print edition ബാറിലെ ആക്രമണം; പ്രതി കെ സുധാകരന്റെ ‘തൂഫാൻ’ പോരാളി

ഷിബു, ഷിഹാബ്

സ്വന്തം ലേഖകൻ
Published on Jul 01, 2026, 12:27 AM | 1 min read
മട്ടാഞ്ചേരി : ബാറിൽ ആക്രമണം നടത്തിയതിന് മട്ടാഞ്ചേരി പൊലീസ് അറസ്‌റ്റ് ചെയ്‌ത പ്രതി, കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപി വിളിച്ച തൂഫാൻ യോഗത്തിൽ പങ്കെടുത്തയാൾ. തിങ്കളാഴ്ച മട്ടാഞ്ചേരി അലങ്കാർ ബാറിൽ ഒരാളെ മർദ്ദിച്ചവശനാക്കിയ മട്ടാഞ്ചേരി സ്വദേശി ഷിബുവാണ് അറസ്‌റ്റിലായത്. സുധാകരൻ കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിൽ ഇയാൾ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മട്ടാഞ്ചേരി സ്വദേശി ഷമീറിനാ (46)ണ് ഷിബുവിന്റെയും സുഹൃത്ത് ഷിഹാബിന്റെയും ആക്രമണത്തിൽ പരിക്കേറ്റത്. ചുറ്റികകൊണ്ടുള്ള ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഷമീര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗുണ്ട, ക്രിമിനൽ സംഘങ്ങളുടെ യോഗമാണ് കൊച്ചിയിൽ കെ സുധാകരൻ വിളിച്ചുചേർത്തത്. ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ സുധാകരൻ ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ വിവരങ്ങൾ ഇവരുമായി പങ്കിട്ടിരുന്നു. യോഗത്തിന്റെ പ്രധാന അജൻഡ ഇവരുൾപ്പെട്ട ക്രിമിനൽ കേസുകൾ ഇല്ലാതാക്കുക എന്നതായിരുന്നു. കേസുകൾ ഒതുക്കാൻ ചർച്ചയും നടന്നതായാണ് വിവരം. കേസിൽനിന്ന് രക്ഷിക്കുന്നതിനുപുറമെ, മയക്കുമരുന്നിനെതിരെ ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന തൂഫാൻ ക്യാന്പയിനിൽ പങ്കാളിയാക്കാമെന്ന നിർദേശവും അവതരിപ്പിച്ചു.
നഗരത്തിന് പുറത്ത് ഒരു ഹോട്ടലിലെ മിനി കോൺഫറൻസ് ഹാളിലായിരുന്നു യോഗം. കോൺഗ്രസുമായും വിശേഷിച്ച് കെ സുധാകരനുമായും അടുപ്പംപുലർത്തുന്നവരാണ് യോഗത്തിൽ പങ്കെടുത്തവർ. വിവിധ ജില്ലകളിൽ നൂറിലേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ ഇരുപതോളംപേരാണ് യോഗത്തിൽ പങ്കെടുത്തത്. കൊപ്ര ഹാരിസ് എന്ന മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസിലെ പ്രതി റിയാസ്, കുപ്രസിദ്ധ ഗുണ്ട പുലി നസീർ, കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്‌പ് കേസിലെ പ്രതി ബിലാൽ തുടങ്ങിയവർ പങ്കെടുത്തിരുന്നു.










0 comments