർന്നു. തർക്കത്തിനൊടുവിൽ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂരിന് വകുപ്പ് നഷ്‌ടമായി. പകരം മന്ത്രിയായത് ചെന്നിത്തലയും.
റെയ്‌ഡിൽ തെറ്റുണ്ടെങ്കിൽ അന്വേഷിക്കും
റിപ്പോർട്ടർ ചാനലിലെ റെയ്‌ഡുമായി ബന്ധപ്പെട്ട് തെറ്റായി എന്തെങ്കിലും ഉണ്ടെങ്കിൽ അന്വേഷിക്കാൻ തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമപ്രകാരമാണ് റെയ്‌ഡ് നടത്തിയത്. റെയ്‌ഡ് വിവരം ഇന്റലിജൻസിൽനിന്ന് കിട്ടിയിരുന്നു. റെയ്‌ഡിനുശേഷം അന്വേഷിച്ചിരുന്നു. ചാനലിന്റെ പ്രവർത്തനം തടസ്സപ്പെട്ടിട്ടില്ല. നിർഭയമായി മാധ്യമപ്രവർത്തനം നടത്താൻ കേരളത്തിൽ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇഡിയുടെ കത്തിൽ നിയമോപദേശം ശനിയാഴ്ച കിട്ടുമെന്ന് കരുതുന്നു. മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും. താനും വ്യവസായമന്ത്രിയും കാശുവാങ്ങി എന്ന മൊഴിയിൽ അന്വേഷണത്തെ ഭയക്കുന്നില്ല. ഓപ്പറേഷൻ തൂഫാനിൽ അറസ്റ്റിലായ ഹുസൈന്റെ ഫോൺ ഇപ്പോഴും കോടതിയിലാണ്. എത്ര ഉന്നതരായാലും രക്ഷപ്പെടാൻ അനുവദിക്കില്ല. സർക്കാർ വാടക ഹെലികോപ്‌റ്ററിന്റെ കരാർ പുതുക്കുന്ന കാര്യത്തിൽ തുരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.









0 comments