വൻകിടക്കാരുടെ കിട്ടാക്കടങ്ങൾ ലഘൂകരിച്ച് എഴുതിത്തള്ളുന്ന നയങ്ങൾ പിൻവലിക്കുക: കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ സെമിനാർ

തിരുവനന്തപുരം: വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തുന്ന വൻകിട കുത്തകകൾക്ക് ചെറിയ തുകമാത്രം തിരിച്ചടിച്ച് രക്ഷപ്പെടുവാൻ അവസരം ഒരുക്കുന്ന ഇൻസോൾവൻസി ആൻഡ് ബാങ്ക്രപ്സി കോഡ് പോലുള്ള സംവിധാനങ്ങൾ പിൻവലിക്കണം എന്ന് കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.
കനറാ ബാങ്ക് സ്റ്റാഫ് യൂണിയന്റെ പതിനേഴാമത് ദേശീയ സമ്മേളനങ്ങളോടനുബന്ധിച്ച് തിരുവനന്തപുരത്ത് BEFI സെന്ററിൽ വെച്ച് “IMPACTS OF HAIRCUTS ON INDIAN BANKING'' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ BEFI അഖിലേന്ത്യാ പ്രസിഡന്റ് എസ് എസ് അനിൽ വിഷയം അവതരിപ്പിച്ചു. കിട്ടാക്കടം തിരിച്ച് പിടിക്കുവാൻ എന്ന പേരിൽ 2016 ൽ കൊണ്ടുവന്ന ഇൻസോൾവൻസി ആൻഡ് ബാങ്ക്രപ്സി കോഡ് വൻകിട കുത്തകകൾക്ക് തങ്ങൾ എടുത്ത വലിയ കടങ്ങൾക്ക് പകരം വളരെ ചെറിയ തുക മാത്രം തിരിച്ചടിച്ച് രക്ഷപ്പെടാൻ ഉതകുന്ന ഒന്നായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സീ മീഡിയ നെറ്റ്‌വർക്ക് സ്ഥാപകനും ബിജെപി മുൻ രാജ്യസഭാ അംഗവുമായ സുഭാഷ് ചന്ദ്ര എടുത്ത 22006 കോടിയുടെ വായ്പ കേവലം 6 കോടിയിൽ പരം തുക മാത്രം തിരിച്ചടയ്ക്കുന്ന രീതിയിൽ ഒത്ത് തീർപ്പാക്കിയിരിക്കുകയാണ്. 22000 കോടി രൂപ ഹെയർക്കട്ട് എന്ന ഓമനപ്പേരിൽ എഴുതിത്തള്ളിയിരിക്കുകയാണ്. സർക്കാർ പാർലിമെൻ്റിൽ വെയ്ക്കുന്ന വായ്പ എഴുതി തള്ളൽ സംബന്ധിച്ച കണക്കുകളിൽ ഇത്തരം ഹെയർക്കട്ട് ഉൾപ്പെടുന്നില്ല എന്നത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോർപറേറ്റുകൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരി കൊടുക്കുന്ന സർക്കാർ യുപിഎ ഇടപാടുകൾക്ക് ചാർജ്ജ് ഈടാക്കാൻ നടത്തുന്ന നീക്കം സാധാരണക്കാരെയും കച്ചവടക്കാരെയും ദോഷകരമായി ബാധിക്കുന്നുവെന്നും സെമിനാറിൽ അഭിപ്രായം ഉയർന്നു.
ആൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാ സെക്രട്ടറി എസ് ശ്രീകുമാർ, കനറാ ബാങ്ക് റിട്ടയറീസ് ഫോറം വൈസ് പ്രസിഡൻറ് എഎസ് അജിത്ത്, ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ മണികണ്ഠൻ എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു. സിബിഎസ്‍യു സംസ്ഥാന സെക്രട്ടറി കെ ഹരികുമാർ അധ്യക്ഷത വഹിച്ചു. സിബിഎസ്‍യു വൈസ് പ്രസിഡൻറ് കെജി സുനിൽകുമാർ സ്വാഗതവും ബെഫി ജില്ലാ സെക്രട്ടറി എൻ നിഷാന്ത് നന്ദിയും പറഞ്ഞു.
കനറാ ബാങ്ക് സ്റ്റാഫ് യൂണിയന്റെ പതിനേഴാമത് ദേശീയ സമ്മേളനം 2026 നവംബർ 14, 15 തീയതികളിൽ തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് നടക്കും. ദേശീയ സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള കേരള സംസ്ഥാന സമ്മേളനം ഒക്ടോബർ 10, 11 തീയതികളിൽ മലപ്പുറത്ത് വെച്ച് നടക്കും.









0 comments