പാലക്കാട്
print edition ഡീൽ അല്ല; യുഡിഎഫിന് "കൈ' വിടുന്ന ഫീൽ

പ്രത്യേക ലേഖകൻ
Published on Mar 24, 2026, 12:01 AM | 2 min read
തിരുവനന്തപുരം: എങ്ങിനെയൊക്കെ കണക്കുകൂട്ടിയാലും പാലക്കാട് മണ്ഡലം എൽഡിഎഫിന് അനുകൂലമാകുന്നുവെന്ന് കണ്ടതോടെ ‘ ഡീൽ ’ കരച്ചിൽ ആരംഭിച്ച് യുഡിഎഫ്. 2011 മുതൽ യുഡിഎഫ് വിജയിച്ചുപോന്ന മണ്ഡലത്തിൽ കോൺഗ്രസിന് കിട്ടേണ്ട ‘ വോട്ട് വിഭജിച്ചുപോകും ’ എന്ന് പരസ്യമായി സമ്മതിക്കുന്നു. ഇതുവഴി വി ഡി സതീശനും കെ സി വേണുഗോപാലും ഫലത്തിൽ പാലക്കാട്ടെ പരാജയം പ്രഖ്യാപിച്ചു കഴിഞ്ഞു. ശക്തമായ മത്സരം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ രമേശ് പിഷാരടിയെ പോലൊരാളെ വച്ച് കോൺഗ്രസ് പരീക്ഷണത്തിന് ശ്രമിച്ചത് ആരെ സഹായിക്കാനാണ് എന്ന ചർച്ച മണ്ഡലത്തിലുടനീളം അലയടിക്കുന്നുണ്ട്. കോൺഗ്രസിന്റെ യുവ സിറ്റിങ് എംഎൽഎ പാലക്കാട് വിട്ടോടിയ സാഹചര്യം ആർക്കും മറച്ചുവയ്ക്കാനാകില്ല.
ജനങ്ങളെ അകറ്റുന്ന നഗരസഭാ ഭരണവും അതിരൂക്ഷമായ ഗ്രൂപ്പ് യുദ്ധവും മൂലം ബിജെപിയും ആകെ അങ്കലാപ്പിലാണ്. എൽഡിഎഫ് വിജയിച്ച 1996, 2006 ലെ തെരഞ്ഞടുപ്പുകളിലും ചില ആക്ഷേപങ്ങൾ യുഡിഎഫ് ആദ്യമേ ഉയർത്തിയിരുന്നു. പരാജയം മുന്നിൽ കണ്ടായിരുന്നു അത്. തദ്ദേശ തെരഞ്ഞെടുപ്പിൽ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും എൽഡിഎഫിനുണ്ടായ മുന്നേറ്റവും പാലക്കാട് മണ്ഡലത്തിലെ ചിത്രം മാറ്റുമെന്ന് യുഡിഎഫ് വൃത്തങ്ങൾ തന്നെ വിലയിരുത്തിയിട്ടുണ്ട്. 6200 വോട്ടിന്റെ വ്യത്യാസം മാത്രമാണ് യുഡിഎഫും എൽഡിഎഫും തമ്മിലുള്ളത്. ബിജെപി മൂന്നാം സ്ഥാനത്തുമാണ്.
കണ്ണാടി, മാത്തൂർ തുടങ്ങി മണ്ഡലത്തിന്റെ പലഭാഗങ്ങളിലും എൽഡിഎഫ് മുന്നേറ്റമുണ്ടാക്കി. ആർഎസ്‌എസുമായും ജമാ അത്തെ ഇസ്ലാമിയുമായും ഒളിഞ്ഞും തെളിഞ്ഞും ഒരേസമയം കച്ചവടം നടത്തുന്നവരാണ് എൽഡിഎഫിനെതിരെ ഒരാളും വിശ്വസിക്കാത്ത ‘ ഡീൽ ’ ആരോപണം കൊണ്ടുവരുന്നത്.
ഉരുക്കു കോട്ടകളിലും ഡീലോ ?
പാലക്കാട് ഡീൽ എന്ന നുണ വിശ്വസിപ്പിക്കാൻ പ്രതിപക്ഷ നേതാവ് അടക്കം പറയുന്ന ഉദാഹരണങ്ങൾ കേൾക്കുന്നതോടെ പറയുന്നതിലെ പൊള്ളത്തരം പുറത്തുചാടും. റാന്നി, കോന്നി തുടങ്ങി കുറേ മണ്ഡലങ്ങളുടെ പേര് പറഞ്ഞ് ‘ ഇവിടങ്ങളിലെല്ലാം ഡീൽ ’ എന്നാണ് തള്ള്.
2011 മുതൽ എൽഡിഎഫ് വിജയിക്കുന്ന സീറ്റാണ് റാന്നി. രാജു എബ്രഹാമിനുശേഷം കേരള കോൺഗ്രസ് എമ്മിന്റെ ഏറ്റവും ജനപ്രിയനായ എംഎൽഎ പ്രമോദ് നാരായൺ ആണ് മത്സരിക്കുന്നത്. 2019 മുതൽ എൽഡിഎഫ് വിജയിക്കുന്ന കോന്നിയിൽ ജനീഷ് കുമാർ ഭൂരിപക്ഷം വർധിപ്പിക്കുന്ന എംഎൽഎയാണ്. ഇവിടങ്ങളിലൊക്കെ ബിജെപി ക്ക് വേണ്ടി ഡീൽ ഉണ്ടാക്കി സീറ്റ് നഷ്ടപ്പെടുത്തുന്ന ‘ ഡീലിൽ ’ ആണ് എൽഡിഎഫ് എന്ന് പറയാൻ വി ഡി സതീശനല്ലാതെ മറ്റാർക്കും കഴിയില്ല.










0 comments