സ്കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങുന്നു; പ്രതിഷേധകൂട്ടായ്മയുമായി ബാലസംഘം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ സ്കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ഇന്നും നാളെയും ബാലസംഘത്തിന്റെ പ്രതിഷേധ കൂട്ടായ്മ. 'ഇരുണ്ട കാലത്ത് ഒഴിഞ്ഞ പാത്രങ്ങൾ' എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾക്ക് മുന്നിലാണ് ബാലസംഘം പ്രവർത്തകർ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചത്.
ഉച്ചഭക്ഷണ പദ്ധതിക്ക് മുടക്കം വരുന്ന രീതിയിൽ ഫണ്ട് വെട്ടിച്ചുരുക്കുന്ന നടപടിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് നീങ്ങണമെന്നാണ് പ്രധാന ആവശ്യം. ഭക്ഷണത്തിൽ വരെ വെട്ടിച്ചുരുക്കൾ നടത്തുന്ന യുഡിഎഫ് സർക്കാരിനെതിരെ ഒഴിഞ്ഞ പാത്രങ്ങളുമായാണ് ബാലസംഘം പ്രതിഷേധിച്ചത്.
ഉച്ചഭക്ഷണ ഫണ്ടിന്റെ 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് അനുവദിക്കുന്നത്. സപ്ലിമെന്ററി ന്യൂട്രീഷ്യൻ പദ്ധതിയിലെ മുഴുവൻ തുകയും സംസ്ഥാന സർക്കാരാണ് അനുവദിക്കുന്നത്. നിലവിൽ ജൂലൈയിലെ ഫണ്ട് മാത്രമാണ് പല ജില്ലകളിലും ലഭിച്ചിട്ടുള്ളത്. അതും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അക്കൗണ്ടിൽ അവശേഷിച്ച തുകയാണ് ജൂൺ, ജൂലൈ മാസങ്ങളിലെ ഫണ്ടായി വിതരണം ചെയ്തത്.
ഫണ്ട് മുൻകൂറായി ലഭിക്കാത്തതിനാൽ മിക്കയിടത്തും അധ്യാപകർ സ്വന്തം കാശ് മുടക്കി സാധനങ്ങൾ വാങ്ങേണ്ട അവസ്ഥയാണ്. വർഷങ്ങളായി ബാങ്ക് മുഖേന സ്കൂൾ അധികൃതർ നേരിട്ട് ഉച്ചഭക്ഷണ ഫണ്ട് കൈപ്പറ്റിയിരുന്ന രീതി ഉപേക്ഷിച്ച് ബിഐഎംഎസ് (ബിൽ ഇർഫർമേഷൻ ആൻഡ് മാനേജ്മെന്റ് സിസ്റ്റം) മുഖേന ട്രഷറി വഴി വിതരണം ചെയ്യുന്ന പുതിയ സംവിധാനം സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുകയാണ്.









0 comments