Deshabhimani

print edition ചലച്ചിത്ര അക്കാദമി നാഥനില്ലാക്കളരി: ഡോക്യുമെന്ററി ഫെസ്‌റ്റ്‌ മുടങ്ങി; ഐഎഫ്‌എഫ്‌കെ പ്രതിസന്ധിയിൽ

Chalachitra Academy
വെബ് ഡെസ്ക്

Published on Sep 06, 2026, 12:03 AM | 1 min read

തിരുവനന്തപുരം: ചെയർമാനും സെക്രട്ടറിയും ജനറൽ ക‍ൗൺസിലുമില്ലാതെ ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനം സ്‌തംഭിച്ചതോടെ ഡോക്യുമെന്ററി ഫെസ്‌റ്റും രാജ്യാന്തര ചലച്ചിത്രമേളയും പ്രതിസന്ധിയിൽ. അക്കാദമിയിലെ ഫിനാൻഷ്യൽ ഡെപ്യൂട്ടി ഡയറക്ടർക്ക്‌ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകിയിട്ടുണ്ടെങ്കിലും ചെയർമാനും ഭരണസമിതിയുമില്ലാത്തതിനാൽ പ്രവർത്തനങ്ങൾ പേരിന്‌ മാത്രമാണ്‌.


ജൂൺ, ജൂലൈ മാസത്തിൽ നടക്കേണ്ട രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഇതുവരെ നടത്താനായിട്ടില്ല. 25 മുതൽ 30വരെ നടത്തുമെന്നാണ്‌ പ്രഖ്യാപനം. എന്നാൽ, നടപടിയായിട്ടില്ല. ചെയർമാനും ഭരണസമിതിയുമില്ലാത്തത്‌ ഫെസ്‌റ്റിനെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്‌. ഡിസംബറിലെ കേരള രാജ്യാന്തര ചലച്ചിത്രമേളയും പ്രതിസന്ധിയിലാണ്‌. സിനിമാ എൻട്രികൾ ക്ഷണിച്ചതിലൊതുങ്ങി പ്രവർത്തനം. എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി 10 ആണ്‌. സിനിമകളുടെ തെരഞ്ഞെടുപ്പ്‌, സെൻസറിങ്‌, ജൂറി രൂപീകരണം, വിദേശ അതിഥികളെയും പ്രതിനിധികളെയും തീരുമാനിക്കൽ തുടങ്ങിയവയൊന്നും ചിന്തിച്ചിട്ടുപോലുമില്ല.


ടെലിവിഷൻ അവാർഡുകളും പ്രഖ്യാപിച്ചിട്ടില്ല. ഇതിന്റെ ജൂറിയെ എന്ന്‌ പ്രഖ്യാപിക്കുമെന്നും സൂചനയില്ല. സംഗീത നാടക അക്കാദമിയിലും ലളിതകലാ അക്കാദമിയിലും ഇതേ അവസ്ഥയാണ്‌. യുഡിഎഫ്‌ സർക്കാർ അധികാരത്തിലേറിയതോടെ അക്കാദമികളിലെ ചെയർമാൻമാരും ഭരണസമിതികളും സ്ഥാനമൊഴിഞ്ഞിരുന്നു. മൂന്നരമാസം കഴിഞ്ഞിട്ടും പുതിയ നിയമനം നടത്താൻ സർക്കാരിനായിട്ടില്ല.


ചലച്ചിത്ര അക്കാദമിയിൽ ഉടൻ ചെയർമാനെ നിയമിക്കുമെന്നാണ്‌ സാംസ്‌കാരിക മന്ത്രി പി സി വിഷ്‌ണുനാഥ്‌ ആദ്യവാർത്താസമ്മേളനം മുതൽ പറയുന്നത്‌. മൂന്ന്‌ മാസം പിന്നിട്ടിട്ടും ഇത്‌ ആവർത്തിക്കുന്നതല്ലാതെ ചെയർമാനായിട്ടില്ല. ചെയർമാൻ സ്ഥാനത്തിൽ തീരുമാനമുണ്ടാകാത്തത്‌ ചലച്ചിത്രമേളയെ ബാധിക്കുമെന്ന ആശങ്ക അടൂർ ഗോപാലകൃഷ്‌ണനും പങ്കുവച്ചിരുന്നു. അക്കാദമിയുടെ നാൽപ്പതോളം പ്രോജക്ടുകളും മുടങ്ങിയിരിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home