'ഞാൻ രാധാമണി ചേച്ചീടെ കൊച്ചുമോനല്ല'; മന്ത്രി ബിന്ദു കൃഷ്ണയെ ട്രോളി 'ബിർണാണി' താരം ശങ്കു

തിരുവനന്തപുരം: അങ്കണവാടിയിൽ ബിർണാണി വിപ്ലവത്തിന് തുടക്കമിട്ട ശങ്കു വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. മന്ത്രി ബിന്ദു കൃഷ്ണയുടെ ഒരു പരാമർശത്തിന് മറുപടി നൽകുന്ന വീഡിയോയുമായാണ് ഇത്തവണ ശങ്കു എത്തിയിരിക്കുന്നത്. കൊല്ലം ചവറയിലെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധാമണിയുടെ കൊച്ചു മോനാണ് ബിർണാണി ചോദിച്ച കുട്ടി എന്നായിരുന്നു മന്ത്രി ബിന്ദു കൃഷ്ണ മാധ്യമങ്ങോട് പറഞ്ഞത്. തെറ്റായ പരാമർശത്തെ ട്രോളിയാണ് ശങ്കുവിന്റെ വീഡിയോ.
പുതിയ മന്ത്രി ആന്റി പറഞ്ഞു ഞാൻ രാധാമണി ചേച്ചിയുടെ കൊച്ചുമോനാന്ന്. ഞാൻ രാധാമണി ചേച്ചിയുടെ ഒന്നും കൊച്ചുമോനല്ല. എന്റെ അപ്പാമ്മേടെ പേര് ഓമന. എന്റെ അമ്മാമ്മേടെ പേര് റീന തങ്കപ്പൻ (പേര് വ്യക്തമല്ല). ഇത്രേ ഉള്ളൂ കാര്യം. എന്നാണ് ശങ്കു പറഞ്ഞത്. വീഡിയോ പങ്കുവച്ചതോടെ സമൂഹമാധ്യമത്തിൽ വൻ തോതിൽ തരംഗമായി.
നേരത്തെ, അങ്കണവാടിയിലെ ഭക്ഷണത്തെക്കുറിച്ച് ശങ്കു സംസാരിക്കുന്ന വീഡിയോ വൻതോതിൽ വൈറലായതിനെ തുടർന്ന് അന്നത്തെ ആരോഗ്യ-വനിത ശിശുവികസന മന്ത്രി വീണാ ജോർജ് വിഷയത്തിൽ ഇടപെട്ടിരുന്നു. അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിർണാണിം പൊരിച്ച കോഴിയും ചോദിച്ചാണ് ശങ്കു മുമ്പ് വീഡിയോ പങ്കുവച്ചത്.
ശങ്കുവിന്റെ ആവശ്യം മുൻനിർത്തി അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്കരിക്കുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും, ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ അങ്കണവാടികളിൽ കുട്ടികൾക്ക് ബിരിയാണി വിതരണം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് കേരളത്തിലെ അങ്കണവാടികളിലും സ്കൂളുകളിലും ഭക്ഷണ മെനു പുതുക്കുകയും ചെയ്തിരുന്നു. കേരളമൊട്ടാകെ ചർച്ചയായ ഈ 'ബിരിയാണി ചലഞ്ചിന്' ശേഷമാണ് ശങ്കു ഇപ്പോൾ പുതിയ വീഡിയോയുമായി വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.









0 comments