ഹൈക്കോടതി പ്ലീഡർമാരുടെ വേതനം പരിഷ്ക്കരിച്ചു: മന്ത്രിസഭായോഗ തീരുമാനങ്ങൾ

ഫയൽ ചിത്രം
തിരുവനന്തപുരം: ഹൈക്കോടതിയിലെ ഗവൺമെന്റ് സ്പെഷ്യൽ പ്ലീഡർ, സീനിയർ ഗവൺമെൻറ് പ്ലീഡർ, ഗവൺമെൻ്റ് പ്ലീഡർ എന്നിവരുടെ മാസവേതനം പരിഷ്ക്കരിക്കാൻ ഇന്നുചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. യഥാക്രമം 1,50,000, 1,40,000, 1,25,000 എന്ന നിരക്കിൽ വർധിപ്പിക്കും. വർധനവിന് 2022 ജനുവരി ഒന്ന് മുതൽ പ്രാബല്യം നൽകി കുടിശ്ശിക അനുവദിക്കും.
അഡ്വക്കേറ്റ് ജനലിന്റെ ഫീസ്, അലവൻസ് എന്നിവയും അഡീഷണൽ അഡ്വക്കേറ്റ്സ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, സ്റ്റേറ്റ് അറ്റോർണി എന്നിവരുടെ ഫീസ്, അലവൻസ് എന്നിവയും പരിഷ്‌കരിക്കും. റീട്ടെയ്നർ ഫീസ്- 2,50,000, അലവൻസ്- 50,000, സുപ്രീംകോടതി മുമ്പാകെ ഹാജരാകുന്നതിന്- 60,000, ഹൈക്കോടതി ഡിവിഷൻബെഞ്ച് മുമ്പാകെ ഹാജരാകുന്നതിന്- 15,000, ഹൈക്കോടതി സിംഗിൾ ബെഞ്ച് മുമ്പാകെ ഹാജരാകുന്നതിന്- 7500 എന്നിങ്ങനെയാണിത്.
മന്ത്രിസഭായോഗ തീരുമാനങ്ങൾ
തസ്തിക
കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷനിൽ ഒരു കൺസൾട്ടൻ്റ് ട്രാൻസ്‌പ്ലാൻ്റ് കോ-ഓർഡിനേർ തസ്തിക സൃഷ്ടിക്കും. ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തിക ദിവസവേതനാടിസ്ഥാനത്തിൽ അനുവദിക്കും.
മാറ്റം വരുത്തും
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും ബോർഡുകൾ, കമ്മീഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഐടി ഉൽപനങ്ങൾ വാങ്ങുമ്പോൾ ഒരേ സ്പെസിഫിക്കേഷനുള്ള ഇനങ്ങളുടെ വില ജം പോർട്ടലിൽ ലഭ്യമായ വിലയുമായി താരതമ്യം ചെയ്ത് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പോർട്ടൽ മുഖേന സംഭരിക്കേണ്ടതാണെന്ന വ്യവസ്ഥയ്ക്ക് വിധേയമായി സെൻട്രലൈസ്ഡ് പ്രൊക്വയർമെൻറ് റെയ്റ്റ് കോൺട്രാക്ട് സിസ്റ്റം തുടരും.
കൂടുതൽ പൊതു ഐ.ടി ഉൽപ്പന്നങ്ങളുടെ സ്പെസിഫിക്കേഷനുകൾ നിശ്ചയിച്ച് അവയുടെ വില വിവരങ്ങൾ സഹിതം CPRCS പോർട്ടലിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ ഐടി മിഷൻ ഡയറക്ടർ സ്വീകരിക്കേണ്ടതാണ്.
മൂലഉപകരണം ഉൽപാദകർക്കുള്ള (OEM) പണം അടയ്ക്കാനുള്ള കാലതാമസം ഒഴിവാക്കുവാനും CPRCS വഴി ഓർഡർ ചെയ്ത ഉൽപ്പന്നങ്ങളുടെ ഡെലിവറി / സേവനം വേഗത്തിലാക്കുവാനും CPRCS ൻ്റെ നിലവിലെ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ കേരള സ്റ്റേറ്റ് ഐ ടി മിഷനും കെൽട്രോണും കൈക്കൊള്ളണം.
ജെം (GeM) പോർട്ടലിൻ്റെ ഉപയോഗം സംബന്ധിച്ച് വകുപ്പുകൾക്ക് ആവശ്യമായ പരിശീലനവും പ്രവർത്തന മാർഗനിർദ്ദേശങ്ങളും വെബ്സൈറ്റ് വഴി നൽകിയിട്ടുണ്ടെന്ന് കേരള സ്റ്റേറ്റ് ഐ ടി മിഷൻ ഉറപ്പാക്കണം.
കരാർ അടിസ്ഥാനത്തിൽ നിയമിക്കും
മുൻ സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റിയായിരുന്ന ബി.രാധാകൃഷ്ണനെ കേരള സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റിയായി 2 വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും.









0 comments