ad
Deshabhimani

ശിശുക്ഷേമ സമിതിയിൽ അഞ്ച് കുട്ടികളെ ദത്ത് കൈമാറി

Shishu.jpg
വെബ് ഡെസ്ക്

Published on May 26, 2026, 08:14 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ദത്തെടുക്കൽ ശിശുപരിചരണ കേന്ദ്രങ്ങളിൽ മുലപ്പാൽ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനിത-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.


അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികളുടെ ആരോഗ്യകരമായ നിലനിൽപ്പിന് ഇത് അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു. വനിത-ശിശുവികസന വകുപ്പിന്റെ ചുമതലയേറ്റ ശേഷം സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനം സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി.


തുടക്കമെന്നോണം തിരുവനന്തപുരത്ത് സമിതി ആസ്ഥാനത്ത് നവീകരിക്കുന്ന കെട്ടിടത്തിലായിരിക്കും മുലപ്പാൽ ബാങ്ക് ആദ്യമായി ആരംഭിക്കുക. അമ്മയുടെ സ്‌നേഹവും പരിപാലനവും നഷ്‌ടപ്പെട്ട് ഈ കേന്ദ്രങ്ങളിൽ എത്തുന്ന കുരുന്നുകൾക്ക് ജീവൻ രക്ഷാ അമൃതാണ് മുലപ്പാലെന്ന് മന്ത്രി ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു.


പല കാരണങ്ങളാൽ സമിതിയുടെ സംരക്ഷണയിൽ എത്തുന്നവരിൽ ഭൂരിഭാഗവും ശിശുക്കളാണ്. ഇവർക്ക് ഫോർമുല മിൽക്കിനേക്കാൾ പ്രതിരോധ ശേഷി നൽകാൻ മുലപ്പാലിന് മാത്രമേ സാധിക്കൂ. ഇത് കുട്ടികളിലെ മരണ നിരക്ക് കുറയ്ക്കാനും അണുബാധകൾ തടയാനും സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


സമിതിയിലെത്തിയ മന്ത്രി മണിക്കൂറുകളോളം കുട്ടികളോടൊപ്പം ചെലവഴിച്ചും കേക്ക് മുറിച്ച് മധുരം നൽകിയുമാണ് മടങ്ങിയത്. ഇത്തവണത്തെ പ്ലസ് ടു പരീക്ഷയിൽ മികച്ച മാർക്കോടെ വിജയിച്ച സമിതിയിലെ അന്തേവാസികളായ ഏവിറ്റ, ഗോപിക എന്നിവർക്ക് മന്ത്രി ഉപഹാരമായി മാലകൾ സമ്മാനിച്ചു.


ചടങ്ങിൽ വെച്ച് ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ അഞ്ച് കുട്ടികളെ മന്ത്രി ഔദ്യോഗികമായി രക്ഷിതാക്കൾക്ക് കൈമാറി. കേരളത്തിൽ നിന്നുള്ള രണ്ട് കുടുംബങ്ങൾക്കും, തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് കുടുംബങ്ങൾക്കും, കർണ്ണാടകയിൽ നിന്നുള്ള ഒരു കുടുംബത്തിനുമാണ് കുട്ടികളെ ദത്ത് നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home