വയനാടിനുള്ള കേന്ദ്രസഹായം; മറുപടിയില്ലാതെ ഒഴിഞ്ഞുമാറി രാജീവ് ചന്ദ്രശേഖർ

കൊച്ചി: വയനാട് പുനരധിവാസത്തിനുള്ള കേന്ദ്രസർക്കാർ സഹായം നൽകാത്തതിന് മറുപടിയില്ലാതെ ഒഴിഞ്ഞുമാറി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള സംസ്ഥാന സർക്കാരിന്റെ വീടുകൾ ബുധനാഴ്‌ച കൈമാറുകയാണെന്നും അർഹമായ കേന്ദ്രസഹായം ലഭിച്ചില്ലെന്നും മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായാണ് ഉത്തരമില്ലാതെ ബിജെപി അധ്യക്ഷൻ ഒഴിഞ്ഞു മാറിയത്.
വിഷയത്തിൽ പ്രതികരിക്കാൻ എൻഡിഎ വൈസ് ചെയർമാൻ എ എൻ രാധാകൃഷ്ണനെ ചുമതലപ്പെടുത്തി രാജീവ് ചന്ദ്രശേഖർ തടിതപ്പി. അധ്യക്ഷനോടാണ് ചോദ്യം എന്ന് ആവർത്തിച്ചിട്ടും ഫലമുണ്ടായില്ല. കേരളം ചോദിക്കുന്ന തുക മുഴുവൻ നൽകാൻ കഴിയില്ലെന്നാണ് എ എൻ രാധാകൃഷ്‌ണൻ നൽകിയ മറുപടി.
ശബരിമല സ്വർണമോഷണ കേസ് അന്വേഷിക്കുന്ന എസ്‌ഐടിയിൽ വിശ്വാസമില്ലെന്ന് രാജീവ് ചന്ദ്രശേഖർ ആവർത്തിച്ചു. തന്ത്രിയെ ന്യായീകരിക്കുന്നില്ല. ഇൗ വിഷയത്തിൽ കെ എസ് രാധാകൃഷ്‌ണൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ബിജെപിയുടേതല്ല. കേരള സ്‌റ്റോറി കണ്ടിട്ടില്ല, കാണുന്നുമില്ല. എന്നാൽ സിനിമ നിർമിക്കാൻ എല്ലാവർക്കും അവകാശമുണ്ട്– രാജീവ് ചന്ദ്രശേഖർ പറഞ്ഞു.










0 comments