പരിസ്ഥിതി സംരക്ഷണം വിദ്യാർഥികളിലൂടെ: സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ കലണ്ടർ പുറത്തിറക്കി

തൃശൂർ: പരിസ്ഥിതി ദിനാചരണങ്ങളെ ബോധവൽക്കരണ പരിപാടികളിൽ നിന്ന് പ്രവർത്തനാത്മക ഇടപെടലുകളിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചുള്ള പുതുമയാർന്ന കലണ്ടർ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പുറത്തിറക്കി. സ്കൂളുകൾ, കോളേജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജൈവവൈവിധ്യ മാനേജ്മെൻറ് കമ്മിറ്റികൾ (ബിഎംസികൾ), സന്നദ്ധ സംഘടനകൾ, പൊതുസമൂഹം എന്നിവയെ ഒരുപോലെ ലക്ഷ്യമിട്ട് തയ്യാറാക്കിയ കലണ്ടർ, വർഷം മുഴുവൻ പരിസ്ഥിതി–ജൈവവൈവിധ്യ സംരക്ഷണത്തിന് പ്രായോഗിക മാർഗനിർദ്ദേശങ്ങൾ നൽകുന്ന ഒന്നാണ്.
അന്തർദേശീയവും ദേശീയവുമായ പരിസ്ഥിതി–ജൈവവൈവിധ്യ ദിനങ്ങളോട് അനുബന്ധിച്ച് നടപ്പിലാക്കാൻ കഴിയുന്ന വിവിധ സംരക്ഷണ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും എളുപ്പത്തിൽ ആസൂത്രണം ചെയ്യാൻ കഴിയുന്ന രീതിയിലാണ് കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്. ഇതിലൂടെ ദിനാചരണങ്ങളെ ദീർഘകാല സംരക്ഷണ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയും.
പ്രാദേശിക ജൈവവൈവിധ്യത്തിന് പ്രത്യേക പ്രാധാന്യം നൽകുന്ന രീതിയിലാണ് ഈ വർഷത്ത കലണ്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വയനാട്, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ ജില്ലാ സ്പീഷീസുകളെ ചിത്രങ്ങളോടൊപ്പം അവയുടെ പരിസ്ഥിതി പ്രാധാന്യം, ആവാസവ്യവസ്ഥ, സംരക്ഷണ നില തുടങ്ങിയ വിവരങ്ങൾ ലഘുവായെങ്കിലും വിവരസമ്പന്നമായ രീതിയിൽ കലണ്ടറിൽ അവതരിപ്പിച്ചിട്ടുണ്ട്. ജൈവവൈവിധ്യ രേഖപ്പെടുത്തൽ, ക്യാമ്പസ് ജൈവവൈവിധ്യ സർവേകൾ, പ്രകൃതി നടപ്പുകൾ, പോസ്റ്റർ–ഫോട്ടോഗ്രാഫി പ്രദർശനങ്ങൾ, ഡിബേറ്റുകൾ, ക്വിസുകൾ, ലേഖന മത്സരങ്ങൾ, ജൈവവൈവിധ്യ ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് കലണ്ടറിൽ പ്രാധാന്യം നൽകുന്നു. ഇതിലൂടെ വിദ്യാർത്ഥികളിൽ സംരക്ഷണ ബോധവും പ്രകൃതിയോടുള്ള ഉത്തരവാദിത്വവും വളർത്തുകയാണ് ലക്ഷ്യം.
അതേസമയം, ജൈവവൈവിധ്യ മാനേജ്‌മന്റ് കമ്മിറ്റികളും സന്നദ്ധ സംഘടനകളും ഉൾപ്പെടുന്ന തലങ്ങളിൽ പൊതുജന ബോധവൽക്കരണ ക്യാമ്പയിനുകൾ, പ്രാദേശിക സ്പീഷീസ് നിരീക്ഷണം, ആവാസവ്യവസ്ഥ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, സംരക്ഷണ വർക്ക്‌ഷോപ്പുകൾ, സമൂഹ പങ്കാളിത്ത പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങളും കലണ്ടർ നിർദേശിക്കുന്നു.
പരിസ്ഥിതി ദിനങ്ങൾ വെറും ഓർമപ്പെടുത്തൽദിനങ്ങളായി മാത്രം മാറാതെ പ്രവർത്തനാത്മക ഇടപെടലുകളുടെ ദിനങ്ങളായി മാറണമെന്നും ബോധവൽക്കരണത്തിന്റെയും പ്രായോഗിക സംരക്ഷണത്തിന്റെയും ഇടയിലുള്ള വിടവ് നികത്തുകയാണ് കലണ്ടറിലൂടെ ലക്ഷ്യമിടുന്നതെന്നും കലണ്ടർ പ്രകാശനം ചെയ്തുകൊണ്ട് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ.എൻ അനിൽകുമാർ പറഞ്ഞു. കെ എസ് സി എസ് ടി ഇ മുൻ മെമ്പർ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാറിന് കലണ്ടറിന്റെ ഒരു കോപ്പി കൈമാറിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
ദിനാചരണങ്ങളെ പ്രവർത്തനാത്മക ഇടപെടലുകളുമായി ബന്ധിപ്പിക്കുന്നതോടൊപ്പം പ്രാദേശിക സ്പീഷീസുകൾക്ക് പ്രത്യേക പ്രാധാന്യം നൽകുകയും ചെയ്യുന്ന ഈ കലണ്ടർ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമൂഹ സംഘടനകളിലും ഭാവി തലമുറകൾക്കായി ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിൽ ശക്തമായ പങ്കുവഹിക്കുമെന്ന് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ പറഞ്ഞു. ഡോ. വി ഉണ്ണികൃഷ്ണൻ, ഡോ. അഖില, ഡോ. പ്രജിത്ത്, ജിജു, പ്രവീൺ, വിഷ്ണു എന്നിവർ പങ്കെടുത്തു.










0 comments