ad
Deshabhimani

10115 പേർക്ക് കൂടി കർഷക പെൻഷൻ; 13 ഉന്നതി കുടുംബങ്ങൾക്ക് വയനാട് ടൗൺഷിപ്പ് മാതൃകയിൽ വീട്: മന്ത്രിസഭാ തീരുമാനം

cabinet
വെബ് ഡെസ്ക്

Published on Mar 15, 2026, 09:02 AM | 8 min read

തിരുവനന്തപുരം: 2021 ശേഷം 60 വയസ് തികഞ്ഞ 10115 കർഷകർക്ക് കൂടി ചെറുകിട - നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2000 രൂപ പെൻഷൻ അനുവദിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. ഇതിനായി 24. 276 കോടി രൂപ അനുവദിക്കും. ഇതിന് പുറമേ കൃഷിവകുപ്പ് ഡയറക്ടർ പുതിയതായി ലഭ്യമാക്കിയ 2225 കർഷകരുടെ പെൻഷൻ അപേക്ഷകൾ കൂടി സമയബന്ധിതമായി പരിശോധിച്ച് തീരുമാനം എടുക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. നിലവിൽ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട 6201 കർഷകർക്ക് പുറമേയാണ് ഇത്രയും കർഷകരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.


13 ഉന്നതി കുടുംബങ്ങൾക്ക് വയനാട് ടൗൺഷിപ്പ് പ്രോജക്ട് മാതൃകയിൽ വീട്


മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ബാധിച്ച പുഞ്ചിരിമട്ടം, എറാട്ടുകുണ്ട്, വില്ലേജ് റോഡ് ഉന്നതികളിലെ 13 കുടുംബങ്ങൾക്ക് വയനാട് ടൗൺഷിപ്പ് പ്രോജക്ട് മാതൃകയിൽ വീടുകൾ നിർമ്മിച്ചു നൽകും. KIIFCON നെ എംപ്ലോയേഴ്സ് റെപ്രസെൻററ്റീവായും ULCCS നെ EPC കോൺട്രാക്ടറായും നിയമിക്കുന്നതിന് അനുമതി നൽകി



തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യും


ഡിസംബര്‍ 31, 2014 വരെ സംഭവിച്ച എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴയിൽ 50 ശതമാനം ഇളവ് അനുവദിക്കാൻ Amnesty Scheme പുറപ്പെടുവിക്കാൻ തീരുമാനിച്ചു. ഒരേ വാഹനങ്ങൾക്ക് നിരവധി ഇ-ചെല്ലാൻ പെൻഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങൾക്ക് ഉയർന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ- ചെല്ലാൻ തീർപ്പുകൽപ്പിക്കുന്നതിൽ നിന്നും വാഹന ഉടമകളെ പിൻതിരിപ്പിക്കുന്നത്. ഇ- ചെല്ലാൻ കേസുകൾ വർദ്ധിക്കുന്നതിനനുസരിച്ച് കോടതികളിൽ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ തീർപ്പുകൽപ്പിക്കാനുള്ള ഇ- ചെല്ലാനുകൾക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് പ്രഖ്യാപിക്കണമെന്ന ഗതാഗത കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചാണ് തീരുമാനം. നിയമന ലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴ 30.4.2026ന് മുമ്പ് അടച്ച് തീർക്കുമെന്ന വ്യവസ്ഥയിലാണ് 50 ശതമാനം ഇളവ് അനുവദിക്കുക.



1857 അധ്യാപക തസ്തികകൾ


സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 1857 അധ്യാപക അധിക തസ്തികകൾ അനുവദിക്കും. 2025 - 26 അധ്യയന വർഷത്തിൽ നടത്തിയ തസ്തിക നിർണയത്തിൻറെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശിപാർശ അംഗീകരിച്ചു കൊണ്ടാണ് തീരുമാനം. ഇതനുസരിച്ച് സർക്കാർ സ്കൂളുകളിൽ 655 അധിക തസ്തികകളും എയ്ഡഡ് സ്കൂളുകളിൽ 1202 അധിക തസ്തികളുമാണ് സൃഷ്ടിക്കുന്നത്. തസ്തികകൾക്ക് ജനുവരി 10 2025 മുതൽ പ്രാബല്യം അനുവദിക്കും.


ജൽജീവൻ മിഷൻ പദ്ധതികൾ


ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് മുമ്പ് മന്ത്രിസഭായോഗം അംഗീകാരം നൽകിയ പദ്ധതികളിൽ കരാർ നടപടികളുമായി മുന്നോട്ടു പോകുന്നതിനും ഇതിനുള്ള തുക കേന്ദ്രം ലഭ്യമാകാത്ത പക്ഷം സംസ്ഥാന ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും അനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു .നിലവിൽ 10 പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയായി ലെറ്റർ ഓഫ് ആക്സെപ്റ്റൻസ് നൽകാൻ സജ്ജമായ അവസ്ഥയിലാണ്.

ഇവയുടെ ആകെ അടങ്കൽ തുക 15337.09 ലക്ഷം രൂപയാണ്.


നിലവിൽ കരാർ ഒപ്പിടാൻ ഉദ്ദേശിക്കുന്ന 10 പ്രവർത്തികൾ കുടിവെള്ള പദ്ധതിയുടെ അഭിവാജ്യ ഘടകങ്ങളാണ്. അതുകൊണ്ടു ഇവ പൂർത്തിയാക്കാതെ ഇരുന്നാൽ മറ്റ് വിതരണം ശ്യംഖലകൾ സജ്ജമായാലും ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ സാധിക്കില്ല. ഈ സാഹചര്യങ്ങൾ വിശദമായി പരിശോധിച്ചാണ് മന്ത്രിസഭ കരാറുകൾ ഒപ്പിടാൻ അനുമതി നൽകിയത്.

നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം കേന്ദ്ര വിഹിതം ഉറപ്പില്ലാത്തതിനാൽ കേന്ദ്ര സർക്കാർ തുക നൽകാത്ത പക്ഷം സംസ്ഥാന ഫണ്ടിൽ നിന്നും വഹിക്കാമെന്ന് എന്ന ഉറപ്പിന്മേലാണ് കരാറുകൾ ഒപ്പിടാൻ അനുമതി നൽകുന്നത്


കരാർ ഒപ്പ് വെയ്ക്കാൻ അനുമതി നൽകിയ പദ്ധതികൾ


1. എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം ചെങ്ങമനാട് നെടുമ്പാശ്ശേരി- പാറക്കടവ് പഞ്ചായത്ത്


2. എറണാകുളം ജില്ലയിലെ വെങ്ങോല , രായമംഗലം

കരിപീലിപ്പാടി


3. എറണാകുളം ജില്ലയിലെ രാമമംഗലം - മാറാടി - പാമ്പക്കുട


4. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി , വാഴത്തോപ്പ് , മര്യാപുരം , കാമാക്ഷി , വാത്തിക്കുടി, വണ്ണാപുരം


5. മലപ്പുറം താനൂർ മുനിസിപ്പാലിറ്റിയെ നാല് പഞ്ചായത്തുകളുമായി ബന്ധപ്പെടുന്ന പൈപ്പ്ലൈൻ പദ്ധതി


6. പത്തനംത്തിട്ട ജില്ലയിലെ ചെന്നീർക്കര & ഓമല്ലൂർ പഞ്ചായത്തുകൾ ബന്ധിപ്പിക്കുന്ന പദ്ധതി


7. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് - ഉഴമലയ്ക്കൽ പഞ്ചായത്തുകൾ ബന്ധിപ്പിക്കുന്ന പൈപ്പ്ലൈൻ പദ്ധതി


8. തിരുവനന്തപുരം ജില്ലയിലെ വെട്ടിച്ചാൻക്കുന്ന് - ആര്യനാട് - ഉഴമലയ്ക്കൽ

പ്രദേശത്തെ കുടിവെള്ള പദ്ധതി


9. തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചൽ മടവൂർ നാവായിക്കുളം കുടിവെള്ള പദ്ധതി


10. തിരുവനന്തപുരം ജില്ലയിലെ ആനാട് - നന്നിയോട്

പൈപ്പ്ലൈൻ പദ്ധതി


ജൽജീവൻ പദ്ധതിക്കായി 4000 കോടി നബാർഡ് വായ്പ


ജൽ ജീവൻ പദ്ധതിയുടെ സംസ്ഥാന വിഹിതം ലഭ്യമാക്കുന്നതിനായി NIDA പദ്ധതി പ്രകാരം നമ്പാർഡിൽ നിന്നും 4000 കോടി രൂപ വായ്പ എടുക്കുന്നതിന് കേരള വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ സമർപ്പിച്ച പ്രൊപ്പോസൽ അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.


പദ്ധതിയുടെ സംസ്ഥാന വിഹിതം കണ്ടെത്തുന്നതിനായി മുൻപ് അനുവദിച്ച 9000 കോടി രൂപയുടെ ഭാഗമായി പദ്ധതിയുടെ കീഴിൽ നബാർഡിൽ നിന്നും ബാക്കി തുകയായ 4000 കോടി രൂപ കൂടി വായ്പ എടുക്കുന്നതിനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്. വായ്പക്ക് സർക്കാർ ഗ്യാരണ്ടി അനുവദിക്കും. ധനകാര്യ വകുപ്പ് നിശ്ചയിച്ചിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും വിധേയമായിട്ടായിരിക്കും കേരള വാട്ടർ അതോറിറ്റി നബാർഡിൽ നിന്നും വായ്പ എടുക്കുന്നത്


എസ് പി വി


നവകേരള സദസ്സുമായി ബന്ധപ്പെട്ട് ധർമ്മടം മണ്ഡലത്തിൽ അനുവദിച്ച നവകേരള മിനി ഓഡിറ്റോറിയം എന്ന പദ്ധതിയുടെ എസ് പി വി ആയി കെ എസ് ഐ ടി ഐ എല്ലിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു.


ഐ ടി അഫിലിയേറ്റ് പ്രോഗ്രാമിന് അംഗീകാരം


കേരളത്തിലെ സർക്കാർ ഐടി പാർക്ക് പുറത്തുള്ള ഐടി & ഡിജിറ്റൽ ടെക്നോളജി കമ്പനികൾക്ക് ഐടി പാർക്ക് / കോ വർക്കിംഗ് സ്പെയിസുകൾക്ക് കേരള സർക്കാർ ഐടി പാർക്കുമായി സഹകരിക്കാനും കേരള ഐ ടി ബ്രാൻഡിന് ഒപ്പം വളർച്ചയിൽ മികവു പുലർത്താൻ സാധ്യമാക്കുന്ന പദ്ധതിയായ അഫിലിയേറ്റ് പ്രോഗ്രാമിന് അംഗീകാരം നൽകി


പുതുക്കിയ ഭരണാനുമതി


കോഴിക്കോട് കേന്ദ്രമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാൻറ് സാധിക്കുന്നതിനായി ചേവായൂരിൽ ഡെർമറ്റോളജി ആശുപത്രിയുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമ്മാണത്തിനായി സമർപ്പിച്ച 34,91,17,743 രൂപയുടെ എസ്റ്റിമേറ്റിന് പുതുക്കിയ ഭരണാനുമതി നൽകുകയും ആകെ പ്രവർത്തികളുടെ ഭരണാനുമതി 651.45 കോടി രൂപയായി പുതുക്കിക്കൊണ്ടും 10.06.25 ലെ ഉത്തരവ് ഭേദഗതി ചെയ്തു.


പത്ത് ലക്ഷം രൂപയുടെ പ്രത്യേക പുനരധിവാസ പാക്കേജ്


കണ്ണൂർ അന്താരാഷ്ട്ര വിമാനത്താള റൺവേ വികസനത്തിനായി കണ്ണൂർ ജില്ലയിലെ തലശേരി താലൂക്കിലെ കീഴല്ലൂർ വില്ലേജിലെ 245.32 ഏക്കർ ഭൂമി ഏറ്റെടുക്കുമ്പോൾ കുടിയൊഴിക്കപ്പെടുന്ന കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപയുടെ പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിച്ചു.


2025 - 2026 അധ്യയന വർഷത്തിൽ നടത്തിയ തസ്തിക നിർണയത്തിൻ്റെ അടിസ്ഥാനത്തിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അധ്യാപക അനധ്യാപക തസ്തികകൾ (സ്ഥിരം/ താൽക്കാലികം) സൃഷ്ടിക്കും. 144 തസ്തികളാണ് ഈ വിഭാഗത്തിൽ സൃഷ്ടിക്കുന്നത്. അക്കാദമിക് വിഭാഗത്തിൽ 5 ഡെപ്യൂട്ടേഷൻ തസ്തികളും സൃഷ്ടിക്കും.


കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ 152 പുതിയ തസ്തികൾ


കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ 152 പുതിയ തസ്തികൾ സൃഷ്ടിക്കും മെഡിക്കൽ ഓഫീസർ, നേഴ്സിങ് ഓഫീസർ,ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 ഫാർമസിസ്റ്റ് ഗ്രേഡ് 2 തുടങ്ങിയ തസ്തികളാണ് സൃഷ്ടിക്കുന്നത്. കണ്ണൂർ സർക്കാർ ആയുർവേദ കോളേജിൽ ക്രിയാശരീര വകുപ്പിൽ ഒരു പ്രൊഫസർ തസ്തികയും ഒരു അസിസ്റ്റൻറ് പ്രൊഫസർ തസ്തികയും സൃഷ്ടിക്കും.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി


കോഴിക്കോട് ജില്ലയിലെ വലിയങ്ങാടിയിൽ കെട്ടിടത്തിൻറെ സ്ലാബ് തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട നാല് പേരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഏഴ് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കും ബഷീർ. വി, അഷറഫ്, ജബ്ബാർ വി.വി, വിനോദ്. കെ എന്നിവരുടെ ആശ്രിതർക്കാണ് ധനസഹായം നൽകുന്നത്. കൂടാതെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അബ്ദുൽ ജലീൽ കെ പി എന്ന ആളുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും.


നിപ വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ട മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്ക് ചെമ്പ്രശ്ശേരി അമ്പലപ്പറമ്പൻ അബ്ദുൾ ലത്തീഫ് ദിൽഷാദ് ദമ്പതികളുടെ മകൻ ഡാനിഷിൻറെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിക്കും

തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയിൽ മണൽ മൂടിയത് കാരണം മത്സ്യബന്ധത്തിന് പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടത്തിന് MGNREGS ( മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി) നിരക്ക് പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നഷ്ടപരിഹാരം നൽകും. 2433 മത്സ്യത്തൊഴിലാളികൾക്ക് 91 ദിവസത്തെ തൊഴിൽ നഷ്ടത്തിനാണ് നഷ്ടപരിഹാരം നൽകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നേരത്തെ അനുവദിച്ച തുകയിൽ ഫിഷറീസ് ഡയറക്ടറുടെ ടി എസ്സ് ബി അക്കൗണ്ടിൽ ശേഷിക്കുന്ന 6.6497 കോടി രൂപ കൂടാതെ 1,29,86,677 കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും നഷ്ടപരിഹാരം നൽകുന്നതിനായി അനുവദിക്കും.


അധിക തസ്തിക


വയനാട് സെൻറ് റോസെല്ലോസ് സ്പീച്ച് എച്ച്.എസ്.എസ്ൽ 2026-27 അധ്യയന വർഷം മുതൽ എച്ച്.എസ്.എസ്.ടി (ഫിസിക്സ്) എച്ച്.എസ്.എസ്.ടി (കെമിസ്ട്രി), എച്ച്.എസ്.എസ്.ടി (ഗണിതം), എച്ച്.എസ്.എസ്.ടി (കമ്പ്യൂട്ടർ സയൻസ്), എച്ച്.എസ്.എസ്.ടി ജൂനിയർ (മലയാളം) എച്ച്.എസ്.എസ്.ടി ജൂനിയർ (ഇംഗ്ലീഷ്), ലാബ് അസിസ്റ്റൻറ് എന്നിങ്ങനെ ഏഴ് തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.


തിരുവനന്തപുരം കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജുകളിൽ നാഷണൽ കമ്മീഷൺ ഫോർ ഹോമിയോപതി 2024 റഗുലേഷൻ പ്രകാരം എട്ട് അസിസ്റ്റൻറ് പ്രൊഫസർ തസ്തിക സൃഷ്ടിക്കാൻ അംഗീകാരം നൽകാൻ തുരുമാനിച്ചു.


ശമ്പള പരിഷ്കരണം


സഹകരണ വകുപ്പിന് കീഴിലുള്ള കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യുക്കേഷൻ (CAPE)ലെ അനധ്യാപക ജീവനക്കാർക്ക് 01/01/2021 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രകാരം, 11 ാം ശമ്പള പരിഷ്കരണം അനുവദിക്കാൻ തീരുമാനിച്ചു.


ടെണ്ടർ അംഗീകരിച്ചു


"Providing free left turn in Paravur Junction in NH 544 for avoiding traffic congestion- WORK- General Civil Work എന്ന പ്രവർത്തിയുമായി ബന്ധപ്പെട്ട് 14,86,14,038/ രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകാൻ തീരുമാനിച്ചു.


കേരള സർവീസ് ചട്ടങ്ങൾ പ്രകാരം സർക്കാർ ജീവനക്കാർക്ക് അനുവിദിക്കുന്ന ഹൃദയസംബന്ധമായ സർജ്ജറി, ആൻജിയോപ്ലാസ്റ്റി, അവയവം മാറ്റിവെക്കൽ, രക്തദാനം, എന്നിവയ്ക്കുള്ള സ്പെഷ്യൽ ക്യാഷ്വൽ ലീവ്, പിതൃത്വ അവധി എന്നിവ സർക്കാർ കൃഷി ഫാമുകൾ ഉൾപ്പെടെയുള്ള മറ്റ് സർക്കാർ വകുപ്പുകളുടെ കീഴിലുള്ള ഫാമുകളിൽ കൂടി ജോലിചെയ്യുന്ന സ്ഥിരം തൊഴിലാളികൾക്കും അനുവദിക്കാൻ തീരുമാനിച്ചു.


ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ പേര് നൽകും


കണ്ണൂർ സർവ്വകലാശാലയുടെ നിയമപഠന വകുപ്പായ

തലശ്ശേരി പാലയാടുള്ള സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന് 'ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് എന്ന് പേര് നൽകും.


ഭൂമി അനുവദിക്കും


കാസർകോട് ജില്ലയിലെ ബേഡടുക്ക വില്ലേജിൽ സർവ്വേ നമ്പർ 269/14 പാർട്ടിൽപ്പെട്ട ആറ് സെൻറ് ഭൂമി സെറിബ്രൽപാൾസി മൂലം 60 ശതമാനം അംഗപരിമിതനായ രതീഷിന് വീട് നിർമ്മിക്കുന്നതിനായി മാനുഷികപരിഗണന നൽകി ഒരു പ്രത്യേക കേസായി പരിഗണിച്ച് രതീഷിൻറെയും മാതാവ് കൗസല്ല്യയുടെയും പേരിൽ പതിച്ച് നൽകാൻ തീരുമാനിച്ചു.


തസ്തിക


അസാപ്പ് (ASAP) കേരളയുടെ ചെയർപേഴ്നൺ ആൻറ് മാഗനജിംഗ് ഡയറക്ടർ ആയി സേവനം അനുഷ്ടിച്ച് വരുന്ന ഡോ. ഉഷ ടൈറ്റസിൻറെ സേവന കാലാവധി 31.1.2026 മുതൽ ഒരു വർഷത്തേക്ക് പുനർനിയമാന അടിസ്ഥാനത്തിൽ നീട്ടി നൽകാൻ തീരുമാനിച്ചു.


മത്സ്യത്തൊഴിലാളി കടാശ്വസ കമ്മീഷൻറെ ചെയർപേഴ്സൺ ജസ്റ്റിസ് (റിട്ട) പി.എസ് ഗോപിനാഥൻറെ കാലാവധി കടാശ്വാസ കമ്മീഷൻറെ കാലാവധിക്ക് അനുസൃതമായി ദീർഘിപ്പിച്ച് നൽകാൻ തീരുമാനിച്ചു.


ഹോർട്ടികോർപ്പ് ഡയറക്ടർ ബോർഡ് അംഗമായും മാനേജിംഗ ഡയറക്ടറുമായുള്ള ജെ. സജീവിൻറെ സേവന കാലാവധി 24.3.2026 മുതൽ ഒരു വർഷത്തേക്ക്കൂടിയോ കേരള പബ്ലിക്ക് എൻറർ പ്രൈസസ്(സെലക്ഷൻ ആൻറ് റിക്രൂട്ട്മെൻറ്) ബോർഡ് മുഖാന്തിരം തസ്തികയിൽ നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അതുവരെ ദീർഘിപ്പിച്ച് നൽകാൻ തീരുമാനിച്ചു.


വർക്കലയിൽ അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി


വർക്കലയിൽ ഒരു അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കുന്നതിന് തത്വത്തിൽ അനുമതി നൽകി.


പട്ടയം


കൊല്ലം ജില്ലയിലെ പുനലൂർ, പത്തനാപുരം, കൊട്ടാരക്കര താലൂക്കുകളിലെയും പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലെയും കെഐപി കനാൽ പുറമ്പോക്കിലെ കൈവശക്കാർക്ക് പട്ടയം അനുവദിക്കും. ജലവിഭവ വകുപ്പ് നൽകിയ നിരാക്ഷേപ പത്രത്തിൻറെ അടിസ്ഥാനത്തിൽ റവന്യൂ രേഖകൾ പ്രകാരം വനഭൂമി അല്ലാത്ത ഭൂമി പുറമ്പോക്കിൽ നിന്നും തരിശിലേക്ക് ഇനം മാറ്റം നടത്തി, ഈ ഭൂമിയിലെ കൈവശങ്ങൾക്കാണ് ഭൂമി പതിച്ചു നൽകുന്നത്.


സെൻറർ യൂണിവേഴ്സിറ്റി ഓഫ് കേരളക്ക് തിരുവനന്തപുരത്ത് ക്യാമ്പസ് നിർമ്മാണത്തിനായി 2.83 ഹെക്ടർ ഭൂമി, ഭൂമി പതിവ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കും. തിരുവനന്തപുരം ജില്ലയിലെ അണ്ടൂർക്കോണം വില്ലേജിൽ ഒരു ആറിന് ഒരു രൂപ പാട്ട നിരക്കിലാണ് സ്ഥലം അനുവദിക്കുന്നത്.


കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡിന് (KIIFB) ഭൂമിയും കെട്ടിടവും വാങ്ങുന്നതിന് നിബന്ധനകൾക്ക് വിധേയമായി അനുമതി നൽകി. തിരുവനന്തപുരം എംജി റോഡിലെ അക്കൗണ്ടൻറ് ജനറൽ ഓഫീസിന് എതിർവശത്ത് ഇപ്പോൾ കിഫ്ബി പ്രവർത്തിക്കുന്ന കെട്ടിടത്തോട് കൂടിയ ഭൂമി വാങ്ങുന്നതിനാണ് അനുമതി. കിഫ്ബി സിഇഒയുടെ പേരിലായിക്കണം സ്ഥലം വാങ്ങേണ്ടത്, സംസ്ഥാനതല വാങ്ങൽ സമിതി ശുപാർശ അംഗീകരിച്ച ശേഷമേ സ്ഥലത്തിൻറെ വില നിശ്ചയിക്കാവൂ, വാങ്ങലിൻറെ ചെലവ് പൂർണമായും കിഫ്ബി വഹിക്കേണ്ടതാണ് തുടങ്ങിയ നിബന്ധനകളോടെയാണ് അനുമതി.


കിഫ്ബി ധനസഹായത്തോടെ ഇംപാക്ട് കേരള മുഖേന നിർവഹിക്കുന്ന ഡിബിഒ മോഡലിലുള്ള ഒറ്റപ്പാലം നഗരസഭയിലെ 1.5 എംഎൽഡി സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് നിർമ്മാണത്തിൻറെ 20,92,94,901 രൂപക്കുള്ള ടെണ്ടർ എക്സസ് അനുവദിച്ച നടപടി സാധൂകരിച്ചു.



ആയുഷ് മിഷന് കീഴിലെ ജീവനക്കാർക്ക് വേതന വർദ്ധനവ്


നാഷണൽ ആയുഷ് മിഷന് കീഴിലെ ജീവനക്കാർക്ക് വേതന വർദ്ധനവ് അനുവദിച്ചു. 2026-27ലെ സ്റ്റേറ്റ് ആനുവൽ ആക്ഷൻ പ്ലാനിൽ നിന്നു ഫണ്ട് ലഭ്യമാക്കാവുന്നതാണെന്ന നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് ഡയറക്ടറുടെ ശുപാർശയിലാണ് തീരുമാനം.


ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന് കീഴിൽ പുതിയ മിഷനുകൾ/ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് നിബന്ധനകളുടെ അംഗീകാരം നൽകി. ഡിജിറ്റൽ ടെക്നോളജി മിഷൻ, ഫ്യൂച്ചർ കോർപ്പറേഷൻ, എന്നിവ വാങ്ങാനാണ് അനുമതി.


സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ 13 യുവജന പരിശീലന കേന്ദ്രങ്ങളും 7 ഉപ കേന്ദ്രങ്ങളും ആരംഭിക്കുന്നതിന് അനുമതി നൽകി


കയർ ഉൽപ്പന്നങ്ങൾ വാങ്ങിയ വകയിൽ 26 കയറ്റുമതി സ്ഥാപനങ്ങൾ കയർ കോർപ്പറേഷന് നൽകുവാനുള്ള കുടിശികതുകയിൽ 31.03.2021 ന് മുൻപുള്ള കാലയളവിലെ കുടിശ്ശികയിേډലുള്ള പലിശ തുകയായ 4,06,51,317 രൂപയിൽ ഇളവ് അനുവദിക്കും.


സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻറെ ഉപദേശം അംഗീകരിച്ച് 1958 ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് റൂൾസ് പാർട്ട് (ഒന്ന്) ഷെഡ്യൂൾ ലിസ്റ്റ് (മൂന്ന്) മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ(OBC) പട്ടികയിലെ എൻട്രി നമ്പർ 12 ൽ Chavalakkaran സമുദായത്തിനൊപ്പം Chavalar, Chavalam, Chavala and Servai എന്നീ വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തും.


തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ വില്ലേജിലുള്ള മുതലപ്പൊഴിയിലെ ബോറോ ഏരിയയിൽ നിന്നും ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണ്ണ് നാഷണൽ ഹൈവേ 66 ൻറെ വികസനത്തിനായി എടുക്കുന്നതിനായി NHAI ക്ക് അനുമതി നൽകും. എൻഎച്ച് 66 വികസനം, മുതലപ്പൊഴിയിൽ അടിക്കടി അപകടങ്ങൾ ഉണ്ടായി മത്സ്യത്തൊഴിലാളികളുടെ ജീവൻ വരെ നഷ്ടപ്പെടുന്ന അവസ്ഥ എന്നിവ കണക്കിലെടുത്താണ് തീരുമാനം. മുതലപ്പൊഴിയിൽ അടിഞ്ഞുകൂടുന്ന എക്കൽ ഡ്രഡ്ജ് ചെയ്ത് നീക്കേണ്ടതിന് സർക്കാർ പണം ചെലവഴിക്കേണ്ടി വരില്ല എന്നതും ഈ സ്ഥലത്തെ എക്കലിൽ നാമമാത്രമായ മിനറൽ സാന്നിധ്യമേ കണ്ടെത്തിയിട്ടുള്ളൂ എന്നതും ഫില്ലിംഗ് ഉപയോഗത്തിന് അല്ലാതെ മറ്റൊന്നിനും ഇത് ഉപയോഗിക്കുന്നില്ല എന്നുമുള്ള റിപ്പോർട്ട് കൂടി പരിഗണിച്ചാണ് തീരുമാനം.


മലങ്കര അണക്കെട്ടിൻറെ അപ്സ്ട്രീം ഭാഗത്ത് കാഞ്ഞാർ ചെക്ക് ഡാമിൻറെ പ്രവർത്തിക്ക് ലഭിച്ച 8,75,83,985 കോടി രൂപയുടെ ടെണ്ടറിന് അംഗീകാരം നൽകി.


കൊല്ലം ജില്ലയിലെ ആയൂർ - ഇത്തിക്കര റോഡ്, മരുതമൺപള്ളി-അമ്പലംകുന്ന് റോഡ് എന്നിവയുടെ ബാക്കി പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനായി ടെണ്ടർ എക്സസ് തുക അനുവദിച്ചു.


മലബാർ ക്യാൻസർ സെൻറർ


മലബാർ ക്യാൻസർ സെൻററിലെ ജീവനക്കാർക്ക് എൽഐസിയുമായി ചേർന്ന് നടത്തുന്ന പെൻഷൻ പദ്ധതിയിൽ ഭേദഗതി വരുത്തന്നതിന് അംഗീകാരം നൽകി.


മാനേജിംഗ് ഡയറക്ടർ


കേരള സ്റ്റേറ്റ് മിനറൽ ഡവലപ്പ്മെൻറ് കേർപ്പറേഷൻ ലിമിറ്റഡിൻറെ (KEMDEL) മാനേജിംഗ് ഡയറക്ടറായി സുനിൽ ആർ കുറിപ്പിനെ നിയമിച്ചു.


നഷ്ടപരിഹാര പാക്കേജ്


കാസർകോട് വയനാട് 400 കെ.വി ട്രാൻസ്മിഷൻ ലൈൻ പദ്ധതിയുടെ നിർമ്മാണത്തിനായി പ്രത്യേക നഷ്ടപരിഹാര പാക്കേജിന് അംഗീകാരം നൽകി. പാക്കേജ് നടപ്പിലാക്കുന്നതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത പൂർണ്ണമായും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് വഹിക്കണം എന്ന വ്യവസ്ഥയിലാണ് അംഗീകാരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home