print edition വെയർഹൗസിങ് കോർപറേഷനിലും പിൻവാതിൽ നിയമനം

മിൽജിത് രവീന്ദ്രൻ
Published on Sep 25, 2026, 01:31 AM | 1 min read
തിരുവനന്തപുരം : കൃഷി വകുപ്പിലെ സ്‌റ്റേറ്റ് വെയർഹൗസിങ് കോർപറേഷൻ തലപ്പത്തും ചട്ടങ്ങൾ മറികടന്ന് പിൻവാതിൽ നിയമനം. കേരള അഗ്രോ മെഷീനറി കോർപറേഷനിലെ (കാംകോ) മാനേജറായിരുന്ന കണ്ണൻ എസ് വെളിയന്തറയെ വെയർഹൗസിങ് കോർപറേഷൻ എംഡിയായി നിയമിച്ചു. കാംകോയിലെ ജൂനിയർ ഉദ്യോഗസ്ഥനായ ഇയാൾക്ക് കോൺഗ്രസ് അനുകൂലിയായതിനാലാണ് നിയമനം നൽകിയത്. വ്യവസായ വകുപ്പിലെകെഎസ്‌ഐഇ, എസ്‌ഐഎഫ്‌എൽ, വനിതാ– ശിശു ക്ഷേമ വകുപ്പിലെ വനിതാ വികസന കോർപറേഷൻ എന്നിവയുടെ തലപ്പത്തും പിൻവാതിൽ നിയമനം നടത്തിയിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളിൽ എംഡിമാരെ നിയമിക്കുമ്പോൾ അതത് സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ പ്രാവീണ്യവും യോഗ്യതയുമുള്ളവരെ നിയമിക്കണമെന്ന് നിയമസഭാ സമിതി നിർദേശമുണ്ട്. വെയർഹൗസിങ് കോർപറേഷന്റെ എംഡി സ്ഥാനത്തേയ്‌ക്ക് യോഗ്യരെ മാത്രമേ നിയമിക്കാവൂ എന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് കോർപറേഷന്റെ എംഡിയായിരുന്ന ആൾക്ക് സ്ഥാനം നഷ്ടമായിരുന്നു. എന്നാൽ നിയമസഭാ സമിതിയുടെ ശുപാർശയും ഹൈക്കോടതി നിർദേശവും മറികടന്നാണ് ഇപ്പോൾ പിൻവാതിൽ നിയമനം.
വ്യവസായ വകുപ്പിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ പിഎസ്‌സി ഒഴിച്ചുള്ള നിയമനങ്ങൾക്കായി എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിച്ചിരുന്നു. ബോർഡ് വഴി മറ്റു വകുപ്പുകളുടെ സ്ഥാപനങ്ങളിലും നിയമനം നടത്തിയിരുന്നു. വെയർഹൗസിങ് കോർപറേഷിലെ എംഡിയെയും ഇതനുസരിച്ച് നിയമിക്കാൻ തീരുമാനിച്ചിരുന്നു. ബോർഡ് വിജ്ഞാപനം ഇറക്കി അഭിമുഖവും നടത്തി. എന്നാൽ, യോഗ്യതയോ മാനദണ്ഡമോ പരിഗണിക്കാതെ യുഡിഎഫ് സർക്കാർ നേരിട്ട് നിയമനം നടത്തുകയായിരുന്നു.






0 comments