കുട്ടികളോടുള്ള പെരുമാറ്റം അങ്ങേയറ്റം അപലപനീയം; വി മുരളീധരൻ മാപ്പുപറയണം: വി ശിവൻകുട്ടി

തിരുവനന്തപുരം: കട്ടേല മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുരുന്നുകളോട് വി മുരളീധരൻ എംഎൽഎ കാണിച്ച അങ്ങേയറ്റം തരംതാണതും വിവേചനപരവുമായ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും ലജ്ജാവഹവുമാണെന്ന് വി ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു. സമൂഹത്തിന്റെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്നുള്ള കുട്ടികളോട് കാണിച്ച ഈ വിവേചനം ഒരുതരത്തിലും പൊറുക്കാനാവില്ല. ഈ സംഭവത്തിൽ എംഎൽഎ മാപ്പു പറയണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
പട്ടികജാതി- പട്ടികവർഗ, പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വെച്ച്, അവിടുത്തെ വിദ്യാർഥികളെ ഇത്രത്തോളം അവഹേളിക്കാൻ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി നൽകുന്നതിന് പകരം, അവരെ അപമാനിക്കുന്ന രീതിയിൽ മേശപ്പുറത്തേക്ക് മിഠായി തട്ടിയിട്ട് അത് എടുത്തു കഴിക്കാൻ ആവശ്യപ്പെട്ടത് മനുഷ്യത്വമില്ലായ്മയുടെ ഉത്തമ ഉദാഹരണമാണ്. കുട്ടികളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതും അവരുടെ മനസ്സിൽ വലിയ ആഘാതം ഉണ്ടാക്കുന്നതുമായ ഇത്തരം പ്രവൃത്തികൾ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.
ഏറ്റവും ഗൗരവകരമായ കാര്യം, ഈ സംഭവസമയത്ത് ഉദ്ഘാടകയായ മന്ത്രി അവിടെ ഉണ്ടായിരുന്നിട്ടും, ഒരു ജനപ്രതിനിധിയുടെ ഈ ധിക്കാരപരമായ നടപടിയെ തടയാനോ തിരുത്താനോ അവർ തയ്യാറായില്ല എന്നതാണ്. കുട്ടികളുടെ സംരക്ഷണത്തിനും അന്തസ്സിനും വേണ്ടി നിലകൊള്ളേണ്ട ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി, കുട്ടികൾക്ക് നേരെ ഇത്തരമൊരു അനാദരവ് കാട്ടുമ്പോൾ അത് നിശബ്ദമായി നോക്കി നിന്നത് അതീവ ഗുരുതരമായ വീഴ്ചയാണ്. കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ് അവിടെ ഇത്തരമൊരു മോശം പ്രവണതയ്ക്ക് കൂട്ടുനിന്നത് എന്നത് പ്രതിഷേധാർഹമാണെന്നും വി ശിവൻകുട്ടി പറഞ്ഞു.











0 comments