print edition 2 കിലോമീറ്ററിന് ബിജെപി നൽകിയത് 1.76 ലക്ഷത്തിന്റെ ബില്ല്; പൊലീസ് ക്യാമ്പിലും ടാക്സി

തിരുവനന്തപുരം: ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച ‘വിസ്‌മയം’ തീരുന്നില്ല. സംസ്ഥാന കമ്മിറ്റി ഓഫീസിൽനിന്ന് രണ്ടുകിലോമീറ്റർ മാത്രം അകലെ നന്ദാവനത്തെ പൊലീസ് ക്യാമ്പിലേക്ക് ടാക്‌സി ഓടിയതിന്റെ പേരിൽ സമർപ്പിച്ചിരിക്കുന്നത് 1.76 ലക്ഷത്തിന്റെ ബിൽ.
ക്യാമ്പിലേക്ക് 25 ഇന്നോവ ക്രിസ്‌റ്റകൾ 499 മണിക്കൂർ സഞ്ചരിച്ചതായാണ് കണക്കിലുള്ളത്. ഏപ്രിൽ മൂന്നുമുതൽ ആറുവരെ ക്യാമ്പിലേക്കുമാത്രം 2149 കിലോമീറ്റർ ടാക്‌സികൾ സഞ്ചരിച്ചത്രേ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി മുൻ അഖിലേന്ത്യാ പ്രസിഡന്റുമായ ജെ പി നദ്ദയ്‌ക്കുവേണ്ടി 75 കിലോമീറ്റർ സഞ്ചരിച്ച ടാക്‌സികൾക്ക് 56,150 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കുവേണ്ടി 424 കിലോമീറ്റർ ടാക്‌സിയോടിച്ചതിന് 13,857 രൂപമാത്രമാണ് ബിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ബിജെപി ചാനലായ ജനം ടിവിക്കുവേണ്ടി 18,095 കിലോമീറ്റർ ടാക്‌സി ഓടിച്ച വകയിൽ 3.94 ലക്ഷം രൂപ നൽകിയെന്നും രേഖയിലുണ്ട്. മറ്റുമാധ്യമങ്ങൾക്കുവേണ്ടി ‘മീഡിയ’ എന്നപേരിൽ ഉൾപ്പെടുത്തിയ ടാക്‌സി ബില്ലിൽ 391 കിലോമീറ്ററിന് 61,950 രൂപ എന്നാണ് കാണിച്ചിരിക്കുന്നത്.
സംസ്ഥാന മീഡിയ കൺവീനർ 2006 കിലോമീറ്റർ സഞ്ചരിച്ചതിന് 1.03 ലക്ഷം രൂപയുടെ ബില്ലും നൽകിയിട്ടുണ്ട്. മാർച്ച് 19 മുതൽ ഏപ്രിൽ ഒമ്പതുവരെയുള്ള ടാക്സി ബില്ലുകളിൽമാത്രം ആകെ 25ലക്ഷത്തിലേറെ രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.










0 comments