print edition ബിജെപിയിൽ സീറ്റുറപ്പിക്കാൻ ചരടുവലിയും തമ്മിലടിയും

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എ ക്ലാസ് സീറ്റെന്ന് ബിജെപി അവകാശപ്പെടുന്ന മണ്ഡലങ്ങൾക്കുവേണ്ടി വേണ്ടിയുള്ള നേതാക്കളുടെ തർക്കത്തിനും ചരടുവലിക്കും വേദിയായി സംസ്ഥാന കോർ ഗ്രൂപ്പ് യോഗം. വി മുരളീധരൻ, കുമ്മനം ചന്ദ്രശേഖരൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കളാണ് സീറ്റുകളിൽ കണ്ണുവച്ചിട്ടുള്ളത്. തങ്ങൾക്കൊപ്പം നിലയുറപ്പിച്ചിട്ടുള്ളവർക്കുവേണ്ടിയും യോഗത്തിൽ വാദം നടന്നു. കഴക്കൂട്ടം മണ്ഡലത്തിൽ മത്സരിക്കാനുള്ള താൽപ്പര്യം മുരളീധരൻ അറിയിച്ചു. കായംകുളത്തിനുവേണ്ടിയാണ് ശോഭാസുരേന്ദ്രൻ പിടിമുറുക്കുന്നത്. തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനാർഥിയായി മത്സരിപ്പിച്ചശേഷം സ്ഥാനം നൽകാത്തതിലുള്ള അമർഷത്തിലാണ് ശ്രീലേഖ.
ഇത് പരിഹരിക്കാൻ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കണമെന്നും അഭിപ്രായം ഉയർന്നു. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ നേമം സീറ്റിൽ മത്സരിക്കുമെന്ന് സ്വമേധയാ പ്രഖ്യാപിച്ചതും വിമർശമായി. പാർലമെന്ററി യോഗം ചേർന്ന ശേഷം കേന്ദ്രകമ്മിറ്റിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്. ബിജെപിയുടെ സംഘടനാരീതിക്ക് എതിരായാണ് രാജീവ് ചന്ദ്രശേഖർ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. തിരുവനന്തപുരം കോർപറേഷൻ മാറ്റിനിർത്തിയാൽ സംസ്ഥാനവ്യാപകമായി ബിജെപിക്ക് തദ്ദേശഫലം നിരാശയായിരുന്നെന്നും യോഗം വിലയിരുത്തി. 11ന് അമിത്ഷാ തിരുവനന്തപുരത്തെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ തലസ്ഥാനത്തെത്തിച്ച് കൂടുതൽ പ്രഖ്യാപനങ്ങൾ നടത്താനും ആലോചനയുണ്ട്.









0 comments