print edition കേന്ദ്ര ബജറ്റ് നിരാശാജനകം: മഹിളാ അസോസിയേഷൻ

തിരുവനന്തപുരം: കേരളത്തോട് സമ്പൂർണ അവഗണന കാണിച്ച കേന്ദ്ര ബജറ്റ് തീർത്തും നിരാശാജനകമാണെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. കേരളത്തിനുള്ള പ്രത്യേക പാക്കേജ് തുടങ്ങി നാം ഉന്നയിച്ച ആവശ്യങ്ങളോടും നിഷേധാത്മക സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്.
രാജ്യം നേരിടുന്ന നിർണായക പ്രശ്നങ്ങളോടും ബജറ്റ് പ്രതികരിച്ചിട്ടില്ല. ട്രംപ് നടത്തുന്ന താരിഫ് യുദ്ധത്തെ പ്രതിരോധിക്കാൻ നടപടിയൊന്നും ബജറ്റിൽ ഇല്ല. പൂർണമായും അമേരിക്കയ്ക്ക് ഇന്ത്യ കീഴടങ്ങുകയാണെന്ന് ഇത് വ്യക്തമാക്കുന്നു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പൂർണമായും അട്ടിമറിക്കപ്പെടുകയാണ്. സാധാരണ ജനങ്ങളെയും സ്ത്രീകളെയും ബദൽ നയം മുന്നോട്ടുവയ്ക്കുന്ന കേരളത്തെയും അവഗണിച്ച ബജറ്റിനെതിരെ വലിയ പ്രതിഷേധം ഉയർത്തണം. അസോസിയേഷൻ വില്ലേജ് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കെ എസ് സലീഖയും സെക്രട്ടറി സി എസ് സുജാതയും പ്രസ്താവനയിൽ അറിയിച്ചു.
എഫ്എസ്ഇടിഒ
രാജ്യം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മയും വരുമാനശോഷണവും സാധാരണക്കാരുടെ ക്രയശേഷി ചുരുങ്ങലും അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഫലപ്രദമായ നിർദേശങ്ങളൊന്നും മുന്നോട്ടുവയ്ക്കാത്ത ബജറ്റ് കേരളത്തെ അതിക്രൂരമായി അവഗണിച്ചെന്ന് എഫ്എസ്ഇടിഒ. കേരളം ആവശ്യപ്പെട്ട 29 പദ്ധതികളിൽ ഒന്നുപോലും അനുവദിച്ചില്ല. കേന്ദ്ര ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണം. ബജറ്റിന്റെ ജനവിരുദ്ധ ശുപാർശകൾക്കെതിരെ തിങ്കളാഴ്ച സംസ്ഥാനത്തെ ഓഫീസുകളിലും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം സംഘടിപ്പിക്കണമെന്ന് പ്രസിഡന്റ് ടി കെ എ ഷാഫിയും ജനറൽ സെക്രട്ടറി എം വി ശശിധരനും അഭ്യർഥിച്ചു.
സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ
കേന്ദ്ര ബജറ്റിൽ കേരളത്തെയും വയോജനങ്ങളെയും പാടെ അവഗണിച്ചതായി സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ. ജനസംഖ്യയുടെ 20 ശതമാനത്തോളം വരുന്ന വയോജനങ്ങൾക്കായി ഒരുരൂപപോലും മാറ്റിവച്ചിട്ടില്ല. നികുതി വിഹിതം വർധിപ്പിക്കാതെ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.
കേരള പ്രവാസി സംഘം
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസി സമൂഹത്തെ കേന്ദ്ര ബജറ്റിൽ പൂർണമായും അവഗണിച്ച കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് കേരള പ്രവാസി സംഘം.
പ്രവാസി ക്ഷേമ പദ്ധതികൾക്കായി കേന്ദ്ര സഹായം വേണമെന്ന സംസ്ഥാന സർക്കാരിന്റെയും ലോക കേരള സഭയുടെയും കേരള പ്രവാസി സംഘം ഉൾപ്പെടെയുള്ള സംഘടനകളുടെയും വർഷങ്ങളായുള്ള ആവശ്യത്തിന് നേരെ കേന്ദ്രം കണ്ണടച്ചിരിക്കുകയാണ്. പ്രവാസിവിരുദ്ധമായ ബജറ്റിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയർത്തും. കേന്ദ്ര നിലപാടിനെതിരെ എല്ലാ പ്രവാസി കുടുംബങ്ങളും രംഗത്തിറങ്ങണമെന്ന് കേരള പ്രവാസി സംഘം ആഹ്വാനം ചെയ്തു.











0 comments