print edition പിണറായിയും മട്ടന്നൂരും മാത്രമല്ല; ഇരിക്കൂറും പേരാവൂരുമുണ്ടീ ഹോസ്റ്റലിൽ

കലിക്കറ്റ് സർവകലാശാല മെൻസ് ഹോസ്റ്റലിൽ മുറികൾക്ക് നൽകിയിട്ടുള്ള പേരുകൾ
തേഞ്ഞിപ്പലം: കലിക്കറ്റ് സർവകലാശാല മെൻസ് ഹോസ്റ്റലിൽ ‘കണ്ണൂർ ബ്ലോക്ക്' കണ്ടെത്തിയ ചാനലുകാർ കണ്ടത് പിണറായി, മട്ടന്നൂർ, കല്യാശ്ശേരി, കൂത്തുപറമ്പ് എന്നീ സ്ഥലങ്ങളെഴുതിയ മുറികൾമാത്രം. ഇരിക്കൂറും പേരാവൂരും മാഹിയും പറശ്ശിനിക്കടവും മഞ്ചേരിയും കൊല്ലവും ഒക്കെ ഇവിടെയുണ്ടെന്നത് എസ്എഫ്ഐ വിരോധത്താൽ മറച്ചുവച്ചു.
ഈ മുറികളുടെ പേരുകളൊന്നും മനോരമ ചാനലിന് സ്ഥലനാമങ്ങളല്ല. തെക്കിനി, ദേവാലയം, ചേലക്കരക്കാരൻ, കൊമാല, വിയറ്റ്നാം കോളനി, കമ്മട്ടിപ്പാടം, ഗുളികൻത്തറ, ഫാൽക്കൺ തുടങ്ങി സിനിമകളുടെയും നോവലുകളുടെയും പേരിൽ മുറികൾ ഈ ഹോസ്റ്റലിൽതന്നെയുണ്ട്.
വിദ്യാർഥികളുടെ മെസ് ഹാളിനുമുകളിലാണ് ഹോസ്റ്റൽ. വർഷങ്ങൾക്കുമുമ്പേ താമസിച്ചവർ എഴുതിവച്ച സ്ഥലനാമങ്ങളും സിനിമ, നോവൽ പേരുകളും ഇവിടെ കാണാം. വർഷത്തിലൊരിക്കൽ പെൺകുട്ടികളുടെ ഹോസ്റ്റലിലുള്ളർക്ക് മെൻസ് ഹോസ്റ്റലിൽ ‘ഫീസ്റ്റ്' നൽകും.
ഇവരെ സ്വീകരിക്കാനാണ് കഴിഞ്ഞ കാലങ്ങളിൽ പലപ്പോഴും മുറികളുടെ മുകളിൽ ഇത്തരത്തിൽ സ്ഥലനാമങ്ങൾ കുറിക്കാറുള്ളതെന്ന് ഹോസ്റ്റലിലെ കുട്ടികൾതന്നെ സാക്ഷ്യപ്പെടുത്തുന്നു. സംഘടനാ ഭേദമില്ലാതെ എല്ലാ കുട്ടികളും വിരുന്നിനെത്തിയിരുന്നു. കോവിഡ് കാലഘട്ടത്തിനുശേഷം ‘ഫീസ്റ്റ്' നടന്നിട്ടില്ല.
വർഷങ്ങൾക്കുമുമ്പേ വിദ്യാർഥികൾ എഴുതിവച്ച പേരുകളിൽ ‘താൽപ്പര്യമുള്ളത്' മാത്രമെടുത്ത് വാർത്ത ചമയ്ക്കുകയായിരുന്നു ചാനലുകാർ. കെഎസ്‌യു വിദ്യാർഥികൾക്ക് ഹാജർ നൽകണമെന്ന കെഎസ്‌യു–എംഎസ്എഫ് മുന്നണി നേതൃത്വം നൽകുന്ന യൂണിവേഴ്സിറ്റി യൂണിയൻ ചില പ്രിൻസിപ്പൽമാർക്ക് നൽകിയ ലെറ്റർപാഡിലുള്ള നിയമവിരുദ്ധ കത്ത് പുറത്തുവന്നതിലുള്ള ജാള്യം മറയ്ക്കാനായി മെനഞ്ഞെടുത്തതാണ് ‘കണ്ണൂർ ബ്ലോക്ക്' കള്ളവാർത്ത.
കാലാകാലങ്ങളിൽ ഹോസ്റ്റലുകൾ പെയിന്റടിച്ച് വൃത്തിയാക്കാൻ സർവകലാശാലാ അധികൃതർ ശ്രമിക്കാത്തതാണ് കാലപ്പഴക്കമുള്ള എഴുത്തുകൾപോലും ഇന്നും ചുവരുകളിൽ നിലനിൽക്കാൻ കാരണമെന്നത് സൗകര്യപൂർവം മനോരമ ചാനൽ മറക്കുന്നുമുണ്ട്.









0 comments