print edition ദേശീയപാതയോരത്തെ ഭൂമി ഉപയോഗ വിലക്ക്; വകുപ്പുകളുടെ ഏകോപനമില്ലായ്മ തിരിച്ചടിയാകും


സ്വന്തം ലേഖകൻ
Published on Sep 07, 2026, 01:00 AM | 1 min read
തിരുവനന്തപുരം : ദേശീയപാതയോരത്തെ ഭൂമി ഉപയോഗത്തിനുള്ള വിലക്ക് സംബന്ധിച്ച് സുപ്രീംകോടതിയിൽ നിലപാട് അറിയിക്കുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ചയുണ്ടായതിനുപിന്നിൽ വകുപ്പുകളുടെ ഏകോപനമില്ലായ്മയും അനാസ്ഥയും. കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളെയും വ്യാപാരികളെയും നേരിട്ട് ബാധിക്കുന്ന വിഷയമായിട്ടും നിലപാടെടുക്കാനോ ഇടപെടാനോ കഴിയാത്ത അവസ്ഥയിലാണ് സർക്കാർ. സുപ്രീംകോടതിയിൽ എങ്ങനെ പ്രതിരോധിക്കണമെന്നോ എപ്പോൾ അപ്പീൽ പോകണമെന്നോ സർക്കാരിന് ധാരണയില്ല. തദ്ദേശവകുപ്പ് ദേശീയപാതയോരത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുക്കാൻ ആരംഭിച്ചെങ്കിലും അത് പൊതുമരാമത്ത് വകുപ്പ് അറിഞ്ഞിട്ടില്ല.
ദേശീയപാതയോരത്തെ നിർമാണം തടഞ്ഞ് തദ്ദേശ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ തദ്ദേശവകുപ്പ് വിവാദ ഉത്തരവ് പിൻവലിച്ച് തടിയൂരുകയായിരുന്നു. എന്നാൽ, കേരളത്തിലെ ജനസാന്ദ്രതയും ഭൂമിയുടെ ലഭ്യതക്കുറവും ദേശീയപാതയോരത്തെ വ്യാപാര മേഖലയുടെ പ്രത്യേകതകളും കോടതിയിൽ അവതരിപ്പിക്കുന്നതിൽ സർക്കാർ വരുത്തിയ വീഴ്ച തിരിച്ചടിയാകും.
രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലെ റോഡപകടങ്ങളിൽ സുപ്രീംകോടതി സ്വമേധയാ എടുത്തതാണ് കേസ്. സുപ്രീംകോടതിയെ സമീപിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ ആഗസ്‌ത് 20ന് പ്രസ്‌താവിച്ചെങ്കിലും വ്യാഴാഴ്ച കോടതി വിഷയം പരിഗണിച്ചപ്പോഴും സത്യവാങ്‌മൂലം നൽകിയില്ല. സംസ്ഥാനത്ത് ദേശീയപാത 66 നിർമാണം അന്തിമഘട്ടത്തിലാണ്. ഇത് ഉൾപ്പെടെ ദേശീയപാത അതോറിറ്റിയുടെ ഒട്ടേറെ പുതിയ പദ്ധതികളെയും ഈ കോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കും.









0 comments