ആശുപത്രിയിലെ അഗ്നിബാധ: രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്സ് വാഹനത്തിന്റെ വഴിമുടക്കി കാർ

ഫയർഫോഴ്സ് വാഹനത്തിന്റെ വഴി തടഞ്ഞ് പോകുന്ന കാർ | Screengrab
ആലപ്പുഴ: രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്സ് വാഹനത്തിന് വഴികൊടുക്കാതെ കാർ യാത്രികന്റെ സാഹസം. ആലപ്പുഴ തുറവൂർ താലൂക്ക് ആശുപത്രിയിൽ അഗ്നിബാധ ഉണ്ടായതിനെ തുടർന്ന് തീയണക്കാന്‍ പോയ ഫയർഫോഴ്സ് വാഹനത്തിന് മുന്നിലാണ് കാർ വഴിമുടക്കി സഞ്ചരിച്ചത്. സംഭവത്തിൽ ഫയർഫോഴ്സ് പൊലീസിൽ പരാതി നൽകി. കെഎൽ 32 വി 7934 എന്ന നമ്പരിലുള്ളതാണ് കാർ.
ചൊവ്വാഴ്ച രാവിലെയാണ് തുറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. ഡയാലിസിസ് യൂണിറ്റിന് മുകൾ ഭാഗത്തുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ നിന്നുമാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. ആശുപത്രി ജീവനക്കാർ മരുന്നെടുക്കാൻ മുറി തുറന്നപ്പോൾ വൈദ്യുതി ലൈനിൽനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെ എയ്ഡ് പോസ്റ്റിലെ പൊലീസ് ഫയർഫോഴ്സിനെ വിവരമറിയിച്ചു.
ആലപ്പുഴ, അരൂർ, ചേർത്തല, മട്ടാഞ്ചേരി എന്നിവിടങ്ങളിൽനിന്നുമാണ് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയത്. ആലപ്പുഴയിൽനിന്നും പോയ ഫയർഫോഴ്സ് വാഹനത്തിന് മുന്നിലാണ് കാർ വഴിതരാതെ ഓടിച്ചത്.










0 comments