print edition അതിദാരിദ്ര്യമുക്തമാകൽ യഥാർഥ കേരളാ സ്‌റ്റോറി : ബിനോയ് വിശ്വം

വയലാർ
കേരളം രാജ്യത്ത് ആദ്യമായി അതിദാരിദ്ര്യമുക്തമാകുന്ന സംസ്ഥാനമാകുന്നതാണ് യഥാർഥ കേരളാ സ്‌റ്റോറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പുന്നപ്ര–വയലാർ വാരാചരണത്തിന് സമാപനംകുറിച്ച് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാരുകളെല്ലാം പുന്നപ്ര–വയലാറിന്റെ ആശയങ്ങൾ നടപ്പാക്കി. അതിന്റെ തുടർച്ചയാണ് പിണറായി വിജയൻ സർക്കാരും നടപ്പാക്കിയത്.
പുന്നപ്ര–വയലാർ സമരത്തിൽ മുഴങ്ങിയ സാമ്രാജ്യത്വവിരുദ്ധ മുദ്രാവാക്യങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് തെളിയുകയാണ്. സാമ്രാജ്യത്വം ഒന്നാംസ്ഥാനം നൽകുന്നത് ലാഭത്തിനാണ്. മനുഷ്യർക്ക് നൽകുന്നത് രണ്ടാംസ്ഥാനം മാത്രം. സാമ്രാജ്യത്വം ഇന്നും ലോകത്തിന്റെ നമ്പർ വൺ ശത്രുവായി തുടരുന്നു. ഇന്ത്യക്ക് മുകളിലും ധിക്കാരപരമായ പ്രസ്‌താവനകൾ തുടരുന്നു. ഇന്ത്യ ആരെ കാണണമെന്നും ആരിൽനിന്ന് എണ്ണ വാങ്ങണമെന്നുമെല്ലാം ട്രംപ് തിട്ടൂരമിറക്കുന്നു. പലസ്‌തീൻ ഇൗ ലോകത്ത് വേണ്ടെന്ന് നെതന്യഹ്യു പറയുന്നത് അമേരിക്കൻ സാമ്രാജ്യത്വം കടം നൽകിയ ധൈര്യത്തിന്റെ കരുത്തിലാണ്. പുന്നപ്രയും വയലാറുമെല്ലാം ഭൂമുഖത്ത് വേണ്ടെന്ന് പറഞ്ഞ് നാട് ചുട്ടുകരിക്കാൻ ഉത്തരവിട്ട ദിവാൻ പറഞ്ഞത് ഇനിയൊരു 100 വർഷത്തേക്ക് ചെങ്കൊടി പാറില്ലെന്നാണ്. 10 വർഷത്തിനുള്ളിൽ ചെങ്കൊടി പാറി. ചരിത്രം സൃഷ്‌ടിച്ചത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.










0 comments